വിംബ്ൾഡൺ സെമിയിൽ പിന്മാറ്റം സ്വന്തത്തെ മാനിച്ചെന്ന് നദാൽ
text_fieldsലണ്ടൻ: ഗ്ലാമർ കളിമുറ്റമായ വിംബ്ൾഡണിൽ കിരീടത്തിന് രണ്ടു ചുവട് അകലെ പിന്മാറാനുള്ള തീരുമാനം തന്നോടുള്ള ബഹുമാനംകൊണ്ടാണെന്ന് റാഫേൽ നദാൽ. ''ഈ സാഹചര്യത്തിൽ രണ്ടു കളികൾകൂടി വിജയിക്കാനാവുമെന്ന് വിശ്വാസമില്ല. സെർവ് ചെയ്യാൻപോലും എനിക്കാകില്ല'' -22 ഗ്രാൻഡ്സ്ലാം കിരീടങ്ങളുമായി ചരിത്രം തനിക്കൊപ്പമാക്കി കുതിക്കുന്ന സ്പാനിഷ് താരം പറഞ്ഞു. സെമിയിൽ ആസ്ട്രേലിയൻ താരം നിക് കിർഗിയോസുമായിട്ടായിരുന്നു അവസാന നാലിലെ പോരാട്ടം.
''സർവിസ് പഴയ സ്പീഡിൽ ചെയ്യാനാകില്ലെന്നു മാത്രമല്ല, സെർവ് ചെയ്യാൻ പതിവുപോലെ ശരീരം ചലിപ്പിക്കാനുമാകുന്നില്ല. കിരീടത്തെക്കാൾ വലുതല്ലേ സന്തോഷം. ഓരോ കിരീടത്തിലേക്കും എന്തുമാത്രം ശ്രമം എടുക്കുന്നുവെന്നത് ഓരോരുത്തർക്കും അറിയാവുന്നതാണെങ്കിലും. ഒരു കിരീടം ചൂടാൻ രണ്ടോ മൂന്നോ മാസം പുറത്തിരിക്കാനാകില്ല. അതെനിക്ക് താങ്ങാവുന്നതിലപ്പുറമാണ്'' -36കാരൻ പറയുന്നു.
ഈ വർഷം ആസ്ട്രേലിയൻ, ഫ്രഞ്ച് ഓപൺ കിരീടങ്ങൾ സ്വന്തമാക്കിയ താരം വിംബ്ൾഡണിൽ ജേതാവായാൽ കലണ്ടർ സ്ലാമിനരികെയാകുമായിരുന്നു.എന്നാൽ, ക്വാർട്ടറിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സിനെതിരെ കളിക്കുന്നതിനിടെയാണ് ഉദരവേദന അലട്ടിത്തുടങ്ങിയത്.
ഒരു മാസത്തെ വിശ്രമത്തിനുശേഷം തിരികെ കളത്തിലെത്തുമെന്നാണ് നദാലിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷം വിംബ്ൾഡണിൽ സമാനമായി, ക്വാർട്ടറിൽ പിന്മാറിയ ഇതിഹാസതാരം റോജർ ഫെഡറർ പിന്നീട് ഇതുവരെ തിരികെ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.