ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിന പരമ്പര ഇന്നു മുതൽ
text_fieldsപോർട് ഓഫ് സ്പെയിൻ: മൂന്ന് ഏകദിനങ്ങളും അഞ്ചു ട്വന്റി20കളും ഉൾപ്പെട്ട ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കമാവും. ഏകദിനത്തോടെയാണ് പര്യടനം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ പരമ്പര വിജയങ്ങളുടെ ചൂടാറുംമുമ്പേയാണ് ഇന്ത്യൻ സംഘത്തിന് മറ്റൊരു വിദേശ മണ്ണിൽ പോരാട്ടം. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്ന് ടീം നേരെ വെസ്റ്റിൻഡീസിലേക്കു തിരിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പം ചേർന്നു. പല പ്രധാന താരങ്ങളുമില്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഏകദിനത്തിൽ ടീമിനെ നയിക്കുന്നത് ശിഖർ ധവാനാണ്. സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ ട്വന്റി20യിൽ തിരിച്ചെത്തും. ഫോമിലെത്താനാകാതെ ഉഴറുന്ന സൂപ്പർ താരം വിരാട് കോഹ്ലി പര്യടനത്തിനില്ല. ഇരുവർക്കും പുറമേ ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവർക്കും വിശ്രമമനുവദിച്ചു.
പോർട് ഓഫ് സ്പെയിനിൽ മഴ പെയ്യുന്നതിനാൽ വ്യാഴാഴ്ച ഇൻഡോർ നെറ്റ്സിലായിരുന്നു പ്രാക്ടിസ്. ട്വന്റി20 ടീമിലില്ലാത്ത സഞ്ജു ഏകദിനത്തിൽ അവസരം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ വിൻഡീസിനോട് അവസാനമായി ഏറ്റുമുട്ടിയത്. അന്ന് എല്ലാ കളികളിലും ഇന്ത്യൻ ടീം എതിരാളികളെ നിഷ്പ്രഭരാക്കി. വിൻഡീസിന് കണക്കു ചോദിക്കാനുള്ള അവസരമാണെങ്കിലും നിക്കോളാസ് പുരാൻ നയിക്കുന്ന സംഘത്തിന് അതിന് സാധിക്കുമോയെന്ന് കണ്ടറിയണം.
ടീം ഇവരിൽനിന്ന്
ഇന്ത്യ- ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശാർദുൽ ഠാകുർ, യുസ്വേന്ദ്ര ചാഹൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്.
വെസ്റ്റിൻഡീസ്- നിക്കോളാസ് പുരാൻ (ക്യാപ്റ്റൻ), ബ്രൂക്സ്, ബ്രാൻഡൻ കിങ്, റോവ്മാൻ പവൽ, കീസി കാർട്ടി, കൈൽ മേയേഴ്സ്, ജേസൺ ഹോൾഡർ, ഗുഡകേഷ് മോട്ടി, കീമോ പോൾ, ഷായ് ഹോപ്, ഹൊസൈൻ, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്.
രാഹുലിന് കോവിഡ്
മുംബൈ: ട്വന്റി20 പരമ്പരക്കായി തിരിക്കാനിരിക്കെ ഇന്ത്യൻ ബാറ്ററും വൈസ് ക്യാപ്റ്റനുമായ കെ.എൽ. രാഹുലിന് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 29നാണ് ആദ്യ ട്വന്റി20. രാഹുലിന് കളിക്കാൻ കഴിയുന്ന കാര്യം സംശയത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.