മലപ്പുറത്തിന്‍റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ -അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരും -കായികമന്ത്രി
text_fieldsമഞ്ചേരി: മലപ്പുറത്തിന്‍റെ മണ്ണിലേക്ക് കൂടുതല്‍ ദേശീയ- അന്തര്‍ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി ചര്‍ച്ച നടന്നുവരുകയാണ്. പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരം കാണാന്‍ എത്തിയ ആരാധകരുടെ ബാഹുല്യം മലപ്പുറത്തിന്‍റെ ഫുട്‌ബാള്‍ ആവേശത്തിന്‍റെ നേര്‍സാക്ഷ്യമാണ്. നിലവില്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനില്ല. സ്റ്റേഡിയത്തിന്‍റെ രണ്ടാം ഘട്ട വികസ പ്രവര്‍ത്തനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് വിശിഷ്ടാതിഥിയായി. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് മുഖ്യാതിഥിയായി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, എം.എൽ.എമാരായ എ.പി. അനില്‍കുമാര്‍, പി. ഉബൈദുല്ല, പി. നന്ദകുമാര്‍, നജീബ് കാന്തപുരം, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എന്‍.എം. മെഹ്‌റലി, സബ് കലക്ടർ ശ്രീധന്യ, നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ, ഇവന്‍റ് കോഓഡിനേറ്റർ യു. ഷറഫലി, മുൻ ഇന്ത്യൻതാരം ഐ.എം. വിജയന്‍, ആസിഫ് സഹീര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് എ. ശ്രീകുമാർ, വൈസ് പ്രസിഡന്‍റ് വി.പി. അനില്‍, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.എം.എ. മേത്തര്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറി എച്ച്.പി. അബ്ദുല്‍ മഹ്റൂഫ്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ കെ. മനോഹരകുമാര്‍, കെ.എ. നാസര്‍, പി. ഋഷികേഷ് കുമാര്‍, സി. സുരേഷ്, പി. അഷ്റഫ്, നഗരസഭ കൗൺസിലർ പി. അബ്ദുല്‍ റഹീം എന്നിവർ സംസാരിച്ചു.
ഒഴുകിയെത്തിയത് 28,000 കാണികൾ
മഞ്ചേരി: ജില്ല ആദ്യമായി ആതിഥേയത്വം വഹിച്ച ചാമ്പ്യൻഷിപ്പിന്‍റെ ഉദ്ഘാടന മത്സരം തന്നെ ചരിത്രത്തിൽ ഇടം നേടി. കേരളത്തിന്‍റെ ആദ്യ മത്സരം കാണാൻ 28,000ത്തോളം കാണികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കെത്തിയത്. കാണികൾക്കുള്ള ഗാലറിയും കസേര ഇട്ട ഇരിപ്പിടങ്ങളും നിറഞ്ഞുകവിഞ്ഞു. ഗാലറിയിൽ ഇടംകിട്ടാത്തവർ ഫെൻസിങ്ങിനോട് ചേർന്നുനിന്നാണ് കളികണ്ടത്. എങ്കിലും ആവേശത്തിന് കുറവുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.