‘വിനേഷ് ഫോഗട്ട് മരിച്ചുപോകുമെന്ന് പേടിച്ചു’; ഭാരം കുറക്കാൻ താരം നടത്തിയ കഠിനശ്രമം തുറന്ന് പറഞ്ഞ് പരിശീലകന്‍റെ പോസ്റ്റ്; പിന്നാലെ പിൻവലിച്ചു
text_fieldsന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ എത്തിയശേഷമാണ് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെടുന്നത്. ഇന്ത്യൻ കായിക ലോകത്തെ തന്നെ സംഭവം ഏറെ വേദനിപ്പിച്ചു.
ഫൈനൽ പോരിന് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് താരം അയോഗ്യയാക്കപ്പെടുന്നത്. ഒളിമ്പിക് കമ്മിറ്റി നടപടിയെ ചോദ്യം ചെയ്തും വെള്ളി മെഡൽ പങ്കിടാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് താരം അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. താരത്തിന്‍റെ അപ്പീൽ തള്ളി. ഫൈനൽ പോരാട്ടത്തിന്‍റെ തലേന്ന് വിനേഷ് ഭാരം കുറക്കാൻ കഠിനശ്രമങ്ങൾ നടത്തിയിരുന്നു. ഇനിയും ഭാരം കുറക്കാൻ ശ്രമിച്ചാൽ താരത്തിന്‍റെ ജീവൻ തന്നെ നഷ്ടമായേക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് പരിശീലകൻ വോളർ അകോസ് വെളിപ്പെടുത്തുന്നു.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പരിശീലകൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹംഗേറിയൻ ഭാഷയിലെ എഫ്.ബി കുറിപ്പ് തൊട്ടുപിന്നാലെ അദ്ദേഹം തന്നെ പിൻവലിക്കുകയും ചെയ്തു. ഇതിന്‍റെ കാരണം വ്യക്തമല്ല. ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് പരാജയപ്പെട്ടതിനു പരിശീലകൻ ഉൾപ്പെടെയുള്ളവരെയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കുറ്റപ്പെടുത്തിയത്.
തുടർച്ചയായി മൂന്നു മത്സരങ്ങൾ ജയിച്ച് ഫൈനലിൽ കടന്നതിനു പിന്നാലെ നടത്തിയ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം കൂടുതലായിരുന്നു. മത്സരത്തലേന്ന് രാത്രി താരം ഭാരം കുറക്കാനായി കഠിനമായി അധ്വാനിച്ചിരുന്നു. എന്നാൽ, ഭാരപരിശോധനയിൽ 100 ഗ്രാം കൂടിയതോടെയാണ് താരത്തെ അയോഗ്യയാക്കിയത്.
‘സെമി ഫൈനൽ മത്സരത്തിനുശേഷം പരിശോധിച്ചപ്പോൾ വിനേഷ് ഫോഗട്ടിന് 2.700 കിലോഗ്രാം ഭാരം അധികമായിരുന്നു. തുടർന്ന് 1.20 മണിക്കൂർ കഠിനമായി വ്യായാമം ചെയ്തെങ്കിലും പിന്നെയും ഒന്നരക്കിലോ ഭാരം കൂടുതലായിരുന്നു. 50 മിനിറ്റോളം സോന ബാത്ത് നടത്തിയെങ്കിലും വിനേഷിന്‍റെ ശരീരത്തിൽനിന്ന് ഒരു തുള്ളി വിയർപ്പു പോലും പൊടിഞ്ഞില്ല. അർധരാത്രി മുതൽ പുലർച്ചെ 5.30 വരെ വിനേഷ് വിവിധ കാർഡിയോ മെഷീനുകളിൽ കഠിനമായി വ്യായാമം ചെയ്തും ഗുസ്തിയിലെ നീക്കങ്ങൾ പരിശീലിച്ചും ശ്രമിച്ചുനോക്കി. 2–3 മിനിറ്റ് മാത്രം വിശ്രമം, പിന്നെയും കഠിന പരിശ്രമം തുടർന്നു. ഇതിനിടെ അവൾ തളർന്നുവീണു. ഒരുവിധത്തിലാണ് ഞങ്ങൾ അവളെ എഴുന്നേൽപ്പിച്ചത്. പിന്നീട് ഒരു മണിക്കൂർ സോന ബാത്ത് നടത്തി. സംഭവങ്ങളെ നാടകീയമാക്കാൻ വേണ്ടിയല്ല എഴുതുന്നത്. ഇങ്ങനെ പോയാൽ അവൾ മരിച്ചുപോകുമെന്ന് ഞാൻ പേടിച്ചു’ -പരിശീലകൻ വോളർ അകോസ് കുറിപ്പിൽ പറയുന്നു.
ഭാരം കുറക്കാനുള്ള ശ്രമത്തിനിടെ ബോധരഹിതയായി വീണ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അവരുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്. ‘എന്നെയോർത്ത് താങ്കൾ വിഷമിക്കരുതെന്ന് വിനേഷ് പറഞ്ഞു. ഈ കഠിനാധ്വാനം മൂലം എന്തു ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും, പിടിച്ചുനിൽക്കാൻ കൂടുതൽ ഊർജം വേണമെന്നു തോന്നുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരത്തെയാണ് (ജപ്പാൻ താരം യുയ് സുസാകി) തോൽപ്പിച്ചതെന്ന കാര്യം ഓർക്കണമെന്ന് താങ്കൾ പറഞ്ഞത് എന്‍റെ മനസ്സിലുണ്ട്. ആ ലക്ഷ്യം ഞാൻ നേടിക്കഴിഞ്ഞു. നമുക്ക് ലക്ഷ്യം നേടാനാകുമെന്ന് തെളിയിച്ചുകഴിഞ്ഞു. മെഡലും പോഡിയവുമെല്ലാം വെറും വസ്തുക്കൾ മാത്രമാണ്. നമ്മുടെ പ്രകടനം ആർക്കും അവഗണിക്കാനാകില്ല’ -പരിശീലകൻ കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.