മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ ഡോ. വി.പി.എം. അഷ്‌റഫ്
text_fieldsഎടവണ്ണ: ജൂണ്‍ 29 മുതല്‍ ജൂലൈ 10 വരെ ഫിന്‍ലാന്‍ഡിലെ ടാംപറെയില്‍ നടക്കുന്ന 24ാമത് ലോക മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിൽ എടവണ്ണ പത്തപ്പിരിയം സ്വദേശി ഡോ. വി.പി.എം. അഷ്‌റഫ് പങ്കെടുക്കും. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്. അഞ്ച് കിലോമീറ്റര്‍ നടത്തമത്സരത്തിനാണ് എഴുപതാം വയസ്സിൽ പോരിന് ഇറങ്ങുന്നത്. ആഴ്ചയില്‍ നാല് ദിവസമെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഇദ്ദേഹം പരിശീലനത്തിന് എത്തുന്നുണ്ട്. ആറ് വര്‍ഷമായി ഈ പരിശീലനം തുടങ്ങിയിട്ട്. പുലര്‍ച്ച നാലരക്ക് വീട്ടില്‍നിന്ന് പുറപ്പെട്ട് ആറ് മണിയോടെ സ്റ്റേഡിയത്തിലെത്തിയാണ് പരിശീലനം.
ജില്ല-സംസ്ഥാന-ദേശീയ മത്സരങ്ങളിലും മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് മീറ്റിലും യോഗ്യത നേടിയാണ് ഇദ്ദേഹം 87 രാഷ്ട്രങ്ങളില്‍ നിന്നായി 4400ല്‍പരം അത്ലറ്റുകള്‍ പങ്കെടുക്കുന്ന ഈ കായികമാമാങ്കത്തിലേക്ക് എത്തിയത്. മത്സരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ജൂൺ 26ന് യാത്ര പുറപ്പെടും. എടവണ്ണ പഞ്ചായത്ത് സ്‌നേഹാദരവ് നല്‍കി. പ്രസിഡന്റ് ടി. അഭിലാഷ് ആദരിച്ചു. വൈസ് പ്രസിഡന്റ് നുസ്‌റത്ത് വലീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആക്ടിങ് സെക്രട്ടറി ജയന്തി നാരായണന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ബാബരാജന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം. ജാഫര്‍, സിനിമോള്‍ അഫീഫ്, പി. രാമകൃഷ്ണന്‍, സി.എച്ച്. സുബൈര്‍, കാഞ്ഞിരാല ശിഹാബ്, എ.പി. ജൗഹര്‍സാദത്ത്, പറമ്പന്‍ മുഹമ്മദ് സാദിഖ്, എ. മുഹമ്മദ് സലീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.