പ്രീമിയർ ലീഗിൽ അതുല്യ റെക്കോഡിട്ട് ജെയിംസ് മിൽനർ; മറികടന്നത് റ്യാൻ ഗിഗ്സിനെ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുല്യ റെക്കോഡിട്ട് ബ്രൈറ്റൺ മധ്യനിര താരം ജെയിംസ് മിൽനർ. 23 സീസണിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും ഇതിഹാസ താരം റ്യാൻ ഗിഗ്‌സിന്റെ പേരിലുള്ള 22 സീസൺ റെക്കോഡാണ് മിൽനർ മറികടന്നത്. 38ാം വയസ്സിൽ മിൽനർ പുതിയ സീസണിനിറങ്ങുമ്പോൾ മറ്റൊരു അപൂർവ്വത കൂടിയുണ്ടായി. ബ്രൈറ്റൺ പരിശീലകൻ ഫാബിയൻ ഹസ്‌ലറിന് 31 വയസ്സ് മാത്രമായിരുന്നു പ്രായം, കളിക്കാരനായ മിൽനറേക്കാൾ ഏഴ് വയസ്സ് കുറവ്. 2002ൽ തന്റെ 16ാം വയസ്സിൽ ലീഡ്‌സ് യുനൈറ്റഡിന് വേണ്ടി മിൽനർ പ്രീമിയർ ലീഗിൽ അരങ്ങേറുമ്പോൾ ഹസ്‌ലറിന് ഒമ്പത് വയസ്സ് മാത്രമായിരുന്നു പ്രായം.
പിന്നീട് ന്യൂകാസിൽ യുനൈറ്റഡ്, ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ ടീമുകൾക്കായും മിൽനർ കളത്തിലിറങ്ങി. കൂടുതൽ മത്സരങ്ങൾ കളിച്ചത് ലിവർപൂളിന്റെ ചെങ്കുപ്പായത്തിലായിരുന്നു. 2015 മുതൽ 2023 വരെ അവർക്കായി ഇറങ്ങിയ താരം 230 മത്സരങ്ങളിൽ 19 ഗോളുകളും നേടി. കഴിഞ്ഞ സീസണിലാണ് ബ്രൈറ്റണിലേക്ക് മാറിയത്.
23 സീസണുകളിലായി 636 പ്രീമിയർ ലീഗ് മത്സരങ്ങളിലാണ് മിൽനർ കളിച്ചത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 61 മത്സരങ്ങളിലും കളത്തിലിറങ്ങി. 17 മത്സരങ്ങൾ കൂടി കളിച്ചാൽ മറ്റൊരു റെക്കോഡും താരത്തെ തേടിയെത്തും. കൂടുതൽ പ്രീമിയർ ലീഗ് മത്സരങ്ങൾ എന്ന നേട്ടമാണ് 38കാരന് മുന്നിലുള്ളത്. 653 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ആസ്റ്റൺ വില്ലയുടെ ഗാരത് ബാരിയാണ് നിലവിൽ ഒന്നാമത്. ജെയിംസ് മിൽനർ റെക്കോഡിട്ട മത്സരത്തിലൂടെ പ്രീമിയർ ലീഗ് പുതിയ സീസണിന് തുടക്കമിട്ട ബ്രൈറ്റൺ എതിരില്ലാത്ത മൂന്ന് ഗോളിന് എവർട്ടനെ കീഴടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.