ഗോളടിച്ച് വിവാഹ ആഘോഷം
text_fieldsമഞ്ചേരി: ലോകകപ്പ് അടുത്താൽ മലപ്പുറം ഇങ്ങനെയാണ്. എന്ത് ആഘോഷങ്ങൾക്കും അവർ അതിന് ഫുട്ബാളിന്റെ നിറം നൽകും. അത് വിവാഹമായാലും വിനോദമായാലും അങ്ങനെ തന്നെ. അത്തരമൊരു കാഴ്ചയാണ് കാരക്കുന്ന് ചീനിക്കലിൽനിന്നുള്ളത്. കടുത്ത അർജൻറീന ആരാധകനായ പാലപ്പെട്ടി ഷബീബിന്റെ വിവാഹ ദിവസം സുഹൃത്തുക്കളെല്ലാം എത്തിയത് വെള്ളയും നീലയും കലർന്ന ജഴ്സി അണിഞ്ഞ്. ഇതോടെ പത്തപ്പിരിയം വായനശാലയിലെ ഓഡിറ്റോറിയം ലോകകപ്പ് വേദിയെ അനുസ്മരിക്കുംവിധമായി മാറി.
ഭക്ഷണഹാളിലും 'മെസി' മയം. ഭക്ഷണം പാസ് ചെയ്തും ഡ്രിബിൾ ചെയ്തും വിവാഹത്തിനെത്തിയവരെ സുഹൃത്തുക്കൾ സൽക്കരിച്ചു. മിനി റൊസാരിയോ തെരുവ് എന്നാണ് ഇവർ നാടിനെ വിശേഷിപ്പിക്കുന്നത്. പ്രദേശത്തെ 30ലധികം യുവാക്കളാണ് വിവാഹവേദിയെ ആകാശനീലിമയിൽ നിറച്ചത്. അർജൻറീന ആരാധികയായ വധു ഷബാനയും ടീമിനൊപ്പം പങ്കുചേർന്നു. വരനും വധുവിനും സമ്മാനമായി അർജൻറീനയുടെ ജഴ്സി കൊടുക്കാനും സുഹൃത്തുക്കൾ മറന്നില്ല. ഇതിന് പുറമെ ഈ വർഷം ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലിസിമ കിരീടം നേടിയ ടീമംഗങ്ങളുടെ ഗ്രൂപ് ഫോട്ടോയും ഫ്രെയിം ചെയ്തു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.