കാണികളുടെ ഏറിൽ നിർത്തിവെച്ച് മാഡ്രിഡ് ഡെർബി; നാടകീയതകൾക്കൊടുവിൽ സമനില
text_fieldsമാഡ്രിഡ്: ലാലിഗയിൽ നഗരവൈരികളായ റയൽ മാഡ്രിഡും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോര് നാടകീയതകൾക്കൊടുവിൽ സമനിലയിൽ പിരിഞ്ഞു. അത്‍ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ എയ്ഞ്ചൽ കൊറിയയുടെ ഗോളാണ് ആതിഥേയർക്ക് സമനില സമ്മാനിച്ചത്. റയൽ ഗോൾകീപ്പർ തിബോ കുർട്ടോക്ക് നേരെ കാണികൾ ലൈറ്ററുകൾ അടക്കമുള്ള വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് മത്സരം 20 മിനിറ്റോളമാണ് നിർത്തിവെക്കേണ്ടിവന്നത്.
പരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെയാണ് റയൽ ഇറങ്ങിയത്. പന്തടക്കത്തിലും ഷോട്ടുകളിലുമെല്ലാം ഒപ്പത്തിനൊപ്പം ആയിരുന്ന മത്സരത്തിൽ ഒമ്പതാം മിനിറ്റിൽ ജൂലിയൻ അൽവാരസ് റയൽ ഗോൾമുഖത്ത് ഭീതി വിതച്ചെങ്കിലും ഷോട്ട് ഗോൾകീപ്പർ തിബോ കുർട്ടോ തട്ടിയൊഴിവാക്കി. പിന്നാലെ റയലിന്റെ നിരന്തര ഗോൾശ്രമങ്ങൾ കണ്ടു. വാൽവെർഡെയുടെ ഷോട്ട് അത്‍ലറ്റിക്കോ ഗോൾകീപ്പർ ജോൺ ഒബ്ലാക് മുഴുനീള ഡൈവിലൂടെ വഴിതിരിച്ചുവിട്ടു. ശേഷം ഷുവാമെനിയുടെയും ബെല്ലിങ്ഹാമിന്റെയും റോഡ്രിഗോയുടെയുമെല്ലാം ശ്രമങ്ങളും ലക്ഷ്യം കാണാതെ പോയി.
64ാം മിനിറ്റിലായിരുന്നു റയൽ അക്കൗണ്ട് തുറന്നത്. അവർക്കനുകൂലമായി ലഭിച്ച ഫ്രീകിക്ക് ലൂക മോഡ്രിച്ച് വിനീഷ്യസിന് കൈമാറിയപ്പോൾ താരത്തിന്റെ സൂപ്പർ ക്രോസ് കാത്തുനിന്ന എഡർ മിലിട്ടാവോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാണികൾ തനിക്ക് നേരെ ചില വസ്തുക്കൾ എറിഞ്ഞതായി റയൽ ഗോൾകീപ്പർ തിബോ കുർട്ടോ പരാതിപ്പെട്ടു. തുടർന്ന് ഇരു മാനേജർമാരുമായും സംസാരിച്ച ശേഷം റഫറി മത്സരം അൽപസമയത്തേക്ക് നിർത്തിവെച്ചു. കാണികളോട് ശാന്തമാകാൻ മൈക്കിലൂടെ അഭ്യർഥന വരുകയും അത്‍ലറ്റികോ പരിശീലകൻ ഡിയേഗോ സിമിയോണിയും താരങ്ങളുമെല്ലാം ഇതിനായി ശ്രമിക്കുകയും ചെയ്തു. 20 മിനിറ്റിന് ശേഷമാണ് താരങ്ങൾ കളത്തിൽ തിരിച്ചെത്തിയത്.
കളി പുനരാരംഭിച്ചയുടൻ വിനീഷ്യസിന്റെ നീക്കം റയലിന്റെ ലീഡ് ഇരട്ടിപ്പിച്ചെന്ന് തോന്നിച്ചെങ്കിലും ഷോട്ട് അത്‍ലറ്റികോ ഗോൾകീപ്പർ വഴിതിരിച്ചുവിട്ടു. പിന്നാലെ അത്‍ലറ്റികോയുടെ സമാന നീക്കം റയൽ ഗോൾകീപ്പറും അത്യുജ്വല മെയ്‍വഴക്കത്തോടെ കുത്തിത്തെറിപ്പിച്ചു. ഗ്രീസ്മാന്റെ ഫ്രീകിക്ക് ക്രോസ്ബാറിലുരുമ്മി പുറത്തായതും റയൽ നിരയിൽ ആശ്വാസം പകർന്നു. എന്നാൽ, ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഹാവി ഗലാൻ നൽകി പാസിൽനിന്ന് എയ്ഞ്ചൽ കൊറിയ റയൽ വലയിൽ പന്തെത്തിച്ചു. റയൽ താരങ്ങൾ ഓഫ്സൈഡ് വാദമുയർത്തിയെങ്കിലും വി.എ.ആർ പരിശോധനയിൽ ഗോളുറപ്പിച്ചു. ഇതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു. കളി അവസാനിക്കാനിരിക്കെ എതിർ താരത്തെ മാരകമായി ഫൗൾ ചെയ്തതിന് അത്‍ലറ്റികോ താരം മാർകോസ് ലോറന്റെ ചുവപ്പ് കാർഡ് വാങ്ങി പുറത്താകുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.