അത്‍ലറ്റ് ഐശ്വര്യ മിശ്ര 'ഒളിച്ചോടിയെന്ന്' ഫെഡറേഷൻ; വാരാണസിയിലുണ്ടെന്ന് പരിശീലകൻ
text_fieldsന്യൂഡൽഹി: 400 മീറ്ററിലെ അവിശ്വസനീയ കുതിപ്പിലൂടെ ദേശീയ അത്‍ലറ്റിക് രംഗത്ത് ശ്രദ്ധ നേടിയ ഐശ്വര്യ മിശ്ര 'മുങ്ങി നടക്കുകയാണെന്ന്' അത്‍ലറ്റിക് ഫെഡറേഷൻ. ഏപ്രിലിൽ തേഞ്ഞിപ്പലത്തു നടന്ന ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്‌സിൽ വനിതകളുടെ 400 മീറ്ററിൽ 51.18 സെക്കൻഡിൽ ഓടിയെത്തിയാണ് ഐശ്വര്യ ഇന്ത്യൻ കായിക ലോകത്തെ ഞെട്ടിച്ചത്.
എന്നാൽ, ആ പ്രകടനത്തിനുശേഷം ഐശ്വര്യയെ കണ്ടെത്താൻ ദേശീയ അത്‍ലറ്റിക് ഫെഡറേഷന് കഴിഞ്ഞിട്ടില്ല. ഫെഡറേഷൻ കപ്പിൽ മികച്ച സമയം കുറിച്ച ഐശ്വര്യയെ ഇന്ത്യൻ അത്‌ലറ്റിക് ക്യാമ്പിലെത്തിച്ച് തുർക്കിയിലേക്കു വിദഗ്ധ പരിശീലനത്തിന് അയക്കാനായിരുന്നു ഫെഡറേഷന്റെ നീക്കം.
ഇതിനുവേണ്ടി ഐശ്വര്യയെ കണ്ടെത്താൻ ഫെഡറേഷന് കഴിഞ്ഞിരുന്നില്ല. ലോക അത്‍ലറ്റുകളുടെ കൂട്ടായ്മായ അത്‍ലറ്റിക്സ് ഇന്റഗ്രിറ്റി യൂനിറ്റും (എ.ഐ.യു) ഐശ്വര്യയെ തെരഞ്ഞിരുന്നു. ദേശീയ അത്‍ലറ്റിക്സിൽ മുമ്പ് വലിയ നേട്ടങ്ങളില്ലാതിരുന്ന ഐശ്വര്യയുടെ പെട്ടെന്നുള്ള കുതിപ്പിനു പിന്നിൽ ഉത്തേജക ഉപയോഗമുണ്ടെന്ന സംശയം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉത്തേജക പരിശോധന നടത്താനുള്ള നാഡയുടെ ശ്രമങ്ങളും വിജയിച്ചിരുന്നില്ല.
അതേസമയം, ഐശ്വര്യയെ 'കാണാനില്ലെന്ന' വാർത്തകൾ മാധ്യമങ്ങളിൽ സജീവമായപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിശീലകനും സഹോദരനും. ഐശ്വര്യ വാരാണസിയിലുണ്ടെന്നും അസുഖബാധിതയായ മുത്തശ്ശിയെ പരിചരിക്കുകയാണെന്നുമാണ് പരിശീലകൻ സുമീത് സിങും സഹോദരൻ സങ്കേത് മിശ്രയും പറയുന്നത്. 'പെശ്വര്യയെ ഫോണിൽ ലഭിക്കാത്തത് അവൾ വാരാണസിയിൽ മുത്തശ്ശിയെ പരിചരിക്കുന്ന തിരക്കിൽ ആയതിനാലാണ്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് അവൾ ഇപ്പോൾ പ്രധാന്യം നൽകുന്നത്. കുടുംബത്തിലെ സാഹചര്യം മെച്ചപ്പെടുന്നതോടെ ഐശ്വര്യ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നതാണ്' -സങ്കേത് മിശ്ര പറഞ്ഞു.
തുർക്കിയിലെ ക്യാമ്പിലേക്ക് പോകുന്നതിനായി ഐശ്വര്യ എത്തിയില്ലെന്ന് ഫെഡറേഷൻ പറയുന്നത് തെറ്റാണെന്നും രണ്ട് തവണ അവർ ഇതിനായി ഡൽഹിയിലെ ഫെഡറേഷൻ ആസ്ഥാനത്ത് പോയെന്നും പരിശീലകൻ സുമീത് സിങ് പറയുന്നു. യാത്രക്കുള്ള രേഖകൾ പൂരിപ്പിച്ച് നൽകുകയും മെഡിക്കൽ പരിശോധനക്ക് ഹാജരാകുകയും ചെയ്തതാണ്. പക്ഷേ, ഫെഡറേഷൻ പല കാരണങ്ങൾ പറഞ്ഞ് കാര്യങ്ങൾ താമസിപ്പിക്കുകയും ഒടുവിൽ ഇന്ത്യൻ സംഘം തുർക്കിക്ക് പോയെന്ന് അറിയിക്കുകയുമായിരുന്നു. തിരുവനന്തപുരത്ത് പരിശീലനം നടത്തുന്ന ബി ടീമിനൊപ്പം ചേരാനായിരുന്നു ഐശ്വര്യക്ക് ലഭിച്ച നിർദേശം. എന്നാൽ, അതിൽ കാര്യമില്ലാത്തതിനാൽ മുംബൈയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നെന്നും പരിശീലകൻ വ്യക്തമാക്കി.
ഐശ്വര്യയെ ഫോണിൽ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിട്ടും സാധിച്ചില്ലെന്ന് മഹാരാഷ്ട്ര അത്‍ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി സതീഷ് ഉച്ചിൽ പറയുന്നു. 'അടുത്തിടെയായി ഐശ്വര്യ സ്റ്റേറ്റ് മീറ്റുകളിലൊന്നും പങ്കെടുത്തിട്ടില്ല. അതുകൊണ്ട് അവരുമായി സംസാരിക്കേണ്ട കാര്യങ്ങൾ ഇല്ലായിരുന്നു. ദേശീയ അത്‍ലറ്റിക്സ് ഫെഡറേഷന്റെ ക്യാമ്പിൽ അവർ എത്തിയില്ലെന്ന് അറിഞ്ഞാണ് ബന്ധപ്പെടാൻ ശ്രമിച്ചത്. 15 ദിവസം ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. എല്ലാ വഴികളിലൂടെയും നോക്കി. പക്ഷേ, പ്രതികരണം ലഭിച്ചില്ല. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയാണ്' -സതീഷ് ഉച്ചിൽ വ്യക്തമാക്കി. ഐശ്വര്യയുടെ ഫോൺ ഓഫ് ആണെന്നും ഫെഡറേഷനിൽ സമർപ്പിച്ച വിലാസം വ്യാജമാണെന്നും അത്‍ലറ്റിക് ഫെഡറേഷനും പറയുന്നു.
ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്‌സിൽ ഐശ്വര്യ നടത്തിയത് 400 മീറ്ററിലെ ഒരു ഇന്ത്യൻ വനിതയുടെ മികച്ച മൂന്നാമത്തെ പ്രകടനമാണ്. ഇത് ഉത്തേജക മരുന്ന് ഉപയോിച്ചിട്ട് ആകാമെന്നും അത് കണ്ടെത്തിയാൽ വിലക്ക് ഏർപ്പെടുത്തുമെന്ന് പേടിച്ചിട്ടാണ് ഐശ്വര്യ മുങ്ങി നടക്കുന്നത് എന്നുമായിരുന്നു ആരോപണം. എന്നാൽ, ഫെഡറേഷൻ കപ്പ് നടക്കുമ്പോൾ തന്നെ ഉത്തേജക പരിശോധന ഐശ്വര്യ മറികടന്നതാണെന്നും അതിന്റെ പേരിൽ അവർ മുങ്ങി നടക്കുകയാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും പരിശീലകൻ സുമീത് സിങ് പറയുന്നു. ഇത്തരമൊരു മിന്നും പ്രകടനത്തിന് ശേഷം ഒരു അത്‍ലറ്റിന് എങ്ങിനെയാണ് ഒളിച്ചോടാൻ കഴിയുകയെന്നും പരിശീലകൻ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.