'ടീമിൽ എടുത്തത് സൗന്ദര്യം നോക്കിയാണെന്ന് വരെ കേൾക്കേണ്ടിവന്നു'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കോമൺവെൽത്ത് ഗെയിംസിലെ സ്വർണ ജേതാക്കൾ
text_fieldsകോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തവണ ലോൺ ബാൾ എന്ന കായിക ഇനത്തിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതുവരെ ആരോരുമറിയാതിരുന്ന ഗ്രാമീണ ഇന്ത്യൻ വനിതകളായ ലവ്‌ലി ചൗബേയും പിങ്കിയും രൂപ റാണിയും നയൻമണി സൈകിയയും ഗെയിംസിൽ തീർത്തും അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് രാജ്യത്തിന് അപൂർവ സ്വർണം നേടി തന്നത്.
ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 18 റൗണ്ട് നീണ്ട മത്സരത്തിൽ 17-10 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതകൾ തോൽപിച്ചത്. പുരുഷ ടീം ഇതേ ഇനത്തിൽ വെള്ളി മെഡൽ നേടിയിരുന്നു. എന്നാൽ, നാൽവർ സംഘം സുവർണ നേട്ടത്തിലേക്ക് എത്തുന്നതിനു മുമ്പ് നേരിട്ട ദുരനുഭവങ്ങളും പ്രയാസങ്ങളും കായിക ലോകത്തിനുതന്നെ അപമാനമാണ്.
യൂട്യൂബിൽ 'ടേബ്ൾ ടാക്ക് വിത്ത് ജോ' എന്ന പരിപാടിയിലാണ് ഇവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചത്. 'ഞങ്ങൾ വളരെ വിഷാദത്തിലായിരുന്നു. ഞങ്ങളെ കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നു. ഇതെല്ലാം ഏറെ നിരാശാജനകമായിരുന്നു' -രൂപ റാണി പറഞ്ഞു. ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി അപൂർവ നേട്ടം സ്വന്തമാക്കുന്നതിന് അവർ കൊടുക്കേണ്ടി വന്ന വില വിവരിക്കുമ്പോൾ അവർ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു.
ഞങ്ങളുടെ മേൽ വലിയ സമ്മർദം ഉണ്ടായിരുന്നു. ഗെയിംസിൽനിന്ന് മെഡലില്ലാതെ വന്നിരുന്നെങ്കിൽ അടുത്ത പതിപ്പിൽ ഞങ്ങളുണ്ടാകുമായിരുന്നില്ല. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നിരവധി തവണ കേൾക്കേണ്ടിവന്നു. സൗന്ദര്യം നോക്കിയാണ് ഞങ്ങളെ ടീമിലേക്ക് തെരഞ്ഞെടുത്തതെന്ന് വരെ കേൾക്കേണ്ടിവന്നു. ഇത് പറയുമ്പോൾ ലവ്‌ലി ചൗബേക്ക് കണ്ണുനീർ നിയന്ത്രിക്കാനായില്ല.
ഞങ്ങൾക്ക് കഴിവുള്ളതുകൊണ്ടല്ലേ മെഡൽ നേടിയത്? ഞങ്ങളുടെ മുഖം നോക്കി ആരെങ്കിലും ഞങ്ങൾക്ക് മെഡൽ നൽകുമോയെന്നും അവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.