ഗുകേഷിന് ചരിത്രജയം; കാൻഡിഡേറ്റ്സ് ചെസ്സിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം
text_fieldsടോറന്റോ: ചതുരംഗ വിശ്വകിരീടപ്പോരിന് യോഗ്യനെ തീരുമാനിക്കുന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമായിരുന്നു ഇക്കുറി ഇന്ത്യയുടെത്. ഓപൺ വിഭാഗത്തിൽ മത്സരിച്ച എട്ടിൽ മൂന്ന് പേരും ഇന്ത്യൻ താരങ്ങൾ. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ നേരിടുന്നതാരെന്ന് തീരുമാനിക്കാൻ നടന്ന പോരാട്ടങ്ങളിൽ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടത് ആർ. പ്രഗ്നാനന്ദക്കായിരുന്നു.
കഴിഞ്ഞ ലോകകപ്പിൽ നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസണിനോട് ടൈബ്രൈക്കറിലാണ് പ്രഗ്നാനന്ദ പരാജയം സമ്മതിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ലിറനോട് ഏറ്റുമുട്ടതും പ്രഗ്നാനന്ദയാവുമെന്ന് കരുതിയവർക്ക് തെറ്റി. പ്രഗ്നാനന്ദയുടെ ജന്മനാടായ ചെന്നൈയിൽനിന്ന് തന്നെയുള്ള ദൊമ്മരാജു ഗുകേഷ് കാൻഡിഡേറ്റ്സ് കിരീടം നേടിയപ്പോൾ മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. ഈ ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 17കാരൻ. 1983-84ൽ റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ് 20 വയസ്സിൽ സ്ഥാപിച്ച റെക്കോഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്.
14 റൗണ്ടുകളടങ്ങിയ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഗുകേഷ് നേടിയത് ഒമ്പത് പോയന്റ്. അവസാന റൗണ്ടിൽ യു.എസിന്റെ ഹികാരു നമാകുറക്കെതിരായ സമനിലയും കിരീട പ്രതീക്ഷയോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇയാൻ നെപോംനിയഷിയെ ഫാബിയോ കരുവാന തളച്ചതുമാണ് ഇന്ത്യൻ കൗമാരതാരത്തിന് തുണയായത്. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങുമ്പോൾ ഗുകേഷിന് 12 വയസ്സും ഏഴു മാസവും 17 ദിവസവുമായിരുന്നു പ്രായം.
ചെന്നൈ സ്വദേശി ഇ.എൻ.ടി സർജൻ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റ് പത്മയുടെയും മകനാണ്. സ്കൂളിലെ ചെസ് പരിശീലകനായ ഭാസ്കർ കുഞ്ഞു ഗുകേഷിലെ കളി മികവ് കണ്ടെത്തി. ഏഴാം വയസ്സിൽ കരുനീക്കം തുടങ്ങി. ആറാം മാസത്തിൽതന്നെ ഫിഡേ റേറ്റിങ്ങുള്ള താരമായി വളർന്നു. വിശ്വനാഥൻ ആനന്ദിനുശേഷം ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായിരിക്കുന്നു.
കിരീടത്തിലേക്ക് പ്രചോദനമായത് ഏഴാം റൗണ്ടിലെ തോൽവി
ന്യൂഡൽഹി: ഏഴാം റൗണ്ടിൽ ഫിറോസ അലിറെസയോട് ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിയാണ് കിരീടത്തിലെത്താനുള്ള ഊർജം സമ്മാനിച്ചതെന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. അത് വലിയ പ്രചോദനമാണ് നൽകിയതെന്നും താരം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘തുടക്കം മുതൽ മികച്ചതായിരുന്നു.
എന്നാൽ, അലിറെസക്കെതിരായ ഏഴാം റൗണ്ട് പരാജയത്തോടെ ഞാൻ തീർത്തും വിഷമത്തിലായി. വേദനാജനകമായ തോൽവിയായിരുന്നു അത്. അടുത്ത ദിവസം വിശ്രമമായിരുന്നു. പിന്നെ കാര്യങ്ങൾ നല്ല രീതിയിലായി. ആ തോൽവിയാണ് എനിക്ക് ഊർജവും പ്രചോദനവുമായത്’-ഗുകേഷ് തുടർന്നു. ടൈബ്രേക്കറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതിനായി തയാറെടുക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ലോക ചാമ്പ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം. വിശ്വനാഥൻ ആനന്ദ് അഭിനന്ദന സന്ദേശയമച്ചു. മാതാപിതാക്കളോടും സംസാരിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും ഗുകേഷ് കൂട്ടിച്ചേർത്തു.
വനിതകളിൽ ടാൻതന്നെ; ഹംപി രണ്ടാം സ്ഥാനത്ത്
ടോറന്റോ: കാൻഡിഡേറ്റ്സ് വനിത വിഭാഗത്തിലും ഇന്ത്യയുടെ ഉജ്ജ്വല പ്രകടനം. കൊനേരു ഹംപി രണ്ടാം സ്ഥാനത്തും ആർ. വൈശാലി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. പ്രതീക്ഷിച്ച പോലെ ചൈനയുടെ ടാൻ യോങ് യീ കിരീടം നേടി. ഇവർക്ക് ഒമ്പത് പോയന്റാണുള്ളത്. ഹംപിക്കും വൈശാലിക്കും ചൈനയുടെ ലെയ് ടിംഗ്ജിക്കും ഏഴര പോയന്റ് വീതം ലഭിച്ചു. സൂപ്പർ ടൈ ബ്രേക്കറിലാണ് ഹംപി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. അവസാന റൗണ്ടിൽ ഹംപിയോട് ലെയ് ടിംഗ്ജി തോറ്റു. കാതറിന ലാഗ്നോക്കെതിരെ വൈശാലിയും ജയം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.