നാലടിച്ച് ഹാരി കെയ്ൻ; ഗോൾവർഷത്തോടെ ഡൈനാമോയുടെ ഫ്യൂസൂരി ബയേൺ
text_fieldsചാമ്പ്യൻസ് ലീഗിൽ ഗോൾവർഷത്തോടെ രാജകീയ തുടക്കവുമായി ജർമൻ കരുത്തരായ ബയേൺ മ്യൂണിക്. ക്രൊയേഷ്യയിൽനിന്നെത്തിയ ഡൈനാമോ സാഗ്രബിനെ രണ്ടിനെതിരെ ഒമ്പത് ഗോളിനാണ് ബയേൺ തരിപ്പണമാക്കിയത്. ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ മൂന്ന് പെനാൽറ്റി ഗോളുകളടക്കം നാലുതവണ വല കുലുക്കിയപ്പോൾ മൈക്കൽ ഒലിസെ രണ്ടും റഫേൽ ഗരീറോ, ലിറോയ് സാനെ, ലിയോൺ ഗോരട്സ്ക എന്നിവർ ഓരോന്നും ഗോളുകൾ നേടി. ഡൈനാമോക്കായി ബ്രണോ പെറ്റ്കോവിച്ച്, തകുയ ഒഗിവാര എന്നിവരാണ് ഗോളടിച്ചത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഒമ്പത് ഗോളുകൾ നേടുന്നത്. എതിർ പോസ്റ്റ് ലക്ഷ്യമാക്കി ബയേൺ 29 ഷോട്ടുകളുതിർത്തപ്പോൾ 19ഉം ലക്ഷ്യത്തിലേക്കാണ് നീങ്ങിയത്. മത്സരത്തിൽ 70 ശതമാനവും പന്ത് വരുതിയിലാക്കിയതും അവർ തന്നെയായിരുന്നു. നാല് ഗോളടിച്ചതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലീഷ് താരമായി കെയ്ൻ. വെയ്ൻ റൂണിയുടെ 30 ഗോളെന്ന നേട്ടമാണ് മറികടന്നത്. ബയേണിനായി 50 മത്സരത്തിൽ ഇറങ്ങിയ താരം 53 ഗോളും പൂർത്തിയാക്കി.
മത്സരത്തിന്റെ തുടക്കത്തിൽ ബയേണിനെ ഗോളടിക്കാൻ വിടാതിരുന്ന ഡൈനാമോക്ക് ആദ്യം പിഴച്ചത് 19ാം മിനിറ്റിലായിരുന്നു. അലക്സാണ്ടർ പാവ്ലോവിച്ചിന്റെ ഫൗളിൽ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതുകയായിരുന്നു. കിക്കെടുത്ത കെയ്ൻ അനായാസം ലക്ഷം കണ്ടതോടെ ബയേൺ ട്രാക്കിൽ കയറി. 33ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ അസിസ്റ്റിൽ റഫേൽ ഗരീറൊ ലീഡ് ഇരട്ടിയാക്കി. അഞ്ച് മിനിറ്റിനകം ജോഷ്വ കിമ്മിഷ് നൽകിയ ക്രോസിന് തലവെച്ച് ഫ്രഞ്ചുകാരൻ മൈക്കൽ ഒലിസെയും ലക്ഷ്യം കണ്ടതോടെ മൂന്ന് ഗോൾ ലീഡിലാണ് ബയേൺ ഒന്നാം പകുതിയിൽ തിരിച്ചുകയറിയത്.
പരിക്കേറ്റ മാനുവൽ നോയർക്ക് പകരം ഗോൾവല കാക്കാൻ സ്വെൻ ഉൾറിച്ചിനെ നിയോഗിച്ചാണ് ബയോൺ രണ്ടാം പകുതിയിൽ ഇറങ്ങിയത്. മത്സരം പുനരാരംഭിച്ചയുടൻ രണ്ട് ഗോൾ തിരിച്ചടിച്ച് ഡൈനമോ തിരിച്ചുവരവിന്റെ സൂചന നൽകുകയും ചെയ്തു. എന്നാൽ, ആശ്വാസത്തിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ. 57ാം മിനിറ്റിൽ ബയേണിന്റെ നാലാം ഗോളുമെത്തി. കിമ്മിഷിന്റെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞപ്പോൾ റീബൗണ്ടിൽ കെയ്ൻ വലയിലേക്ക് തട്ടിയിടുകയായിരുന്നു. നാല് മിനിറ്റിനകം ജമാൽ മുസിയാല നൽകിയ പാസിൽ ഒലിസെ രണ്ടാം ഗോളുമടിച്ചതോടെ സ്കോർ 5-2.
73ാം മിനിറ്റിൽ ഹാൻഡ് ബാളിനും 78ാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്റെ ഫൗളിനും ഡൈനാമോക്ക് പെനാൽറ്റി വഴങ്ങേണ്ടി വന്നപ്പോൾ രണ്ട് കിക്കും കെയ്ൻ വലയിലേക്ക് അടിച്ചുകയറ്റിയതോടെ ഗോളെണ്ണം ഏഴായി. നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ തോമസ് മ്യൂളർ നൽകിയ പന്ത് 20 വാര അകലെനിന്ന് ലിറോയ് സാനെ പോസ്റ്റിനുള്ളിലാക്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കിമ്മിഷിന്റെ ക്രോസിൽ ഹെഡറുതിർത്ത് ഗോരട്സ്കയും എതിർവല കുലുക്കിയതോടെ വമ്പൻ ജയത്തോടെ ബയേൺ വരവറിയിച്ചു. ജമാൽ മുസിയാല, ഹാരി കെയ്ൻ, സെർജ് നാബ്രി എന്നിവരുടെ ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ ഡൈനാമോയുടെ നാണക്കേടിന്റെ ഭാരം കൂടിയേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.