‘അവൾ വീട്ടിലെത്തട്ടെ, കുടുംബം അതിനായി ശ്രമിക്കും’; വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ‘ദംഗൽ’ നായകൻ മഹാവീർ ഫോഗട്ട്
text_fieldsന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് അമ്മാവനും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട്. നാട്ടിലെത്തിയ ശേഷം കുടുംബം അവളുമായി സംസാരിക്കുമെന്നും 2028ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സിൽ മത്സരിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വിനേഷ് ഇത്തവണ ഒളിമ്പിക്‌സ് സ്വർണം കൊണ്ടുവരാൻ ഒരുങ്ങിയെങ്കിലും അയോഗ്യയായി. അത്തരമൊരു തിരിച്ചടിക്ക് ശേഷം വേദന തോന്നുന്നത് സ്വാഭാവികമാണ്, അതിനാൽ അവൾ അങ്ങനെയൊരു തീരുമാനത്തിലെത്തി. അവൾ നാട്ടിൽ തിരിച്ചെത്തിയാൽ, 2028 ഒളിമ്പിക്സിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ അവളോട് സംസാരിക്കാൻ ശ്രമിക്കും’ -മഹാവീർ ഫോഗട്ട് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയെ അന്താരാഷ്ട്ര വേദികളിലൊന്നും പ്രതിനിധീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യൻ ഗുസ്തിയിലെ സൂപ്പർ സ്റ്റാറാണ് മഹാവീർ ഫോഗട്ട്. ആമിർ ഖാൻ നായകനായ ‘ദംഗൽ’ എന്ന സിനിമക്ക് ആധാരമായത് ഇദ്ദേഹത്തിന്റെ കഥയായിരുന്നു. മക്കളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട്, റിതു ഫോഗട്ട്, സംഗീത ഫോഗട്ട് എന്നിവരെയും സഹോദരിയുടെ മക്കളായ വിനേഷ് ഫോഗട്ട്, പ്രിയങ്ക ഫോഗട്ട് എന്നിവരെയുമെല്ലാം ഗോദയിലെത്തിച്ച് പരിശീലനം നൽകിയത് ഇദ്ദേഹമായിരുന്നു. പുരുഷ താരങ്ങൾ മാത്രം അരങ്ങുവാണ ഇന്ത്യൻ ഗുസ്തിയുടെ ചരിത്രം തന്നെ അദ്ദേഹം മാറ്റിമറിക്കുകയും ചെയ്തു.
2010ലെ കോമൽവെൽത്ത് ഗെയിംസിൽ സ്വർണമണിച്ച ഗീത ഫോഗട്ടാണ് ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതയായത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിലാണ് ഗീത ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2014ൽ ബബിതയും കോമൺവെൽത്ത് ഗെയിംസിൽ സ്വർണമണിഞ്ഞു. ഇരുവരും ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും നേടിയപ്പോൾ റിതുവും പ്രിയങ്കയും അന്താരാഷ്ട്ര തലങ്ങളിൽ മെഡലുകൾ സ്വന്തമാക്കി. സംഗീതയും രാജ്യാന്തര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. അതേസമയം, വിനേഷ് ഫോഗട്ട് 2019ലും 2022ലും ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായാണ് ചരിത്രം കുറിച്ചത്. മൂന്ന് തവണ കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ വിനേഷ് 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ജേതാവായി. അവസാനം ഒളിമ്പിക്സിലും സ്വർണത്തിനടുത്തെത്തി നിർഭാഗ്യം തിരിച്ചടിയാവുകയായിരുന്നു.
താരങ്ങളെ ലൈംഗിക പീഡനത്തിനടക്കം ഇരയാക്കിയെന്ന ആരോപണമുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ തെരുവിൽ സമരനിരയിലുണ്ടായിരുന്ന ഗുസ്തി താരം ബജ്റംഗ് പുനിയ വിനേഷ് ഫോഗട്ടിന് ഹൃദ്യമായ കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ‘വിനേഷ്... നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. ഞങ്ങൾക്ക് നീയെന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല, ഇന്ത്യയുടെ അഭിമാനവുമാണ്’ -എന്നിങ്ങനെയായിരുന്നു ബജ്റംഗ് പുനിയയുടെ കുറിപ്പ്.
എക്സിലെ പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം. ‘ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ പരാജയപ്പെട്ടു. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നിരിക്കുന്നു. ഇനി എനിക്ക് കരുത്തില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് താൻ വിട പറയുകയാണ്’ -എന്നിങ്ങനെയായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചുള്ള വിനേഷിന്റെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.