ഷട്ടിലടിക്കാൻ മലയാളിപ്പട
text_fieldsദുബൈ: ചൊവ്വാഴ്ച ദുബൈ എക്സ്പോ സിറ്റിയിൽ ഏഷ്യൻ മിക്സഡ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന് വിസിൽ മുഴങ്ങുമ്പോൾ യു.എ.ഇക്കായി കളത്തിലിറങ്ങുന്നത് ഏഴ് മലയാളി താരങ്ങൾ. 16 അംഗ ദേശീയ ടീമിലാണ് പകുതിയോളം മലയാളി താരങ്ങൾ ഇടംപിടിച്ചത്. പി.വി. സിന്ധു നയിക്കുന്ന ഇന്ത്യൻ ടീമിനെ നേരിടാനുള്ള തയാറെടുപ്പിലാണ് ഇവർ.
ദുബൈ എക്സ്ട്രാ അക്കാദമി താരങ്ങളായ അകൻഷ രാജ്, നനോനിക രാജേഷ്, എസ്. മധുമിത, ദേവ് വിഷ്ണു, ഐ.എച്ച്.എസ് ദുബൈ വിദ്യാർഥി ഋഷഭ് കാളിദാസൻ, ഇന്ത്യൻ അക്കാദമി സ്കൂൾ വിദ്യാർഥി അലീന ഖാത്തൂൻ, ഡി.പി.എസ് ദുബൈയിലെ ഭരത് ലതീഷ് എന്നിവരാണ് യു.എ.ഇയുടെ ജഴ്സിയിൽ കളത്തിലിറങ്ങുക. യു.എ.ഇ ആദ്യമായി പങ്കെടുക്കുന്ന ഏഷ്യൻ മിക്സഡ് ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ് കൂടിയാണിത്.
ഇന്ത്യ, മലേഷ്യ, കസാഖ്സ്താൻ ടീമുകൾ അടങ്ങുന്ന കരുത്തുറ്റ ബി ഗ്രൂപ്പിലാണ് യു.എ.ഇ കളിക്കുന്നത്. സീനിയർ ചാമ്പ്യൻഷിപ്പാണെങ്കിലും പുതുതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യുവതാരങ്ങളെയാണ് യു.എ.ഇ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് ടീമിലുള്ളത്. നാല് കുട്ടികളും വർഷങ്ങളായി പരിശീലിക്കുന്നത് എക്സ്ട്രാ അക്കാദമിയിലാണ്. കെ.വി. ബാബുരാജിന്‍റെയും സ്മിതയുടെയും മകളായ അകൻഷ രാജ് ദുബൈ അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥിയാണ്.
ബോധാനന്ദൻ രാജേഷിന്‍റെയും പ്യാരി രാജേഷിന്‍റെയും മകളായ നനോനിക ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിക്കുന്നു. ഇന്ത്യൻ എക്സലൻഡ് പ്രൈവറ്റ് സ്കൂൾ വിദ്യാർഥിയാണ് സുന്ദര പാണ്ഡ്യന്‍റെയും ഗായത്രിയുടെയും മകൾ മധുമിത. ഒമ്പതു വർഷമായി ബാഡ്മിന്‍റൺ പരിശീലിക്കുന്ന ദേവ് വിഷ്ണു, വിഷ്ണു ബാലഗംഗന്‍റെയും ചിക്കുവിന്‍റെയും മകനാണ്.
ഇന്ത്യൻ അക്കാദമിയിലാണ് പഠനം. എസ്. കാളിദാസന്‍റെയും ഷലീനയുടെയും മകൻ ഋഷഭ്, മുഹമ്മദ് ഷാനവാസിന്‍റെയും ഷീബ വഹാബിന്‍റെയും മകൾ അലീന ഖാത്തൂൻ, ലതീഷിന്‍റെയും സ്മൃതി ലതീഷിന്‍റെയും മകൻ ഭരത് എന്നിവരും ആറ് വർഷത്തോളമായി വിവിധ അക്കാദമികളിൽ പരിശീലിക്കുന്നവരാണ്.
കുട്ടികളുടെ കഴിവിനൊപ്പം യു.എ.ഇ ബാഡ്മിന്‍റൺ ഫെഡറേഷന്‍റെ പിന്തുണയും ആത്മവിശ്വാസവും ദീർഘവീക്ഷണവുമാണ് തങ്ങളുടെ കുട്ടികൾക്ക് ദേശീയ ടീമിൽ അവസരം ലഭിക്കാൻ ഇടയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. എക്സ്ട്രാ അക്കാദമിയിലെ പരിശീലകർ ഉൾപ്പെട്ട സംഘമാണ് പത്തു ദിവസമായി ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.