ഹാട്രിക്കിലേക്ക് ചുവടുവെച്ച് പാലക്കാട്
text_fieldsകുന്നംകുളം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഒരു മീറ്റ് റെക്കോഡ് മാത്രം പിറന്ന രണ്ടാംദിനത്തിലെ മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് പാലക്കാടൻ കുതിപ്പ് തുടരുന്നു. 43 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 11 സ്വർണവും 11 വെള്ളിയും നാല് വെങ്കലവുമായി 92 പോയന്റോടെയാണ് പാലക്കാട് ആധിപത്യം തുടരുന്നത്.
ഏഴ് സ്വർണവും 11 വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ 71 പോയന്റുമായി മലപ്പുറമാണ് തൊട്ടുപിന്നിൽ. ഏഴ് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി 46 പോയന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത്. 32 പോയന്റുമായി നിലവിലെ ജേതാക്കളായ മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസാണ് സ്കൂളുകളുടെ വിഭാഗത്തിൽ മുന്നിൽ.
23 പോയന്റുമായി എറണാകുളം കോതമംഗലം മാർബേസിൽ രണ്ടാമതും, 19 പോയന്റ് വീതം നേടി കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസും കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസും മൂന്നാം സ്ഥാനത്തുമാണ്.
ട്രാക്കിൽ പുതിയ റെക്കോഡുകളൊന്നും പിറക്കാത്ത രണ്ടാംദിനത്തിൽ സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർകോട് ഉദിനൂർ ജി.എച്ച്.എസ്.എസിലെ വി.എസ്. അനുപ്രിയയുടെ ദേശീയ റെക്കോഡ് ഭേദിക്കുന്ന പ്രകടനമാണ് ആശ്വാസമായത്. അഞ്ചുവർഷം പഴക്കമുള്ള തിരുവനന്തപുരം ‘സായി’യുടെ മേഘ മറിയം മാത്യുവിന്റെ 14.91 മീറ്ററിന്റെ സംസ്ഥാന റെക്കോഡാണ് 16.83 മീറ്ററിന്റെ പുതിയ ദൂരം കൊണ്ട് അനുപ്രിയ ജലരേഖയാക്കിയത്. പാലക്കാട് മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.എസിലെ പി. അബിരാമും പാലക്കാട് ഗവ. മോയൻസ് ഗേൾസ് എച്ച്.എസ്.എസിലെ ജി. താരയും 100 മീറ്ററിൽ ഒന്നാമതെത്തി വേഗതാരങ്ങളായി.
സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ ഒന്നാമതെത്തി പാലക്കാട് പറളി എച്ച്.എസ്.എസിലെ എം. ജ്യോതികയും 100 മീറ്റിലെ സ്വർണവുമായി പി. അബിരാമും, സീനിയർ ആൺകുട്ടികളുടെ ഹൈജംപിൽ കടകശ്ശേരി ഐഡിയലിന്റെ മുഹമ്മദ് മുഹസിനും ഇരട്ട റെക്കോഡുകൾ കരസ്ഥമാക്കിയതും രണ്ടാംദിനത്തെ ശ്രദ്ധേയമാക്കി.
ആദ്യദിനത്തിലെ രണ്ട് റെക്കോഡുകൾ ഉൾപ്പെടെ മൂന്ന് റെക്കോഡുകളാണ് രണ്ട് ദിവസമായി കുന്നംകുളം സ്റ്റേഡിയത്തിൽ പിറന്നത്. 1500 മീറ്റർ, 110, 100 മീ. ഹർഡിൽസ് , 4x100 മീറ്റർ റിലേ എന്നിവയാണ് മൂന്നാം ദിനത്തിലെ ശ്രദ്ധേയ ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.