ടോകിയോക്ക് 'ഒളിമ്പിക്സ് ഭീതി'; നഗരത്തിൽ അടിയന്തരാവസ്ഥ, കാണികൾക്ക് വിലക്കേർപെടുത്തിയേക്കും
text_fieldsടോകിയോ: അതിവേഗം പടരുന്ന കോവിഡ് ബാധ ഒളിമ്പിക്സ് വിരുന്നെത്താനിരിക്കുന്ന ടോകിയോയെ മുൾമുനയിലാക്കുന്നു. വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആലോചിക്കുകയാണ് അധികൃതർ. മാമാങ്കത്തിന് കാണികൾക്ക് പൂർണ വിലക്കും പരിഗണിക്കുന്നുണ്ട്.
ഒളിമ്പിക്സ് ജൂലൈ 23ന് തിരശ്ശീല ഉയരാനിരിക്കെ ആയിരക്കണക്കിന് അത്ലറ്റുകളും ഒഫീഷ്യലുകളും കാണികളും ടോകിയോ നഗരത്തിലും പരിസരങ്ങളിലും എത്തുന്നത് കോവിഡ് കൂടുതൽ പടർത്താനിടയാക്കുമെന്നാണ് ആശങ്ക. വിദേശികളായ കാണികൾക്ക് നേരത്തെ പ്രവേശനം വിലക്കിയിട്ടുണ്ട്. നാട്ടുകാർക്ക് പോലും സ്റ്റേഡിയത്തിെൻറ പകുതി ഇടമേ അനുവദിക്കൂ- പരാമവധി 10,000 പേർ.
സാഹചര്യം വിലയിരുത്താൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹ് ജപ്പാനിലേക്ക് തിരിച്ചിട്ടുണ്ട്. അടിയന്തര നടപടിയെന്ന നിലക്ക് ജൂലൈ 12 മുതൽ ടോകിയോ നഗരത്തിൽ അടിയന്തരാവസ്ഥ നടപ്പാക്കും. ആഗസ്റ്റ് 22 വരെ നിലനിൽക്കും. മേയ് മധ്യത്തിനു ശേഷം കോവിഡ് ബാധ ഏറ്റവും ഉയർന്നനിലയിലായതോടെയാണ് നടപടി.
ജൂലൈ 23ന് ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടാഴ്ച നീണ്ടുനിൽക്കും. തൊട്ടുപിറകെ പാരാലിമ്പിക് ഗെയിംസും അരങ്ങേറും. ടോകിയോക്കു പുറമെ ചിബ, കനഗാവ നഗരങ്ങളും ഒളിമ്പിക് വേദികളാണ്. ഇവിടങ്ങളിലും കോവിഡ് നിയന്ത്രണം നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.