‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ
text_fieldsന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നിലനിർത്താനായില്ലെങ്കിലും നീരജ് ചോപ്രയിലൂടെ പാരിസിൽ ഇന്ത്യ ആദ്യ വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. പാകിസ്താൻകാരനായ അർഷാദ് നദീമിന് പിന്നിൽ നീരജ് രണ്ടാമനായെങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണെന്ന് ഇരുവരും പറയുന്നു. സ്വർണം നേടിയ അർഷാദും മകനെപ്പോലെയാണെന്ന് കൂട്ടിച്ചേർത്ത് ഒരിക്കൽ കൂടി ഹൃദയങ്ങൾ കീഴടക്കുകയാണ് നീരജിന്റെ മാതാവ് സരോജ് ദേവി. 2023ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ഒന്നും നദീം രണ്ടും സ്ഥാനത്തെതിയപ്പോഴും സമാന പ്രതികരണവുമായി ഇവർ രംഗത്തെത്തിയിരുന്നു.
‘ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വർണത്തിന് തുല്യമാണ്. സ്വർണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാൽ ഈ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ തിരിച്ചുവരുമ്പോൾ പ്രിയപ്പെട്ട ഭക്ഷണം ഞാൻ പാകം ചെയതുവെക്കും’ -എന്നിങ്ങനെയായിരുന്നു സരോജ് ദേവി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്.
2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്റി മീറ്റർ വ്യത്യാസത്തിൽ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണമണിഞ്ഞപ്പോൾ സരോജയുടെ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്’ -എന്നിങ്ങനെയായിരുന്നു സരോജിന്റെ വാക്കുകൾ. അന്ന് ഒന്നാമതെത്തിയ നീരജ് ത്രിവർണ പതാകയേന്തി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അടുത്തുണ്ടായിരുന്ന നദീമിനെയും സമീപത്തേക്ക് വിളിച്ച് ചേർത്തുപിടിച്ചിരുന്നു.
ഒളിമ്പിക്സ് ഹാട്രിക് മെഡലിനായി നീരജ് പ്രയത്നം തുടരുമെന്നായിരുന്നു നീരജിന്റെ വെള്ളിമെഡൽ നേട്ടത്തിൽ പിതാവ് സതീശ് കുമാർ ചോപ്രയുടെ പ്രതികരണം. മകൻ രാജ്യത്തിനായി വെള്ളി മെഡൽ നേടിയതിൽ അഭിമാനമുണ്ട്. മികച്ച രീതിയിൽ ഇനിയും പരിശീലനം തുടരും. നീരജ് രാജ്യത്തിന് വേണ്ടി കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കും. ഓരോരുത്തർക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്താന്‍റെ ദിനമായിരുന്നു. പക്ഷെ നമ്മൾ വെള്ളി നേടി. അത് നമുക്ക് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസ് ഒളിമ്പിക്സിന് മുമ്പ് ഏറ്റുമുട്ടിയ ഒമ്പത് വേദികളിലും നീരജിന് പിന്നിലായിരുന്നു നദീമിന്റെ ഇടം. നീരജ് സ്വർണമണിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ നദീം മത്സരിച്ചിരുന്നെങ്കിലും നാലാംസ്ഥാനത്തായിരുന്നു. 2016ൽ ഗുവാഹത്തിയിൽ സൗത്ത് ഏഷ്യൻ ഗെയിംസ് വേദിയിലാണ് ഇരുവരും ആദ്യമായി നേർക്കുനേർ വരുന്നത്. അന്ന് നീരജ് സ്വർണം നേടിയപ്പോൾ നദീമിന് ലഭിച്ചത് വെങ്കലമായിരുന്നു. ഇതേ വർഷം ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ നീരജ് രണ്ടും നദീം മൂന്നും സ്ഥാനത്തായി. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാരൻ ഒന്നാമതെത്തിയപ്പോൾ പാകിസ്താൻകാരന് 30ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്.
2017ലെ ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ്, 2018ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, 2020ലെ ടോക്യോ ഒളിമ്പിക്സ് എന്നിവയിലെല്ലാം നീരജ് ഒന്നാമതെത്തിയപ്പോൾ നദീം യഥാക്രമം ഏഴ്, എട്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലായിരുന്നു. 2022ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് രണ്ടും നദീം അഞ്ചും സ്ഥാനത്തായെങ്കിലും അതേ വർഷം ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പരിക്ക് കാരണം നീരജ് വിട്ടുനിന്നപ്പോൾ നദീം 90.18 മീറ്റർ എറിഞ്ഞ് സ്വർണമണിഞ്ഞു. 2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നദീമിനെ പിന്നിലാക്കി നീരജ് ഒന്നാമതെത്തുകയും ചെയ്തു. 2018ന് ശേഷം പതിയെപ്പതിയെ നീരജുമായുള്ള അകലം കുറച്ചുകൊണ്ടുവന്ന നദീം പാരിസിൽ നീരജിനെ മറികടന്ന് സ്വപ്നനേട്ടത്തിലെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.