‘ഇന്റർനെറ്റിൽ താരമായ കാര്യമൊന്നും അമ്മക്കറിയില്ല, അവർ എപ്പോഴും ഹൃദയത്തിൽനിന്ന് സംസാരിക്കുന്നു’; പ്രതികരണവുമായി നീരജ് ചോപ്ര
text_fieldsഒളിമ്പിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളിമെഡൽ നേടി ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനമായതിന് പിന്നാലെ താരത്തിന്റെ മാതാവ് സരോജ് ദേവിയും ഹൃദയങ്ങൾ കീഴടക്കിയിരുന്നു. നീരജിനെ പിറകിലാക്കി സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമും തനിക്ക് മകനെപോലെയാണെന്ന വാക്കിലൂടെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം അവർ നിറഞ്ഞുനിന്നു. പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തർ അടക്കമുള്ള കായിക താരങ്ങളും അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇക്കാര്യമൊന്നും അമ്മക്കറിയില്ലെന്ന് വെളിപ്പെടുത്തുകയാണ് നീരജ് ചോപ്ര. അമ്മ ഫോണോ സമൂഹ മാധ്യമങ്ങളോ ഉപയോഗിക്കാത്ത ആളാണെന്നും ഒരുപാട് വാർത്തകൾ കാണാറില്ലെന്നും പറഞ്ഞ നീരജ്, അവർ എപ്പോഴും ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
‘എന്റെ അമ്മ ഒരു ഗ്രാമത്തിലാണ് വളർന്നത്. ഒരു സാധാരണ കുടുംബത്തിൽ വളർന്ന അവർ വിവാഹത്തിന് ശേഷവും ഗ്രാമത്തിലാണ് കഴിയുന്നത്. അവർ സമൂഹ മാധ്യമങ്ങളിൽ ഇല്ല. അധികം വാർത്തകളും കാണാറില്ല. മനസ്സിലുള്ളത് പറയും. അവർ എപ്പോഴും ഹൃദയത്തിൽനിന്നാണ് സംസാരിക്കുന്നത്. അവർക്ക് എന്നോട് എന്ത് തോന്നുന്നുവോ, എൻ്റെ കുടുംബത്തിലുള്ളവർക്ക് എന്ത് തോന്നുന്നുവോ, എൻ്റെ രാജ്യത്തിന് എന്നോട് എന്തുതോന്നുന്നുവോ, അതേ സ്‌നേഹം മറ്റൊരു രാജ്യത്തുള്ള കായികതാരത്തിനും അവരുടെ പ്രദേശത്തുനിന്ന് ലഭിക്കുന്നുണ്ടെന്ന് അവർ കരുതുന്നു. അവർ അത് ചിന്തിച്ചാകും സംസാരിച്ചിട്ടുണ്ടാകുക. അവരുടെ വാക്കുകൾ വൈറലായ കാര്യവും ഇൻ്റർനെറ്റിൽ താരമായ കാര്യവും അവർക്കറിയില്ലെന്ന് എനിക്കുറപ്പുണ്ട്. അവർ ഫോണോ മറ്റോ ഉപയോഗിക്കാറില്ല. പിന്നെ എങ്ങനെ കാണാൻ പറ്റും?’ -നീരജ് പറഞ്ഞു.
നീരജ് വെള്ളി മെഡൽ നേടയതിന് പിന്നാലെയാണ് സരോജ് ദേവിയുടെ പ്രതികരണം ലോകം ഏറ്റെടുത്തത്. ‘ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വർണത്തിന് തുല്യമാണ്. സ്വർണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാൽ ഈ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ തിരിച്ചുവരുമ്പോൾ പ്രിയപ്പെട്ട ഭക്ഷണം ഞാൻ പാകം ചെയതുവെക്കും’ -എന്നിങ്ങനെയായിരുന്നു സരോജ് ദേവി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്.
ഇതിന് പിന്നാലെ അർഷാദിന്റെ മാതാവും സമാന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'നീരജും എനിക്ക് മോനെ പോലെ തന്നെയാണ്. നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ് അവൻ. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ, അവന് ഇനിയും മെഡലുകൾ നേടാന് സാധിക്കട്ടെ. അവർ സഹോദരങ്ങളെ പോലെയാണ്, ഞാൻ നീരജിന് വേണ്ടിയും പ്രാർഥിക്കാറുണ്ട്,' അർഷാദിന്‍റെ അമ്മ പറഞ്ഞു.
2023ലെ ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്റി മീറ്റർ വ്യത്യാസത്തിൽ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണമണിഞ്ഞപ്പോഴും സരോജയുടെ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്’ -എന്നിങ്ങനെയായിരുന്നു സരോജിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.