സംസ്ഥാന സ്കൂൾ കായികമേള; താമസസൗകര്യം 69 സ്കൂളിൽ
text_fieldsകൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ മത്സരാർഥികൾക്ക് ആതിഥ്യമൊരുക്കുന്നത് 69 സ്കൂൾ. ഇതിൽ 47 സ്കൂളും നഗരപരിധിയിലാണ്. മറ്റ് സ്കൂളുകൾ തൃപ്പൂണിത്തുറ, കോലഞ്ചേരി, പട്ടിമറ്റം, കോതമംഗലം മേഖലകളിലാണ്. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും മത്സരങ്ങൾ നടക്കുന്നതിനാൽ അതനുസരിച്ച് താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
മത്സരങ്ങൾ നടക്കുന്ന 17 വേദിയുടെ നിയന്ത്രണം 17 അധ്യാപകർക്കായി നൽകിയിട്ടുണ്ട്. ഇവർ ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകരാണ്. ഗ്രൗണ്ടുകളുടെയും മത്സര ഉപകരണങ്ങളുടെയും ചുമതലക്കാരായി 39 അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. റീജനൽ സ്പോർട്സ് സെന്‍ററിലേക്ക് ഏഴ് പേരെയും വെളി ഗ്രൗണ്ട് -2, പരേഡ് ഗ്രൗണ്ട് -2, കണ്ടെയ്നർ റോഡ് -1, മഹാരാജാസ് കോളജ് സ്റ്റേഡിയം -8, സെന്‍റ് പീറ്റേഴ്സ് കോളജ് -5, എസ്.എച്ച് തേവര -3 തുടങ്ങിയ ക്രമത്തിലാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്.
ഇതേസമയം, വേദികളുടെ ഒരുക്കം അന്തിമഘട്ടത്തിലാണ്. ഭൂരിഭാഗം വേദികളും വിദ്യാഭ്യാസ വകുപ്പിന് കൈമാറിക്കഴിഞ്ഞു. പ്രധാനവേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലും പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഇവിടെ ലൈനിങ്, ക്ലീനിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇത് ദ്രുതഗതിയിൽ പൂർത്തിയാക്കി ശനിയാഴ്ച തന്നെ കൈമാറുമെന്നാണ് അധികൃതരുടെ വിശദീകരണം. തിങ്കളാഴ്ചയാണ് കായികമാമാങ്കത്തിന് തിരശ്ശീലയുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.