നദിയിലൂടെ ഒഴുകുന്ന മാർച്ച്പാസ്റ്റ്; ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇത്തവണ വൈവിധ്യങ്ങളേറെ
text_fieldsചരിത്രമുറങ്ങുന്ന പാരിസ് നഗരത്തെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്കായിരിക്കും ഇന്ന് കായിക ലോകത്തിന്റെ ശ്രദ്ധ മുഴുവൻ. ലോക കായികോത്സവമായ ഒളിമ്പിക്സിന് ഇന്ന് അരങ്ങുണരുമ്പോൾ ഇത്തവണ സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങെന്ന പ്രത്യേകത കൂടിയുണ്ട്. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റടക്കം നടക്കുന്നത് സെൻ നദിയിലാണ്. 10,500 അത്ലറ്റുകൾ നൂറോളം നൗകകളിലാണ് അണിനിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക.
പഴയ പാലങ്ങൾക്കടിയിലൂടെയും പ്രശസ്തമായ കെട്ടിടങ്ങൾക്കും പ്രദേശങ്ങൾക്കും അരികിലൂടെയും ഒഴുകുന്ന മാർച്ച് പാസ്റ്റ് കാണാൻ മികവുറ്റ സൗകര്യങ്ങളാണ് നദിക്കരയിൽ ഒരുക്കിയത്. 206 വലിയ സംഘങ്ങൾക്ക് സ്വന്തമായ നൗകയാകും ഒരുക്കുക. ചെറിയ സംഘങ്ങൾ നൗകകൾ പങ്കുവെക്കും. മാർച്ച് പാസ്റ്റ് ആറ് കിലോമീറ്റർ അപ്പുറത്ത് ഈഫലിന് സമീപമുള്ള ട്രോകാഡെറോ വരെയുണ്ടാകും. ഔപചാരിക ഉദ്ഘാടന ചടങ്ങുകൾ ഇവിടെയാണ് നടക്കുന്നത്. ദീപം തെളിച്ച ശേഷം ഒളിമ്പിക് പ്രഖ്യാപനവും ഈ പ്രദേശത്താണ്. ഏറ്റവും സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിൽ സസ്പെൻസ് തുടരുകയാണ്. ഇതിഹാസ ഫുട്ബാളർ സിനദിൻ സിദാനടക്കമുള്ള പേരുകളാണ് ദീപം തെളിയിക്കുന്നവരുടെ പട്ടികയായി പ്രചരിക്കുന്നത്.
2015 നവംബർ 13ന് 130 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദികളുടെ ആക്രമണത്തിൽ രക്ഷപ്പെട്ടവരെയും ഒളിമ്പിക് ദീപം തെളിയിക്കാൻ സംഘാടകർ എത്തിച്ചേക്കും. ചടങ്ങുകൾ കാണാൻ 3.20 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ചെറിയതോതിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടെങ്കിലും ചടങ്ങുകൾക്ക് ഭീഷണിയാകില്ല.
അഞ്ചാം തവണ ഒളിമ്പിക്സിനെത്തിയ ടേബ്ൾ ടെന്നിസ് താരം അജന്ത ശരത് കമലും രണ്ടുവട്ടം മെഡൽ നേടിയ ബാഡ്മിന്റൺ താരം പി.വി. സിന്ധുവുമാണ് 117 അംഗ ഇന്ത്യൻ സംഘത്തിന്റെ പതാകയേന്തുക. ദേശീയപതാക വഹിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശരത് കമലും സിന്ധുവും പറഞ്ഞു. ദേശീയ പതാക ആലേഖനംചെയ്ത സാരിയും ബ്ലൗസുമാകും ഇന്ത്യൻ വനിതകൾ ധരിക്കുക. പുരുഷന്മാർക്ക് പതിവായി ധരിക്കുന്ന കോട്ട് ഇത്തവണയില്ല. ത്രിവർണ പതാകയുടെ അലങ്കാരമുള്ള ബന്ദി ജാക്കറ്റും പാന്റ്സുമാകും പുരുഷ അത്ലറ്റുകളുടെയും ഒഫീഷ്യലുകളുടെയും വേഷമെന്നും സൂചനയുണ്ട്.
ഉദ്ഘാടന ചടങ്ങിലെ കലാവിരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ സംഘാടകർ രഹസ്യച്ചെപ്പിലൊളിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ആരിയാന ഗ്രാൻഡെ, അഞ്ച് ഗ്രാമി പുരസ്കാരം നേടിയ കനേഡിയൻ ഗായിക സെലിൻ ഡിയോൺ, അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമായ ലേഡി ഗാഗ എന്നിവർ ഗാനവിരുന്നുമായി രംഗത്തെത്തിയേക്കും. ഇന്ത്യൻ സാന്നിധ്യമായി തെലുഗ് സൂപ്പർ സ്റ്റാർ ചിരഞ്ജീവിയെത്തുമെന്നും അഭ്യൂഹമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.