‘രാജ്യത്തിന്റെ നഷ്ടം’; വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരിച്ച് ബ്രിജ്ഭൂഷൺ സിങ്ങിന്റെ മകൻ
text_fieldsന്യൂഡൽഹി: ഒളിമ്പിക്സ് ഗുസ്തിയിൽനിന്ന് ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി ബി.ജെ.പി എം.പിയും ഗുസ്തി അസോസിയേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനുമായ കരൺ ഭൂഷൺ സിങ്. ‘ഇത് രാജ്യത്തിന്റെ നഷ്ടമാണ്. ഗുസ്തി ഫെഡറേഷൻ ഇത് കണക്കിലെടുക്കുകയും എന്തുചെയ്യാനാകുമെന്ന് പരിശോധിക്കുകയും ചെയ്യും’ -എന്നിങ്ങനെയായിരുന്നു പ്രതികരണം.
ഉത്തർ പ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള എം.പിയാണ് ബി.ജെ.പി നേതാവായ കരൺ. പിതാവും കൈസർ ഗഞ്ചിലെ മുൻ എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ സിങ്ങിനെതിരെ ലൈംഗിക പീഡന ആരോപണം അടക്കം ഉന്നയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്താണ് വിനേഷ് ഫോഗട്ടും സാക്ഷി മാലികും ബജ്റംഗ് പുനിയയും അടക്കമുള്ള ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്ദർ മന്ദറിൽ സമരം നടത്തിയത്. എന്നാൽ, ബ്രിജ്ഭൂഷണെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.
ബ്രിജ്ഭൂഷന്റെ കാലാവധി പൂർത്തിയായ ശേഷം അടുത്ത അനുയായി കൂടിയായ സഞ്ജയ് സിങ്ങാണ് പിന്നീട് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായെത്തിയത്. ഇതോടെ സാക്ഷി മാലിക് ഗുസ്തിയോട് വിടപറയുകയാണെന്ന് കണ്ണീരോടെ പ്രഖ്യാപിച്ചു. ബജ്റംഗ് പുനിയ പത്മശ്രീ തിരികെ നൽകുകയും ഖേൽരത്‌ന, അർജുന അവാർഡുകൾ തിരികെ നൽകുന്നതായി അറിയിച്ച് വിനേഷ് ഫോഗട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.