സഞ്ജുവിന്റെ ബാറ്റിങ് വിരുന്നിന് പിന്നാലെ മുകേഷിന്റെ വിക്കറ്റ് വേട്ട; സിംബാബ്വെക്കെതിരെ അവസാന മത്സരവും ജയിച്ച് ഇന്ത്യ
text_fieldsഹരാരെ: സിംബാബ്വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിലും ജയിച്ചുകയറി ഇന്ത്യ. 42 റൺസിനായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും വിജയം. ഇതോടെ പരമ്പര 4-1നാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ മാത്രമാണ് ആതിഥേയർക്ക് ജയിക്കാനായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45 പന്തിൽ നാല് സിക്സും ഒരു ഫോറുമടക്കം 58 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസടിച്ചപ്പോൾ സിംബാബ്വെയുടെ മറുപടി 18.3 ഓവറിൽ 125 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇന്ത്യക്കായി തകർത്തെറിഞ്ഞ മുകേഷ് കുമാർ 3.3 ഓവറിൽ 22 റൺസ് വഴങ്ങി നാലുപേരെ മടക്കി.
32 പന്തിൽ 34 റൺസെടുത്ത ഡിയോൺ മയേഴ്സാണ് ആതിഥേയരുടെ ടോപ് സ്കോറർ. മഴേയ്സിന് പുറമെ, 13 പന്തിൽ 27 റൺസടിച്ച ഫറാസ് അക്രമിനും 24 പന്തിൽ 27 റൺസെടുത്ത തദിവനാഷെ മരുമനിക്കും മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഇന്ത്യൻ ബൗളർമാരിൽ ശിവം ദുബെ രണ്ടും തുഷാർ ദേശ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റും നേടി.
അവസരം മുതലെടുത്ത് സഞ്ജു
ബാറ്റിങ തകർപ്പൻ തുടക്കമായിരുന്നു ഇന്ത്യയുടേത്. സിക്കന്ദർ റാസയെറിഞ്ഞ ആദ്യ പന്ത് തന്നെ അമ്പയർ നോബാൾ വിളിക്കുമ്പോഴേക്കും യശസ്വി ജയ്സ്വാൾ സിക്സറിലേക്ക് പറത്തിയിരുന്നു. തൊട്ടടുത്ത പന്തും സിക്സടിച്ച് ജയ്സ്വാൾ ഉദ്ദേശം വ്യക്തമാക്കി. എന്നാൽ, അടുത്ത രണ്ട് പന്തിലും റൺസെടുക്കാൻ അനുവദിക്കാതിരുന്ന റാസ തൊട്ടടുത്ത പന്തിൽ ജയ്സ്വാളിന്റെ ലെഗ്സ്റ്റമ്പ് തെറിപ്പിച്ചു. അഞ്ച് പന്തിൽ 12 റൺസായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. വൈകാതെ 11 പന്തിൽ 14 റൺസെടുത്ത അഭിഷേക് ശർമയും മടങ്ങി. മുസറബാനിയുടെ പന്തിൽ മദൻഡെ പിടികൂടുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (14 പന്തിൽ 13) എൻഗരാവയുടെ പന്തിൽ സിക്കന്ദർ റാസയും കൈയിലൊതുക്കിയതോടെ ഇന്ത്യ അഞ്ചോവറിൽ മൂന്നിന് 40 എന്ന നിലയിലേക്ക് വീണു.
തുടർന്ന് സഞ്ജുവും റയാൻ പരാഗും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരാഗിനെ (24 പന്തിൽ 22) എൻഗാരവയുടെ കൈയിലെത്തിച്ച് മവുത സിംബാബ്വെക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു. സഞ്ജുവിനെ പതിനെട്ടാം ഓവറിൽ മുസറബാനിയുടെ പന്തിൽ മരുമണി പിടികൂടുമ്പോൾ 135 റൺസായിരുന്നു ഇന്ത്യൻ സ്കോർ ബോർഡിൽ. അവസാന ഓവറുകളിൽ ശിവം ദുബെ ആഞ്ഞടിച്ചതോടെ സ്കോർ വേഗത്തിൽ ചലിച്ചു. എന്നാൽ, അവസാന ഓവറിലെ ആദ്യ പന്തിൽ ദുബെ നിർഭാഗ്യകരമായി റണ്ണൗട്ടായി. 12 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 26 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പതിവ് ഫോമിലെത്താനാവാതിരുന്ന റിങ്കു സിങ് ഒമ്പത് പന്തിൽ 11 റൺസുമായും വാഷിങ്ടൺ സുന്ദർ ഒരു റൺസുമായും പുറത്താകാതെനിന്നു. സിംബാബ്വെക്കായി െബ്ലസ്സിങ് മുസറബാനി രണ്ടും സിക്കന്ദർ റാസ, റിച്ചാർഡ് എൻഗരാവ, ബ്രണ്ടൻ മവുത എന്നിവർ ഓരോ വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.