ട്രാക്കിലെ ദ്രോണാചാര്യർ ഇനി വിശ്രമത്തിലേക്ക്...
text_fieldsകോട്ടയം: കായിക കേരളത്തിന്റെ നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ദ്രോണാചാര്യ കെ.പി. തോമസ് മാഷ് വിരമിക്കുന്നു. അഞ്ച് പതിറ്റാണ്ടോളം കായികകേരളത്തെ കൈപിടിച്ച് മുന്നോട്ട് നയിച്ച അദ്ദേഹം ശിഷ്ടജീവിതം കോരുത്തോട്ടിലെ വീട്ടിൽതന്നെ തുടരും. തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറക്കമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി കായികതാരങ്ങളെ ഇന്ത്യക്ക് സമ്മാനിച്ച അപൂർവ കായികാധ്യാപകനാണ് തോമസ് മാഷ്. 2013ലാണ് ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം ആദരിച്ചത്. ഇനി വിശ്രമിക്കാനുള്ള സമയമായെന്ന് മാഷ് പറയുന്നു. ഒരുകാലത്ത് സ്കൂൾ കായികമേളയിൽ കോട്ടയത്തെയും കോരുത്തോട് സ്കൂളിനെയും ചാമ്പ്യൻമാരാക്കാൻ അഹോരാത്രം പ്രയത്നിച്ച കായികാധ്യാപകനായ അദ്ദേഹം മകൻ രാജാസിന്റെ സഹായത്തോടെ ഒരുപിടി ഭാവി വാഗ്ദാനങ്ങളെക്കൂടി കേരളത്തിന് സമ്മാനിച്ചാണ് 82ാം വയസ്സിൽ വിശ്രമ ജീവിതം തെരഞ്ഞെടുക്കുന്നത്.
ഇപ്പോഴും കായികമേഖലയോടുള്ള തന്റെ പ്രിയം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ‘ആരോഗ്യം അത്ര പോരാ, ഇനിയെങ്കിലും അൽപം വിശ്രമിക്കേണ്ടേ’ എന്ന് അദ്ദേഹം ചോദിക്കുന്നു. മൂവായിരത്തിലധികം കുട്ടികളെ പരിശീലിപ്പിച്ചു. പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിലാണ്. അതെല്ലാം മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളാണ് -മാഷ് പറയുന്നു. ശനിയാഴ്ച ഇടുക്കി തൊടുപുഴ സോക്കർ സ്കൂളിൽ വിരമിക്കൽ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ഒളിമ്പ്യൻമാരായ അഞ്ജു ബോബി ജോർജ്, ജിൻസി ഫിലിപ്, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടക്കാരായ ജോസഫ് ജി. എബ്രഹാം, സി.എസ്. മുരളീധരൻ, മോളി ചാക്കോ തുടങ്ങിയവർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപെടും. കോരുത്തോട് സ്കൂളിനെ 16 വർഷം ചാമ്പ്യനാക്കിയതും അദ്ദേഹത്തിന്റെ മികവാണ്. ഏറ്റവുമൊടുവിൽ പൂഞ്ഞാർ എസ്.എം.വി സ്കൂളിലെ വിദ്യാർഥികളെ പരിശീലിപ്പിച്ചാണ് പടിയിറക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.