വനിതാ ലീഗിന് ഇന്ന് തുടക്കം
text_fieldsകോഴിക്കോട്: ഇന്ത്യൻ വനിതാ ഫുട്ബാൾ ലീഗിന്റെ (ഐ.ഡബ്ല്യു.എൽ) എട്ടാം പതിപ്പിന് രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളിൽ ഇന്ന് തുടക്കമാകും. മുൻ ജേതാക്കളും ആതിഥേയരുമായ ഗോകുലം കേരള എഫ്.സി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നിലവിലെ ജേതാക്കളായ ഒഡിഷ എഫ്.സിയെ നേരിടും. വൈകീട്ട് 3.30നാണ് കിക്ക് ഓഫ്. 2.30ന് ഈസ്റ്റ് ബംഗാൾ സ്വന്തം മൈതാനത്ത് കർണാടകയിൽ നിന്നുള്ള ക്വിക് സ്റ്റാർട്ട് എഫ്.സിയുമായി ഏറ്റുമുട്ടും.
ഇത്തവണ എട്ട് ടീമുകളാണ് ലീഗിൽ മത്സരിക്കുന്നത്. മൂന്നുമാസം നീളുന്ന ലീഗിൽ എട്ട് വേദികളിലായി 56 മത്സരങ്ങൾ നടക്കും. ssen ആപ്പിൽ മത്സരങ്ങൾ തത്സമയം കാണാം. അവസാന സീസണിൽ ഒരു പോയന്റ് വ്യത്യാസത്തിൽ കിരീടം നഷ്ടമായ ഗോകുലം വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2019-
20, 21-22, 22-23 സീസണുകളിൽ ഗോകുലം കിരീടം ചൂടിയിരുന്നു. കഴിഞ്ഞ സീസണിൽ തുടക്കത്തിലുണ്ടായ ചില പരാജയങ്ങളാണ് അവസാനം ഒരു പോയന്റിന്റെ കുറവ് വരുത്തിയത്. പുതിയ പരിശീലകൻ രഞ്ജൻ ചൗധരിയുടെ കീഴിലാണ് ടീം. യുവതാരനിരയാൽ സമ്പന്നമാണ് മലബാറിയൻസ്. കഴിഞ്ഞ സീസണിൽ ടൂർണമെന്റിലെ ടോപ് സ്കോററായ യുഗാണ്ട താരം ഫസീല തന്നെയാണ് കുന്തമുന. കഴിഞ്ഞ സീസണിന്റെ ഇടക്ക് ഫസീല ടീമിലെത്തി. 13 ഗോളുകളാണ് ഫസീല അടിച്ചുകൂട്ടിയത്. അവസാന ഏഴ് മത്സരങ്ങളിലും ജയം നേടാനായത് ഫസീലയുടെ മികവിലായിരുന്നു.
പ്രതിരോധത്തിൽ കെനിയൻ താരം ഒവിറ്റിയുടെ പ്രകടനം മലബാറിയൻസിന് പ്രതീക്ഷ നൽകുന്നതാണ്. മധ്യനിരയിൽ ഇന്ത്യൻ താരങ്ങളായ ഷിൽക്കി ദേവി, രത്തൻ ബാല ദേവി എന്നിവരും തിളങ്ങിയാൽ എളുപ്പം മുന്നേറാം. മാർട്ടി തോക്ചോം ആണ് മറ്റൊരു ഇന്റർനാഷനൽ താരം.
ഹോം മത്സരത്തിൽനിന്ന് ആദ്യ മൂന്ന് പോയന്റ് നേടുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്ന് രഞ്ജൻ ചൗധരി പറഞ്ഞു. എതിരാളികൾ ശക്തരാണെങ്കിലും മികച്ച ഗെയിം പ്ലാനോടെയാണ് ടീം കളത്തിലിറങ്ങുന്നത്. ഒരുമാസമായി മികച്ച പരിശീലനം നടത്തിയിട്ടുണ്ട്. ജയിക്കാൻതന്നെ പുറപ്പെട്ടതാണെന്നും പരിശീലകൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണ്.
2022ലാണ് ഒഡിഷ എഫ്.സിയുടെ ടീം വനിത ലീഗിൽ മത്സരിക്കാൻ തുടങ്ങിയത്. ക്രിസ്പിൻ ഛേത്രി തന്നെയാണ് ഇത്തവണയും പരിശീലിപ്പിക്കുന്നത്. തയാറെടുപ്പുകൾ നേരത്തേ തുടങ്ങിയിട്ടുണ്ട്. എ.എഫ്.സി വിമൻസ് ചാമ്പ്യൻസ് ലീഗിൽ പ്രാഥമിക മത്സരങ്ങൾ പിന്നിട്ട ടീം ഗ്രൂപ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ സീസണിലുണ്ടായിരുന്ന പരിചയ സമ്പന്നരായ പല താരങ്ങളും ക്ലബ് വിട്ടത് തിരിച്ചടിയാകുമെന്ന പേടി മാനേജ്മെന്റിനുണ്ട്. സ്റ്റാർ ഗോൾകീപ്പർ ശ്രേയ ഹൂഡയടക്കമുള്ള താരങ്ങൾ ടീമിലുണ്ട്. മുന്നേറ്റത്തിൽ വിദേശതാരങ്ങളിലാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.