സാധ്യതകളിൽ മുമ്പന്മാർ
text_fieldsഅന്ധേരിയുടെ ഫുട്ബാൾ അരീനയിൽ കാൽപന്തുകളിയുടെ ആരവം വാനോളം ഉയർത്തിയതിന് മുംബൈ സിറ്റി എഫ്.സി നൽകിയ പങ്ക് ചെറുതൊന്നുമല്ല. ക്രിക്കറ്റ് കളിയാവേശങ്ങൾമാത്രം നിലനിന്നിരുന്ന അന്ധേരിയുടെ അന്തരീക്ഷത്തിൽ ഫുട്ബാളിന്റെ മനോഹാരിത പറത്തിയ മുംബൈ സിറ്റിക്ക് കിട്ടിയ ആരാധക പിന്തുണ മികച്ച കളിക്കാരെ കൊണ്ടും പരീശീലകരെ കൊണ്ടും ക്ലബ് നിലനിർത്തിയ ക്വാളിറ്റി ഒന്ന് കൊണ്ടുമാത്രമാണ്. ടീമിന്റെ ലീഗിലെ കഴിഞ്ഞ 10 വർഷത്തെ പ്രയാണത്തിലേക്ക് കണ്ണോടിക്കുമ്പോൾ മനസ്സിലാകും വരാനിരിക്കുന്ന സീസണുകളിൽ അവർ നൽകുന്ന പ്രതീക്ഷകൾ ചെറുതൊന്നുമല്ലെന്ന്.
2016 സീസണിലെ ടേബിൾ ടോപ്പഴ്സായി പ്രയാണത്തിന് ആക്കം കൂട്ടിയ ടീം 2020-21 സീസണിലെ ടൈറ്റിൽ വിന്നറായി. അതേ വർഷവും 2022-23 സീസണിലും ഷീൽഡ് വിന്നറായി ഫിനിഷ് ചെയ്തു. ടീമിന്റെ പത്തുവർഷത്തെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ വർഷത്തേത്. ഗ്രൂപ് സ്റ്റേജിൽ രണ്ട് തോൽവിമാത്രം വഴങ്ങി 14 വിജയവും നാല് സമനിലയുമടക്കം 46 പോയന്റ്. 54 ഗോളുകളായിരുന്നു ആ സീസണിൽ മുംബൈ സിറ്റി അടിച്ചു കൂട്ടിയത്.
എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബായി മുംബൈ മാറിയതും കഴിഞ്ഞ വർഷമാണ്. ഡ്യൂറൻഡ് കപ്പ് റണ്ണേഴ്സായി സീസൺ അവസാനിപ്പിച്ച മുംബൈ ഇത്തവണയും ഇംഗ്ലീഷ് പരിശീലകൻ ഡെസ് ബക്കിങ്ഹാമിന്റെ ചിറകിലാണ് പോരിനിറങ്ങുന്നത്.
അർജന്റീനൻ താരം ജോർജ് ഡയസാണ് മുംബൈ മുൻനിരയുടെ വജ്രായുധം. തന്മയത്തോടുകൂടിയുള്ള ബാൾ കൺട്രോളിങ് കൊണ്ടും ഏതു പ്രതിസന്ധിഘട്ടത്തിലും ടീമിനായി സ്കോർ ചെയ്യാനുള്ള മിടുക്കുകൊണ്ടും ഡയസ് വ്യത്യസ്തനാണ്. ഇംഗ്ലീഷ് താരം ഗ്രെഗ് സ്റ്റെവാർടും, ഡച്ച് താരം അബ്ഡെസർ എൽ ഖയാതിയും ഡയസിനൊപ്പം വിദേശ താരങ്ങളായി മുൻനിരയിലുണ്ട്.
സ്പാനിഷ് താരം ആൽബർടോ നോഗ്ര നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ മറ്റൊരു പ്രധാന ഘടകം. രാഹുൽ ബേകെയും മോഹൻ ബഗാനിൽനിന്ന് ടീമിലെത്തിച്ച സ്പാനിഷ് സെന്റർ ബാക്ക് ടിരിയും നയിക്കുന്ന പിൻനിര തകർക്കാൻ എതിരാളികൾ ഒരല്പം വിയർക്കും. എട്ടോളം പുതിയ താരങ്ങളേയാണ് മുംബൈ സിറ്റി ഇത്തവണ കൂടുമാറ്റത്തിലൂടെ സ്വന്തം പാളത്തിലെത്തിച്ചത്.
കഴിഞ്ഞ രണ്ടു വർഷത്തെ മുംബൈ സിറ്റിയുടെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ കാരണക്കാരനാരെന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഒരേയൊരു പേരാണ് ഉയർന്ന വന്നത്. അത് ഇംഗ്ലീഷ് പരിശീലകൻ ഡെസ് ബക്കിങ്ഹാമിന്റെ ആയിരുന്നു. എ.എഫ്.സി ചാമ്പ്യൻസ് ലീഗിലെ വിജയവും ഐഎസ്എല്ലിലെ അവസാന വർഷ ഷീൽഡ് വിന്നും, ഡ്യൂറൻഡ് കപ്പിലെ റണ്ണേഴ് അപ്പും മുംബൈ സിറ്റിക്ക് ഡെസ് ബക്കിങ്ഹാം നൽകിയ സമ്മാനങ്ങളായിരുന്നു. മികച്ച വിന്നിംങ് സ്റ്റാറ്റസുള്ള ഡെസ് മുംബൈയെ ഇത്തവണ ചാമ്പ്യന്മാരാക്കുക എന്നതിൽ കുറച്ച് ഒന്നും ചിന്തിക്കുന്നില്ല. ഇംഗ്ലീഷ് ഫുട്ബാളിൽ കളിച്ചും കളിപഠിപ്പിച്ചും വളർന്നു വന്ന ഡെസ് ന്യൂസിലൻഡ് അണ്ടർ 20, 23 ടീമിന്റെ മുഖ്യപരിശീലകനായും സീനിയർ ടീമിന്റെ സഹ പരിശീലകനായും വേഷമിട്ടിട്ടുണ്ട്.
2019 ഫിഫ അണ്ടർ 20 വേൾഡ് കപ്പിൽ ന്യൂസിലൻഡ് നടത്തിയ അവിസ്മരണീയ പ്രകടനങ്ങൾക്ക് പിന്നിൽ ഡെസ് ബക്കിങ്ഹാമിന്റെ തന്ത്രങ്ങളായിരുന്നു. ശേഷം 2020ൽ മെൽബൺ സിറ്റിയുടെ സഹപരിശീലകനായി തുടർന്ന ഡെസ് 2021ലാണ് മുംബൈ സിറ്റിയിലെത്തുന്നത്. പിന്നീടിങ്ങോട്ട് ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടത് മുംബൈ സിറ്റിയുടെ അവിശ്വസനീയ പ്രകടനങ്ങളാണ്. ടീമിന്റെ പ്രധാന പ്രതീക്ഷയായ ഡെസ് ബക്കിങ്ഹാം ടീമിനായി ഇനിയും ഒരുപാട് വിസ്മയങ്ങളും അത്ഭുതങ്ങളും സമ്മാനിക്കും എന്നതാണ് മുംബൈ മാനേജ്മെന്റിന്റേയും ആരാധകരുടേയും പ്രതീക്ഷ.
മത്സരങ്ങൾ
1.സെപ്. 24 നോർത്ത് ഈസ്റ്റ് യുനൈറ്റഡ്
2.സെപ്. 28 ഒഡിഷ എഫ്.സി
3.ഒക്ടോ. 8 കേരള ബ്ലാസ്റ്റേഴ്സ്
4.ഒക്ടോ. 28 ഹൈദരാബാദ് എഫ്.സി
5.നവം. 02 പഞ്ചാബ് എഫ്.സി
6.ഡിസം. 08 ബംഗളൂരു എഫ്.സി
7.ഡിസം. 12 എഫ്.സി ഗോവ
8.ഡിസം. 16 ഈസ്റ്റ് ബംഗാൾ
9.ഡിസം. 20 മോഹൻ ബഗാൻ
10.ഡിസം. 24 കേരള ബ്ലാസ്റ്റേഴ്സ്
11.ഡിസം. 28 ചെന്നൈയിൻ എഫ്.സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.