‘അധി’കമില്ലാത്ത ആഘോഷങ്ങൾ
text_fieldsവൻ അട്ടിമറിയിൽ കെനിയയുടെ വരവ്
നാലു വർഷം കൂടുമ്പോൾ മാത്രം കടന്നുവരുന്ന ഫെബ്രുവരി 29ന് കായിക ലോകത്ത് ചില ചരിത്രമുഹൂർത്തങ്ങളുണ്ടായിട്ടുണ്ട്. ആദ്യമായി ക്രിക്കറ്റ് ലോകകപ്പിനെത്തിയ കെനിയ രണ്ടു തവണ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ചതാണ് അതിൽ പ്രധാനം. ഇന്ത്യയിലും ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന 1996ലെ ലോകകപ്പിലെ ഗ്രൂപ് മത്സരത്തിൽ 73 റൺസിനായിരുന്നു കെനിയയുടെ ജയം. ആദ്യ ബാറ്റ് ചെയ്ത ആഫ്രിക്കൻ സംഘം 49.3 ഓവറിൽ 166 റൺസിന് ഓൾഔട്ടായി.
വിൻഡീസ് വെറും 93ന് പുറത്ത്. പത്ത് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കെനിയൻ ബൗളർ മൗറിസ് ഒഡുംബെ കളിയിലെ കേമനായി. ഇതിഹാസ താരങ്ങളായ ബ്രയാൻ ലാറ, ശിവാനാരായൺ ചന്ദർപോൾ, റിച്ചി റിച്ചാർഡ്സൻ ഇയാൻ ബിഷപ്, കട് ലി ആംബ്രോസ്, കോർട്നി വാൽഷ് തുടങ്ങിയവർ കരീബിയൻ സംഘത്തിലുണ്ടായിരുന്നു.
നാലു കൊല്ലത്തേക്ക് ‘ഹാപ്പി ബെർത്ത് ഡേ’
അധിവർഷത്തിൽ ഫെബ്രുവരി 29ന് ജനിച്ച കായിക താരങ്ങളുണ്ട്. നാലു വർഷം കൂടുമ്പോൾ മാത്രം ജന്മദിനം ആഘോഷിക്കാൻ കഴിയുന്നവരിൽ പ്രമുഖരാണ് ഫുട്ബാളർമാരായ ഫെറാൻ ടോറസ് (ബാഴ്സലോണ, സ്പെയിൻ), ജെസ്പർ ലിൻഡ്സ്ട്രോം (നാപ്പോളി, ഡെന്മാർക്), 2014ൽ ലോകകപ്പ് ജേതാക്കളായ ജർമൻ ടീം അംഗവും സഹപരിശീലകനുമായ ബെനെഡിക്റ്റ് ഹവേഡെസ് എന്നിവർ. ആസ്ട്രേലിയൻ ഓൾ റൗണ്ടർ സീൻ അബോട്ട്, മുൻ ഇന്ത്യൻ ഷൂട്ടിങ് താരവും ലോകകപ്പ് മെഡൽ ജേതാവുമായ പ്രകാശ് നഞ്ചപ്പ, അമേരിക്കൻ നീന്തൽ താരവും പാരാലിമ്പിക് മെഡൽ ജേത്രിയുമായ ജെസ്സിക ലോങ് തുടങ്ങിയവർക്കും നാലു കൊല്ലത്തിലൊരിക്കലേ പിറന്നാൾ വരുന്നുള്ളൂ.
ഇന്ന് കളത്തിൽ
ഇന്ത്യയിൽ ഇന്ന് ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി മത്സരങ്ങളുണ്ട്. ഐ.എസ്.എല്ലിൽ ഒഡിഷ എഫ്.സിയെ ഈസ്റ്റ് ബംഗാളും ഐ ലീഗിൽ ഗോകുലം കേരളയെ നാംധാരി എഫ്.സിയും ശ്രീനിധി ഡെക്കാനെ മുഹമ്മദൻസും സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ മിസോറമും റെയിൽവേസിനെ കർണാടകയും മഹാരാഷ്ട്രയെ ഡൽഹിയും നേരിടും. പഞ്ചാബിലെ നാംധാരി ഗ്രൗണ്ടിൽ വൈകുന്നേരം 3.30നാണ് ഗോകുലത്തിന് മത്സരം. 16 മത്സരങ്ങളിൽ 32 പോയന്റുമായി രണ്ടാം സ്ഥാനത്താണ് മലബാറിയൻസ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.