മെഡൽ തിളക്കത്തിൽ 'പവറോടെ' ഈ കുടുംബം
text_fieldsആലപ്പുഴ: പാതിരപ്പള്ളി കാട്ടുങ്കൽ വെളിയിൽ അന്തർദേശീയ പവർലിഫ്റ്റിങ് താരം വി.എൻ. രാജുവിനും ഭാര്യ എ.ബി. മഞ്ജുവിനും പവർലിഫ്റ്റിങ് കുടുംബ കാര്യമാണ്. 12 വർഷമായി വലിയ കലവൂരിൽ ശ്രീകൃഷ്ണ ജിം പരിശീലന കേന്ദ്രം നടത്തുന്ന ദമ്പതികളുടെ ശിഷണത്തിൽ ഏഷ്യൻ പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം ഉൾപ്പെടെയുള്ള മെഡലുകൾ നേടി വിദ്യാർഥികൾ നാടിെൻറ അഭിമാനമുയർത്തി.
ഇവരുടെ നേട്ടങ്ങൾക്ക് പിന്നാലെ മകൾക്കും ശിഷ്യർക്കും സ്വർണനേട്ടം കൈവരിച്ചതിെൻറ സന്തോഷത്തിലാണിപ്പോൾ. തുർക്കിയിലെ ഇസ്താൻബുളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് മാരാരിക്കുളം സ്വദേശികളായ വിദ്യാർഥികൾ നേട്ടം കൈവരിച്ചത്. 1986-87 കാലഘട്ടം മുതൽ പവർ ലിഫ്റ്റിങ് രംഗത്ത് സജീവമായി തുടരുന്നു രാജു. 1992 ൽ ഹോളണ്ടിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കി. 1991-92 ൽ ജി.വി.രാജ പുരസ്ക്കാരം നേടി. ദേശീയ തലത്തിൽ തുടർച്ചയായി സ്വർണമെഡൽ നേടി 52 കിലോ വിഭാഗത്തിൽ റെക്കോഡ് ഉടമ കൂടിയാണ്. 1994-95 ൽ പ്രഥമ രാജീവ് ഗാന്ധി അവാർഡിന് ഉടമയായി. കേരള ഗവ. പ്രസ് ജീവനക്കാരനായിരുന്നു. 1995 ൽ പവർലിഫ്റ്റിങ് രംഗത്തുനിന്നുമുള്ള തിരുവനന്തപുരം സ്വദേശിനിയായ എ.ബി. മഞ്ജുവിനെ വിവാഹം ചെയ്തു. മഞ്ജു 1991 മുതൽ പവർലിഫ്റ്റിങ് രംഗത്തുണ്ട്. 1992-93 ൽ ജി.വി.രാജ പുരസ്കാരത്തിന് അർഹയായി. മക്കൾ മൂന്ന് പേരും പവർ ലിഫ്റ്റിങ്ങിൽ ശ്രദ്ധേയരാണ്. മൂത്തമകളും ദേശീയചാമ്പ്യനുമായ എം.കെ. അഞ്ജു രാജു ദക്ഷിണ റെയിൽവേയിലാണ്. രണ്ടാമത്തെ മകൾ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളജിൽ ബി. എ ഇംഗ്ലീഷിൽ രണ്ടാംവർഷം വിദ്യാർഥിനിയായ എം. അനീഷ ഇപ്പോൾ ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 47കിലോവിഭാഗത്തിലാണ് സ്വർണം നേടിയത്.
ഇളയമകൻ കെ.ആർ. അർജുൻ എസ്.ഡി കോളജിൽ ബി.എസ്സി ബോട്ടണി രണ്ടാം വർഷ വിദ്യാർഥിയും സംസ്ഥാന പവർലിഫ്റ്റിങ് ജേതാവുമാണ്. എം. അനീഷയെ കൂടാതെ എസ്. അഭിജിത്, ബി. അബിൻ, സിയ മെറ്റിൽഡ ബൈജു, എസ്. അഞ്ജലി എന്നിവരാണ് നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.