ചിലിയുടെ വലയിൽ ഗോൾവർഷം; കുതിപ്പ് തുടർന്ന് അർജന്റീന
text_fieldsലോകകപ്പ് യോഗ്യത പോരാട്ടത്തിൽ ചിലിയെ തകർത്തെറിഞ്ഞ് അർജന്റീനയുടെ കുതിപ്പ്. നായകൻ മെസ്സിയില്ലാതെയിറങ്ങിയ ലോകചാമ്പ്യന്മാർക്കായി അലക്സിസ് മാക് അലിസ്റ്റർ, ഹൂലിയൻ അൽവാരസ്, പോളോ ഡിബാല എന്നിവരാണ് വല കുലുക്കിയത്. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജന്റീന ജയം പിടിച്ചത്. എതിർവലക്ക് നേരെയുതിർത്ത 16 ഷോട്ടുകളിൽ എട്ടും ലക്ഷ്യത്തിലേക്കാണ് കുതിച്ചത്.
ആദ്യപകുതിയിൽ ലൗറ്റാരോ മാർട്ടിനസും ഹൂലിയൻ അൽവാരസും ഡിപോളുമെല്ലാം ചിലി ഗോൾമുഖത്ത് പലതവണ ഭീതിവിതച്ചെങ്കിലും ഗോൾകീപ്പർ അരിയാസും പ്രതിരോധ താരങ്ങളും ചേർന്ന് പിടിച്ചുകെട്ടി. 19, 21 മിനിറ്റുകളിൽ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും എതിർ ഗോൾകീപ്പർ വഴങ്ങിയില്ല. ഇതിനിടെ വർഗാസിലൂടെ ചിലി കൗണ്ടർ അറ്റാക്ക് നടത്തിയെങ്കിലും ഷോട്ട് റൊമേരൊ തടഞ്ഞിട്ടു. വൈകാതെ എതിർതാരം ഡാവിലയെ ഡി പോൾ മാരകമായി ഫൗൾ ചെയ്തത് ഏറെനേരം വാക്കേറ്റത്തിനിടയാക്കി. ഇതിന് ഡി പോൾ മഞ്ഞക്കാർഡും വാങ്ങി. മിനിറ്റുകൾക്കകം ചിലി ബോക്സിൽ ഹെഡറിനുള്ള ശ്രമത്തിനിടെ ലൗറ്റാരോ മാർട്ടിനസ് എതിർ ഗോൾകീപ്പറുമായി കൂട്ടിയിടിച്ചുവീണതും ആശങ്ക പരത്തി. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ചിലി താരത്തിന്റെ ഹെഡർ വലതുപോസ്റ്റിൽ തട്ടിത്തെറിച്ചത് അർജന്റീനക്ക് രക്ഷയായി.
എന്നാൽ, ഇടവേള കഴിഞ്ഞെത്തി മൂന്ന് മിനിറ്റിനകം അലക്സിസ് മാക് അലിസ്റ്റർ കെട്ടുപൊട്ടിച്ച് ചിലിയുടെ വലയിൽ പന്തെത്തിച്ചു. ഹൂലിയൻ അൽവാരസ് നൽകിയ ക്രോസ് ലൗറ്റാറോ മാർട്ടിനസ് തന്ത്രപൂർവം ഒഴിഞ്ഞുകൊടുത്തപ്പോൾ ഓടിയെത്തിയ മാക് അലിസ്റ്റർ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. തുടർന്നും അർജന്റീന ആക്രമണം കനപ്പിച്ചെങ്കിലും ഗോൾ അകന്നുനിന്നു. 77ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനസിനും മാക് അലിസ്റ്ററിനും ലിസാൻഡ്രോ മാർട്ടിനസിനും പകരം അലജാന്ദ്രോ ഗർണാച്ചോ, പോളോ ഡിബാല, മാർകസ് അക്യൂന എന്നിവരെത്തി.
നിശ്ചിത സമയം അവസാനിക്കാൻ ആറ് മിനിറ്റ് ശേഷിക്കെ ചിലി താരങ്ങളിൽനിന്ന് റാഞ്ചിയ പന്ത് കിട്ടിയ ഹൂലിയൻ അൽവാരസ് തകർപ്പൻ ലോങ് റേഞ്ചറിലൂടെ ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ഗർണാച്ചോ ബോക്സിൽനിന്ന് നൽകിയ പാസ് പോളോ ഡിബാല ഉശിരൻ ഇടങ്കാലൻ ഷോട്ടിലൂടെ വലയിലെത്തിച്ചതോടെ പട്ടിക പൂർത്തിയായി.
യോഗ്യത റൗണ്ടിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ അർജന്റീന ആറ് ജയവും ഒരു തോൽവിയുമായി 18 പോയന്റോടെ ഒന്നാമതാണ്. 13 പോയന്റുമായി യുറുഗ്വെ രണ്ടാമതും 12 പോയന്റുമായി കൊളംബിയ മൂന്നാമതുമുള്ളപ്പോൾ ആറ് മത്സരങ്ങളിൽ ഏഴ് പോയന്റ് മാത്രമുള്ള ബ്രസീൽ ആറാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.