കാൻഡിഡേറ്റ്സ് ചെസ് കിരീടത്തിനരികെ ഇന്ത്യയുടെ കൗമാരക്കാരൻ ഗുകേഷ്
text_fieldsടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവിനെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രത്തിനരികെ ഇന്ത്യയുടെ കൗമാരക്കാരൻ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഒരു റൗണ്ട് മാത്രം ബാക്കി നിൽക്കെ ജയത്തോടെ 8.5 പോയന്റുമായി ഒറ്റക്ക് മുന്നിൽക്കയറിയിരിക്കുകയാണ് 17 വയസ്സുകാരനായ തമിഴ്നാട് സ്വദേശി. നിലവിലെ റണ്ണറപ്പ് ഇയാൻ നെപോംനിയാഷി, അമേരിക്കൻ താരങ്ങളായ ഹികാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവർ എട്ട് പോയന്റ് നേടി തൊട്ടുപിന്നിലുണ്ട്. ഞായറാഴ്ച ഇന്ത്യൻ സമയം വെളുപ്പിന് നടക്കുന്ന 14ാമത്തെയും അവസാനത്തെയും റൗണ്ട് മത്സരങ്ങൾ വിജയിയെ തീരുമാനിക്കും. ഒന്നിലധികം താരങ്ങൾക്ക് തുല്യ പോയന്റ് വന്നാൽ തിങ്കളാഴ്ച ടൈബ്രേക്കർ നടക്കും.
വിജയത്തോടെ മുന്നിൽക്കയറി
ഗുകേഷും നെപോംനിയാഷിയും നകാമുറയും 7.5 പോയന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ശനിയാഴ്ച 13ാം റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറെസ ഫിറൂസയെ 63 നീക്കങ്ങൾക്കൊടുവിൽ തോൽപിച്ച് 8.5 പോയന്റിലേക്ക് മുന്നേറി. നെപോയും നകാമുറയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലുമായി. ഇതോടെ എട്ട് പോയന്റിൽ നിന്ന് രണ്ടുപേരും. മറുതലക്കൽ, ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദയെ തോൽപിച്ച കരുവാനക്കും എട്ട് പോയന്റായി. പ്രഗ്നാനന്ദക്ക് ആറ് പോയന്റ് മാത്രമാണുള്ളത്. മറ്റൊരു ഇന്ത്യൻ താരം വിദിത് ഗുജറാത്തി അസർബൈജാന്റെ നിജാത് അബാസോവുമായി സമനിലയിൽ പിരിഞ്ഞു. വിദിതിന് 5.5 പോയന്റേയുള്ളൂ.
നകാമുറയെ തോൽപിച്ചാൽ ചാമ്പ്യൻ
14ാം റൗണ്ടിൽ ലോക നാലാം നമ്പർ താരമായ നകാമുറയാണ് ഗുകേഷിന്റെ എതിരാളി. ജയിച്ചാൽ സംശയമേതുമില്ലാതെ 9.5 പോയന്റുമായി ഗുകേഷിന് ലോക ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടാനൊരുങ്ങാം. സമനിലയോ തോൽവിയോ ആണെങ്കിൽ മറ്റു ഫലങ്ങൾകൂടി നോക്കേണ്ടിവരും. അങ്ങനെയൊരു സാഹചര്യത്തിൽ കരുവാന-നെപോംനിയാഷി പോരാട്ടത്തിന്റെ ഫലമാണ് നിർണായകമാവുക. ഗുകേഷ്-നകാമുറ, കരുവാന-നെപോംനിയാഷി മത്സരങ്ങൾ സമനിലയിലായാൽ ഇന്ത്യൻ താരം ഒമ്പത് പോയന്റോടെ ചാമ്പ്യനാവും. ഗുകേഷിനെ നകാമുറ തളക്കുകയും കരുവാനയോ നെപോംനിയാഷിയോ ജയിക്കുകയും ചെയ്താൽ ടൈബ്രേക്കർ തീരുമാനിക്കും. ഗുകേഷ് തോൽക്കുകയും കരുവാന, നെപോംനിയാഷി എന്നിവരിലൊരാൾ ജയിക്കുകയും ചെയ്താൽ നകാമുറയടക്കം വിജയികളാവുന്ന രണ്ടുപേർക്കും (9) ഒരേ പോയന്റാവും. ഈ സാഹചര്യത്തിൽ ഗുകേഷിന് (8.5) ടൈബ്രേക്കറിന് കാത്തുനിൽക്കാതെ മടങ്ങാം. മറ്റു മത്സരങ്ങളിൽ പ്രഗ്നാനന്ദയെ അബാസോവും വിദിതിനെ ഫിറൂസയും നേരിടും.
ജയം തുടർന്ന് വൈശാലി
വനിതകളിൽ ഇന്ത്യയുടെ ആർ. വൈശാലിക്ക് തുടർച്ചയായ നാലാം ജയം. ചൈനയുടെ ടിങ്ജീ ലെയിയെ തോൽപിച്ച് 6.5 പോയന്റുമായി മൂന്നാം സ്ഥാനത്താണ് വൈശാലി. യുക്രെയ്നിന്റെ അന്ന മുസീചുകുമായ സമനിലയിൽ പിരിഞ്ഞ മറ്റൊരു ഇന്ത്യൻ താരം കൊനേരും ഹംപിക്കും 6.5 പോയന്റുണ്ട്. എട്ടര പോയന്റുമായി ചൈനയുടെ യോങ് യീ ടാൻ ഏകപക്ഷീയമായ ലീഡ് തുടരുകയാണ്. അവസാന റൗണ്ടിൽ ടാനിന് ഒരു സമനിലപോലും ധാരാളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.