സ്വപ്ന സാക്ഷാത്കാരം തേടി ബ്ലൈൻഡ് ക്രിക്കറ്റർ സായന്ത്
text_fieldsകൊടുങ്ങല്ലൂർ: കണ്ണ് കാണാത്തവരുടെ കേരള ക്രിക്കറ്റ് ടീമിന് വേണ്ടി പോരാടുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിന് അരികെയാണ് സായന്ത്. ആ സ്വപ്നം പൂവണിയാൻ നവകേരള സദസ്സിൽ പരാതി കൊടുത്ത് നടപടിക്ക് കാതിരിക്കുകയാണ്.
ഡിസംബർ 18ന് ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് മത്സരത്തിന്റെ ലീഗ് പോരാട്ടത്തിനായി കേരള ടീം ക്രീസിലിറങ്ങും.
ടീമിന്റെ കോച്ചിങ് ക്യാമ്പിലാണ് തൃശൂർ കേരളവർമ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ കെ.ബി. സായന്ത്. കേരള ടീമിന് വേണ്ടി പാഡണിയണമെങ്കിൽ അന്ധത തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
നിനച്ചിരിക്കാതെയാണ് ഈ വ്യവസ്ഥ സംഘാടകർ വെച്ചത്. തൃശൂർ മെഡിക്കൽ കോളജിൽനിന്നാണ് സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. എത്രയും വേഗം സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇടപെടൽ വേണമെന്ന അപേക്ഷയുമായാണ് പി. വെമ്പല്ലൂരിൽ നവകേരള സദസ്സിലെത്തിയത്. ഇതുവരെ അന്വേഷണമൊന്നും ഉണ്ടാകാത്തതിന്റെ ആശങ്ക സായന്തിനുണ്ട്.
റൈറ്റ് ആം മീഡിയം പേസ് ബൗളറും ബാറ്റ്സ്മാനുമെന്ന നിലയിലാണ് രഞ്ജി ട്രോഫി മാതൃകയിൽ നടക്കുന്ന മത്സരത്തിൽ കേരള ടീമിലേക്ക് കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശിയായ സായന്ത് തെരഞ്ഞെടുക്കപ്പെട്ടത്. അഴീക്കോട് കാര്യേഴുത്ത് ബാബുവിന്റെയും സുനിതയുടെയും മകനായ സായന്ത് 10 വർഷത്തിലേറെയായി ബ്ലൈൻഡ് ക്രിക്കറ്റ് ക്രീസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.