കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഒരു മലയാളി ഇടിക്കാരൻ
text_fields60ഓളം അമേച്വർ ഫൈറ്റിൽ 58 എണ്ണത്തിലും എതിരാളികളെ ഇടിച്ചുതോൽപിച്ചവനാണ് മുഹമ്മദ് ഷുഐബ്. ആറ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2019ൽ ഇന്‍റർനാഷനൽ മത്സരത്തിൽ വെള്ളിമെഡൽ നേടി. പ്രോഫൈറ്റിൽ 14 എണ്ണം വിജയിച്ചു.
ഇടികൾ പലവിധമുണ്ട്. റിങ്ങിലിടി, ബോക്സിലിടി, ഗാലറിയിലിടി, സ്റ്റേഡിയത്തിലിടി. പക്ഷെ, നിങ്ങൾ കാണാൻ പോകുന്ന ഇടി ഇതൊന്നുമല്ല. ഇത് കിക് ബോക്സിങ്. ഇടിക്കൂട്ടിലെ വേറിട്ട 'തല്ല്'. അടുത്ത മാസം ദുബൈയിൽ ഇടിയുടെ പെരുംപൂരമായ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് അരങ്ങേറുമ്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇടിക്കൂട്ടിലേക്കിറങ്ങുന്നത് തൃശൂർ കരുപ്പടന്ന സ്വദേശി മുഹമ്മദ് ഷുഐബാണ്. മാസങ്ങളായി ഈ മത്സരത്തിനായുള്ള ഒരുക്കത്തിലാണ് ഷുഐബ്.
പിതാവ് നജീബിന്‍റെ ആയോധന കലയോടുള്ള ഇഷ്ടമാണ് ഷുഐബിനെ ബോക്സിങ് റിങ്ങിലേക്കെത്തിച്ചത്. ചെറു പ്രായത്തിൽ കരാട്ടെ പഠിച്ചിരുന്ന നജീബ് മക്കളെയും കുഞ്ഞുനാളിൽ തന്നെ അക്കാദമിയിൽ ചേർത്തു. എന്നാൽ, ഷുഐബ് മാത്രമാണ് ഇത് പ്രൊഫഷനായി സ്വീകരിച്ചത്. സാധാരണ ബോക്സിങിലായിരുന്നു തുടക്കമെങ്കിലും പിന്നീട് കിക് ബോക്സിങ്ങിലേക്ക് മാറുകയായിരുന്നു. സാധാരണ ബോക്സിങിനെ അപേക്ഷിച്ച് കൂടുതൽ അപകടകാരിയാണ് കിക് ബോക്സിങ്. നാട്ടിൽ കിക് ബോക്സിങിന് അത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഷുഐബ് പറയുന്നു. എന്നാൽ, കിക് ബോക്സിങിലെ മൊയ്തായി അസോസിയേഷൻ നാട്ടിൽ ശക്തമാണ്. അതിനാൽ, മൊയ്തായിയാണ് ഷുഐബും പ്രൊഫഷനലായി സ്വീകരിച്ചിരിക്കുന്നത്.
കൂടുതൽ പ്രൊഫഷനലാകാനുള്ള പുറപ്പാടിലാണ് ദുബൈയിൽ ഷുഐബ് കച്ച മുറുക്കുന്നത്. ഈജിപ്ഷ്യൻ കോച്ച് അഹ്മദിന് കീഴിൽ ദുബൈ സിലിക്കൺ ഒയാസീസിലാണ് പരിശീലനം. മുൻ കിക് ബോക്സിങ് ചാമ്പ്യൻ മിഥുൻ ജിതാണ് ഷുഐബിന്‍റെ ദുബൈയിലേക്കുള്ള വഴികാട്ടി. അത്ര നിസാരക്കാരനല്ല ഷുഐബ്. 60ഓളം അമേച്വർ ഫൈറ്റിൽ 58 എണ്ണത്തിലും എതിരാളികളെ ഇടിച്ചുതോൽപിച്ചവനാണ്. ആറോളം ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇന്‍റർനാഷനൽ മത്സരത്തിൽ 2019ൽ വെള്ളിമെഡൽ നേടി. പ്രോഫൈറ്റിൽ 14 എണ്ണം വിജയിച്ചു.
ആദ്യമായല്ല ഷുഐബ് ദുബൈയിൽ എത്തുന്നത്. മുൻപ് മാർഷ്യൽ ആർട്സ് അക്കാദമിയിൽ ദുബൈയിൽ ജോലി ചെയ്തിരുന്നു. രണ്ടാം വരവിലെ പ്രധാന ലക്ഷ്യം ഒക്ടോബർ എട്ടിന് നടക്കുന്ന വേൾഡ് കിക് ബോക്സിങ് ചാമ്പ്യൻഷിപ്പാണ്. പാകിസ്താനിൽ നിന്നുള്ള കിക് ബോക്സറാണ് ബോക്സിങ് റിങ്ങിലെ എതിരാളി. 20 ലോകോത്തര പോരാളികളുടെ പത്തു മത്സരങ്ങളാണ് അവതരിപ്പിക്കുന്നത്. സ്വിസ് താരം ഉൾറിച്ച് ബൊകെമെ, റഷ്യൻ പോരാളി ഗാഡ്‌സി മെദ്‌സിഡോവ്, റഷ്യൻ താരം സൈഫുള്ളഖ് ഖംബഖഡോവ്, തുർക്കിഷ് താരം ഫുർഖാൻ സെമി കരാബാഗ് എന്നിവർ തമ്മിലുള്ള രണ്ട് പ്രധാന ഇവന്‍റുകൾ ഫൈറ്റ് കാർഡിൽ ഉൾപ്പെടുന്നു. പ്രധാന മത്സരത്തിൽ ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും മാവ്‌ലുദ് തുപീവും പങ്കെടുക്കും. വനിത പോരാട്ടവും അരങ്ങേറും. ചാമ്പ്യൻഷിപ്പ് കഴിഞ്ഞാലും ഈ മേഖലയിൽ തന്നെ കൂടുതൽ നേട്ടങ്ങൾ കൊയ്യണമെന്നാണ് ആഗ്രഹം. ലോക ചാമ്പ്യനാകണമെന്നതാണ് ഏറ്റവും വലിയ സ്വപ്നം. അത് യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസവും ഷുഐബിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.