ഐ.ഒ.എക്ക് സഹായം നിർത്തി അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ (ഐ.ഒ.എ) പ്രസിഡന്റ് പി.ടി. ഉഷയും സഹഭാരവാഹികളുമായി തമ്മിലടി രൂക്ഷമാകുമ്പോൾ ധനസഹായം നിർത്തലാക്കി അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിൽ (ഐ.ഒ.സി). അത്‍ലറ്റുകൾക്കുള്ള ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റ് ആണ് ഇനി അറിയിപ്പുണ്ടാകുന്നത് വരെ നിർത്തിവെക്കാൻ തീരുമാനിച്ചത്.
താരങ്ങൾക്കുള്ള ഒളിമ്പിക്സ് സ്കോളർഷിപ് തുടരുമെന്ന് ഐ.ഒ.സി ഒളിമ്പിക് സോളിഡാരിറ്റി ഡയറക്ടർ ജയിംസ് മക്‍ലിയോഡ്, പി.ടി. ഉഷക്കും എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾക്കുമുള്ള കത്തിൽ അറിയിച്ചു. ഈ മാസം എട്ടിന് ചേർന്ന ഐ.ഒ.സി എക്സിക്യൂട്ടിവ് യോഗമാണ് മുന്നറിയിപ്പെന്ന നിലയിൽ നിർണായക തീരുമാനമെടുത്തത്. വർഷംതോറും 8.5 കോടി രൂപയാണ് ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റ്. ഐ.ഒ.എയിലെ ആഭ്യന്തര തർക്കങ്ങളും ആരോപണങ്ങളും എക്‌സിക്യൂട്ടിവ് കൗൺസിലിൽ ചർച്ച ചെയ്തതായി കത്തിൽ പറയുന്നു. ഇത്തരം സാഹചര്യം അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണെന്നും വ്യക്തത ആവശ്യമാണെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പറയുന്നു. അതിനാൽ ഒളിമ്പിക് സോളിഡാരിറ്റി ധനസഹായം ഐ.ഒ.എക്ക് നൽകില്ല.
ഒളിമ്പിക് ഗെയിംസിൽനിന്നുള്ള സംപ്രേക്ഷണാവകാശത്തിന്റെ വിഹിതമാണ് സോളിഡാരിറ്റി ഫണ്ടായി നൽകുന്നത്. ഐ.ഒ.എയിലെ നിർഭാഗ്യകരമായ സാഹചര്യവുമായി ബന്ധപ്പെട്ട് ഭാരവാഹികൾ കത്തയച്ചിട്ടുണ്ടെന്ന് ജയിംസ് മക്‍ലിയോഡ് പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുന്നതിനും കൂട്ടായി ക്രിയാത്മകമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഐ.ഒ.എയെ സഹായിക്കാൻ തീവ്ര ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. എല്ലാ പ്രശ്‌നങ്ങളും ഭരണഘടനക്കും ഒളിമ്പിക് ചാർട്ടറിനും അനുസരിച്ച് പരിഹരിക്കുന്നതിന് വേഗത്തിലും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കാൻ ഐ.ഒ.സി അഭ്യർഥിച്ചു. അതേസമയം, ട്രഷറർ സഹദേവ് യാദവ് വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാലാണ് ഐ.ഒ.സിയുടെ നടപടിയുണ്ടായതെന്ന് ഐ.ഒ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. പി.ടി. ഉഷയുടെ എതിർചേരിയിലുള്ള ഭാരവാഹിയാണ് സഹദേവ് യാദവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.