ധോണിയെയും മറികടന്ന് കോഹ്‍ലി; അതുല്യ റെക്കോഡിൽ മുന്നിലുള്ളത് സചിൻ മാത്രം
text_fieldsബംഗളൂരു: ഇന്ത്യ-ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയെങ്കിലും സൂപ്പർ താരം വിരാട് കോഹ്‍ലിയെ തേടിയെത്തി മറ്റൊരു അതുല്യ റെക്കോഡ്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരത്തിൽ ഇറങ്ങിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്‍ലി സ്വന്തമാക്കിയത്.
ഇന്ത്യൻ ജഴ്സിയിൽ 536ാമത്തെ മത്സരത്തിനിറങ്ങിയ കോഹ്‍ലി മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയെയാണ് മറികടന്നത്. 2004 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ 535 മത്സരങ്ങളാണ് ധോണി രാജ്യത്തിനായി കളിച്ചത്. 1989 മുതൽ 2013 വരെ 664 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഇതിഹാസ താരം സചിൻ തെണ്ടുൽകറുടെ പേരിലാണ് റെക്കോഡ്. ഇക്കാര്യത്തിൽ ലോക റെക്കോഡും സചിന്റെ പേരിലാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (486), രവീന്ദ്ര ജദേജ (346) എന്നിവരാണ് കോഹ്‍ലിക്ക് പിന്നിലുള്ളത്.
ന്യൂസിലാൻഡിനെതിരായ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വൻ നാണക്കേടിന്റെ വക്കിലാണ്. ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന ദയനീയ സ്ഥിതിയിലാണ് ആതിഥേയർ. മഴ പെയ്തതോടെ ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നാലുപേരാണ് പൂജ്യരായി മടങ്ങിയത്. വിരാട് കോഹ്‍ലിക്ക് പുറമെ സർഫറാസ് ഖാൻ, കെ.എൽ രാഹുൽ, രവീന്ദ്ര ജദേജ എന്നിവരാണ് ‘ഡക്കാ’യി തിരിച്ചുകയറിയത്. യശസ്വി ജയ്സ്വാൾ (13) രോഹിത് ശർമ (2) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 15 റൺസുമായി ഋഷബ് പന്ത് ക്രീസിലുണ്ട്. ന്യൂസിലാൻഡിനായി വില്യം ഒറൂർകെ മൂന്നും മാറ്റ് ഹെന്റി രണ്ടും ടിം സൗതി ഒന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.