റെക്കോഡ് ശ്രീ! ലോങ്ജംപിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി കേരളത്തിന്റെ എം. ശ്രീശങ്കർ
text_fieldsതേഞ്ഞിപ്പലം: ഏഷ്യൻ നിലവാരത്തിലേക്കുയർന്ന ഗംഭീര പോരാട്ടത്തിന് സാക്ഷിയായി തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയം. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ലോങ്ജംപിൽ കേരളത്തിന്റെ എം. ശ്രീശങ്കർ സ്വന്തം റെക്കോഡ് തിരുത്തി. 8.36 മീറ്റർ താണ്ടിയായിരുന്നു ശ്രീശങ്കറിന്റെ കുതിപ്പ്. സ്വന്തം പേരിലുണ്ടായിരുന്ന 8.26 മീറ്ററെന്ന ദേശീയ റെക്കോഡും മീറ്റ് റെക്കോഡുമാണ് മാറ്റിയെഴുതിയത്.
റെക്കോഡ് നേടിയിട്ടും ശ്രീശങ്കറിന് വെള്ളിയാണ് കിട്ടിയത്. തമിഴ്നാടിന്റെ ജസ്വിൻ ആൾഡ്രിൻ 8.37 മീറ്റർ ചാടി സ്വർണം നേടി. എന്നാൽ കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ ജസ്വിന്റെ ദൂരം റെക്കോഡിന് പരിഗണിച്ചില്ല. ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവക്കുള്ള യോഗ്യതയും ഇരുവരും സ്വന്തമാക്കി.
400 മീറ്ററിൽ ഐശ്വര്യ മിശ്ര മീറ്റ് റെക്കോഡ് കുറിച്ചു. നിർമല ഷറണിന്റെ പേരിലുണ്ടായിരുന്ന 51.28 സെ. ആണ് മഹാരാഷ്ട്രക്കാരിയായ ഐശ്വര്യ 51.18 സെ. ആയി മെച്ചപ്പെടുത്തിയത്. പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൻ വെങ്കലം നേടി. വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി 14.43 സെക്കൻഡിൽ പുതിയ സമയം രേഖപ്പെടുത്തി. 16 വർഷം മുമ്പ് അനുരാധ ബിസ്വാൾ കുറിച്ച 14.48 സെ. ആണ് വഴിമാറിയത്.
ദ്യുതിയും ശിവകുമാറും വേഗതാരങ്ങൾ
വേഗമേറിയ വനിത താരമായി ദേശീയ റെക്കോഡ് ജേത്രി ദ്യുതി ചന്ദ്. 11.49 സെക്കൻഡിലാണ് ദ്യുതി ഫിനിഷ് ചെയ്തത്. കേരളത്തിന്റെ എം.വി. ജിൽനക്കാണ് വെള്ളി (11.63 സെ.). പുരുഷന്മാരിൽ കരിയറിലെ മികച്ച സമയം (10.37 സെ.) കുറിച്ച് തമിഴ്നാട്ടുകാരൻ ബി. ശിവകുമാർ ഒന്നാമനായി.
200 മീറ്ററിലും ശിവകുമാർ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശിവകുമാർ സ്പ്രിന്റ് ഡബ്ൾ നേടിയിരുന്നു. 400 മീറ്ററിൽ തമിഴ്നാടിന്റെ രാജേഷ് രമേഷിനാണ് സ്വർണം (46.45 സെ.). മലയാളി ഒളിമ്പ്യൻ നോഹ നിർമൽ ടോം (46.81 സെ.) മൂന്നാമതായി.
ഗംഭീര തിരിച്ചുവരവ്
പ്രസവത്തിന് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ മലയാളി താരം എം.വി. ജിൽനക്ക് നൂറു മീറ്ററിൽ വെള്ളി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ജിൽന അമ്മയായ ശേഷം കുറച്ചു കാലം ട്രാക്കിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ജിൽന കൊല്ലത്ത് ആർ. ജയകുമാറിന് കീഴിലാണ് പരിശീലിക്കുന്നത്. പാലക്കാട് അമ്പലപ്പാറ സ്വദേശി മൂർത്തിയാണ് ഭർത്താവ്.
മറ്റുഫലങ്ങൾ: ഷോട്ട്പുട്ട് വനിത: ആഭ ഖത്വ (മഹാരാഷ്ട്ര), മൻപ്രീത് കൗർ (പഞ്ചാബ്), കച്ച്നാർ ചൗധരി (രാജസ്ഥാൻ). 1500 മീറ്റർ പുരു.: അജയ് കുമാർ സരോജ് (ഉത്തർപ്രദേശ്), രാഹുൽ (ഡൽഹി), ജിൻസൺ ജോൺസൺ (കേരളം). 1500 വനിത: ലിലി ദാസ് (ബംഗാൾ), അങ്കിത (ഉത്തരാഖണ്ഡ്), ചന്ദ (ഡൽഹി). ജാവലിൻ ത്രോ പുരു.: രോഹിത് യാദവ് (ഉത്തർപ്രദേശ്), പി. മനു (കർണാടക), സഹിൽ സിൽവാൾ (ഹരിയാന). ഡക്കാത് ലൺ: സൗരഭ് രതി (ഉത്തർപ്രദേശ്), ബൂട്ടാസിങ് (ഹരിയാന), മോഹിത് (ഹരിയാന).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.