വരുന്നൂ, നഗരസഭ സ്പോർട്സ് അക്കാദമി
text_fieldsതിരുവനന്തപുരം: നഗരത്തിലെ കായികപ്രതിഭകളെ നാളെയുടെ താരങ്ങളാക്കാൻ തിരുവനന്തപുരം നഗരസഭക്ക് കീഴിൽ സ്പോർട്സ് അക്കാദമി രൂപവത്കരിക്കുന്നു. കായികവകുപ്പിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും സഹകരണത്തോടെയാകും അക്കാദമി പ്രവർത്തനം ആരംഭിക്കുക.ആദ്യഘട്ടത്തിൽ ഫുട്ബാൾ, ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ് ബാൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം. ഇതിനായി കുട്ടികളെ തെരഞ്ഞെടുക്കുന്ന നടപടികൾ നഗരസഭ പൂർത്തീകരിച്ചു.
ഒരോ ഇനങ്ങളിലും 50 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 25 പേർ ജനറൽ വിഭാഗത്തിലും 25 പേർ എസ്.സി വിഭാഗത്തിൽനിന്നുമായിരിക്കും.എല്ലാവർഷവും കോർപറേഷന്‍റെ നേതൃത്വത്തിൽ സ്പോർട്സ് കൗൺസിലെ കായിക അധ്യാപകരുടെ കീഴിൽ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് കായിക പരിശീലനം നൽകാറുണ്ടെങ്കിലും ഇതിൽനിന്ന് കുട്ടികൾക്ക് കാര്യമായ പ്രയോജനം ലഭിക്കില്ലെന്ന് കണ്ടതോടെയാണ് പുതിയൊരു അക്കാദമി ആരംഭിച്ച് അതിനു കീഴിൽ പരിശീലനം ആരംഭിക്കാൻ കോർപറേഷൻ തീരുമാനിച്ചത്.
ഇതുസംബന്ധിച്ച് വിശദമായ പദ്ധതിരേഖ ഉടന്‍തന്നെ വിഭ്യാഭ്യാസ കായിക വകുപ്പുകൾക്ക് നൽകുമെന്ന മേയർ ആര്യ രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ചക്കുള്ളിൽ കായിക രംഗത്തെ പ്രമുഖരുടെ യോഗം വിളിച്ചുചേർക്കും. ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
പദ്ധതിക്കായി കായികവകുപ്പിന്‍റെ സഹായവും കോർപറേഷൻ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ സ്പോർട്സ് കൗൺസിലിന്‍റെ കീഴിലുള്ള സെൻട്രൽ സ്റ്റേഡിയവും നഗരത്തിലെ സ്കൂളുകളിലെ കോർട്ടുകളുമാണ് കുട്ടികൾക്ക് പരിശീലനത്തിന് കണ്ടിരിക്കുന്നത്. പിന്നീട് കോർപറേഷന് സ്വന്തമായി ഇൻഡോർ സ്റ്റേഡിയമടക്കം തയാറാക്കുന്നതും പദ്ധതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.