സബാഷ് ജലരാജൻ
text_fieldsദേശീയ ഗെയിംസ് നീന്തൽക്കുളത്തിൽ മെഡൽവേട്ട തുടർന്ന് കേരളത്തിന്റെ സജൻ പ്രകാശ്. വ്യാഴാഴ്ച 50 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണത്തിലേക്ക് നീന്തിയെത്തിയ സജൻ, 800 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കലവും നേടി. മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് സമ്പാദ്യം.
വ്യാഴാഴ്ച ബാഡ്മിന്റൺ പുരുഷ ഡബ്ൾസിൽ കേരളം സ്വർണവും വനിത ബാസ്കറ്റ്ബാൾ ഫൈവ് ഓൺ ഫൈവിൽ വെങ്കലവും നേടി. നിലവിൽ 13 സ്വര്‍ണം, 15 വെള്ളി, 11 വെങ്കലം എന്നിവ ഉള്‍പ്പെടെ 39 മെഡലുമായി എട്ടാമതാണ് കേരളം.
ഒരേയൊരു സജൻ
പതിറ്റാണ്ടോളമായി നീന്തലിൽ കേരളത്തിന്റെ മേൽവിലാസമാണ് സജൻ. 2015ലെ ദേശീയ ഗെയിംസിലെ പ്രകടനത്തോളമെത്തിയില്ലെങ്കിലും ഇക്കുറിയും മോശമാക്കിയില്ല. വ്യാഴാഴ്ച ആദ്യം മത്സരിച്ച 800 ഫ്രീസ്റ്റൈലില്‍ നിലവിലെ ചാമ്പ്യന് വെങ്കലമാണ് നേടാനായത്.
8:12.55 മിനിറ്റായിരുന്നു സമയം. സജന്റെ പേരിലുള്ള റെക്കോഡ് കൂടി (8:15.49) തകർത്ത് മധ്യപ്രദേശിന്റെ അദ്വൈത് പേഗെ (8.12.24) സ്വർണം നേടി. ഗുജറാത്തിന്റെ ആര്യൻ നെഹ്റക്കാണ് വെള്ളി. പിന്നീട് നടന്ന 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ 25.10 സെക്കൻഡിൽ പൂർത്തിയാക്കി ഒന്നാമനായി. തമിഴ്നാടിന്റെ രോഹിത് ബെനഡിക്ഷനാണ് വെള്ളി.
ഗോൾഡ്മിന്റൺ
ബാഡ്മിന്റണ്‍ പുരുഷ ഡബ്ള്‍സില്‍ ശങ്കർപ്രസാദ് ഉദയകുമാർ-പി.എസ്. രവികൃഷ്ണ സഖ്യമാണ് കേരളത്തിന്റെ സുവർണതാരങ്ങൾ. ഒരു മണിക്കൂറിലധികം നീണ്ട മത്സരത്തില്‍ തമിഴ്‌നാടിന്റെ ഹരിഹരന്‍-റൂബന്‍ കുമാര്‍ എന്നിവരെയാണ് തോൽപിച്ചത്. സ്കോർ: 21-19, 21-19. ബാഡ്മിന്റണില്‍ ഇത്തവണ കേരളത്തിന്റെ ആദ്യ സ്വര്‍ണമാണിത്.
കഴിഞ്ഞ ദിവസം ടീം ഇനത്തിൽ വെള്ളിയും ഡബ്ൾസ് പുരുഷന്മാരും വനിതകളും മിക്സഡ് ഇനത്തിലും വെങ്കലവും നേടിയിരുന്നു. ബാസ്കറ്റ്ബാൾ വനിത ഫൈവ് ഓൺ ഫൈവിൽ മധ്യപ്രദേശിനെ 75-62ന് തോൽപിച്ചാണ് കേരള വനിതകൾ വെങ്കലം നേടിയത്. പി.എസ്. ജീനയും അനീഷ ക്ലീറ്റസും 23 പോയന്റ് വീതം നേടി. 2015ൽ കേരളം സ്വർണം നേടിയിരുന്നു.
ഫുട്ബാളിൽ ഗ്രൂപ് ജേതാക്കൾ
പുരുഷ ഫുട്ബാളിൽ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളം ഗ്രൂപ് എ ജേതാക്കളായി. മണിപ്പൂരിനെതിരെ വ്യാഴാഴ്ച 3-2നായിരുന്നു ജയം. രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി. നിജോ ഗിൽബർട്ട് രണ്ടും വിഷ്ണു ഒരു ഗോളും നേടി.
ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് കേരളം സെമിഫൈനലിൽ കടന്നിരുന്നു. ഞായറാഴ്ച രാവിലെ 9.30നാണ് സെമി. വെള്ളിയാഴ്ചത്തെ ബംഗാള്‍-കര്‍ണാടക മത്സരത്തില്‍ തോല്‍ക്കുന്ന ടീമുമായായിരിക്കും കേരളം മത്സരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.