കേരള ക്രിക്കറ്റ് ലീഗ്: പേരും ഐക്കൺ താരങ്ങളും റെഡി
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോർട്യം ട്രിവാന്‍ഡ്രം റോയല്‍സ് എന്ന പേരിലറിയപ്പെടും.
ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന്റെ ടീം ഏരീസ് കൊല്ലം സെയ്‌ലേഴ്സ് എന്നും കണ്‍സോള്‍ ഷിപ്പിങ് സര്‍വിസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടീം ആലപ്പി റിപ്പിള്‍സ് എന്നും അറിയപ്പെടും. എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സിന്റെ ഉടമസ്ഥതയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സും ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ തൃശൂര്‍ ടൈറ്റന്‍സും കളിക്കും. ഇ.കെ.കെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്റെതാണ് കോഴിക്കോട്ടുനിന്നുള്ള ടീം. പേര് കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ്.
പി.എ. അബ്ദുൽ ബാസിത് ട്രിവാന്‍ഡ്രം റോയല്‍സിന്റെയും സച്ചിന്‍ ബേബി ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെയും മുഹമ്മദ് അസറുദ്ദീന്‍ ആലപ്പി റിപ്പിള്‍സിന്റെയും ബേസില്‍ തമ്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂര്‍ ടൈറ്റന്‍സിന്റെയും റോഹന്‍ എസ്. കുന്നമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ കളിക്കാരായിരിക്കും. രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുക്കും.
ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്‍ ലേലത്തിലൂടെ താരങ്ങളെ സ്വന്തമാക്കും. ആഗസ്റ്റ് 10ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം. സ്റ്റാര്‍ സ്പോര്‍ട്സ് ത്രീയിലും ഒ.ടി.ടി പ്ലാറ്റ്ഫോമായ ഫാന്‍ കോഡിലും ലേലം തത്സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബര്‍ രണ്ടു മുതല്‍ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബിലാണ് മത്സരങ്ങള്‍ നടക്കുക. നടന്‍ മോഹന്‍ലാലാണ് ബ്രാന്‍ഡ് അംബാസഡര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.