പരിക്കിൽ നഷ്ടമായത് മെഡൽ പ്രതീക്ഷകൾ
text_fieldsന്യൂഡൽഹി: കാത്തുകാത്തിരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പല പ്രമുഖ താരങ്ങൾക്കും ഇത്തവണ പങ്കെടുക്കാനായില്ല. കഴിഞ്ഞ തവണ വിജയം കൊയ്ത താരങ്ങളാണ് കാഴ്ചക്കാരായി മാറിയത്. അപ്രതീക്ഷിതമായി യോഗ്യത നേടാനാവാതിരുന്നതും രാജ്യത്തിന്റെ മെഡൽ നേട്ടങ്ങളിൽ മങ്ങലേൽപിക്കും.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ വനിത താരം വിനേഷ് ഫോഗട്ടിന് കാൽമുട്ടിനേറ്റ പരിക്ക് കാരണം ഹാങ്ചോയിലേക്ക് പോകാനായില്ല. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിലായിരുന്ന ഫോഗട്ടിന് ഏഷ്യൻ ഗെയിംസിലേക്ക് നേരിട്ട് സെലക്ഷൻ ലഭിച്ചിരുന്നു.
57 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ രവി ദാഹിയയും മെഡൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജൂലൈയിൽ നടന്ന ദേശീയ ട്രയൽസിന്റെ ആദ്യ റൗണ്ടിൽ അതിഷ് ടോഡ്കറിനോട് തോറ്റത് ഈ 25കാരന് വിനയായി. ജക്കാർത്തയിൽ വെള്ളിമെഡൽ നേടിയ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ ടീമിലില്ല.
അണ്ടർ 17 ടീമിന്റെ പരിശീലകയാണ് റാണി. 400 മീറ്ററിലെ പ്രമുഖതാരമായ ഹിമ ദാസ് പേശിവലിവ് കാരണം ഹാങ്ചോയിലേക്കില്ല. കഴിഞ്ഞ തവണ ജക്കാർത്തയിൽ എം.ആർ. പൂവമ്മ, വി.കെ. വിസ്മയ, സരിത ഗെയ്ക്വാദ് എന്നിവർക്കൊപ്പം വിസ്മയകരമായ പ്രകടനവുമായി ഹിമ 4-400 മീറ്ററിൽ രാജ്യത്തിന് സ്വർണം നേടിക്കൊടുത്തിരുന്നു. ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ അമിത് പംഗൽ ജക്കാർത്തയിൽ 49 കിലോ വിഭാഗത്തിൽ സ്വർണം നേടിയിരുന്നു.
എന്നാൽ, ദീപക് ബോറിയയോട് സെലക്ഷൻ ട്രയൽസിൽ അമിത് അവിശ്വസനീയമായി തോൽക്കുകയായിരുന്നു. സെലക്ഷനെതിരെ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ നിലവിലെ ജേതാവായ സൗരഭ് ചൗധരി ട്രയൽസിൽ ഏറെ പിന്നിലായതോടെ ഹാങ്ചോയിലേക്ക് ടിക്കറ്റ് കിട്ടിയില്ല. ജക്കാർത്തയിൽ രണ്ട് വെള്ളി നേടിയ അശ്വാഭ്യാസക്കാരൻ ഫൗആദ് മിർസയും യോഗ്യത സ്വന്തമാക്കിയില്ല.
റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ജിംനാസ്റ്റ് ദീപ കർമാകർ, മുൻ ലോക ഒന്നാം നമ്പർ അമ്പെയ്ത്ത് താരം ദീപിക കുമാരി തുടങ്ങിയ പ്രമുഖരും സെലക്ഷൻ ട്രയൽസിൽ പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.