ചാട്ടം പൊന്നോളം
text_fieldsബംബോലിം (ഗോവ): ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ അക്കൗണ്ട് തുറന്ന കേരളത്തിന് തിങ്കളാഴ്ച നീന്തൽക്കുളത്തിലെ റെക്കോഡോടെ ഇരട്ട സ്വർണം. നീന്തലിൽ ഒരു വെള്ളിയും അത്ലറ്റിക്സിൽ വെങ്കലവും കൂടി നേടിയ കേരളം മോശമാക്കിയില്ല. പുരുഷന്മാരുടെ ലോങ്ജംപിൽ വൈ. മുഹമ്മദ് അനീസിന്റേതാണ് സുവർണ ചാട്ടം. അവസാന ശ്രമത്തിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് (8.15 മീ.) ഒന്നാമനായത്. കേരള പൊലീസിലെ ഉദ്യോഗസ്ഥനായ കൊല്ലം നിലമേൽ സ്വദേശിയായ അനീസ് ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ സഹോദരനാണ്.
400 മീറ്ററിൽ ജിസ്ന മാത്യുവിലൂടെയാണ് (54.40) വെങ്കലമെത്തിയത്. ഒപ്പം മത്സരിച്ച ഗൗരി നന്ദന ആറാമതായാണ് ഫിനിഷ് ചെയ്തത്. ഒളിമ്പ്യന്മാരായ കെ.ടി. ഇർഫാനും പി.യു. ചിത്രയും ട്രാക്കിലിറങ്ങിയെങ്കിലും നേട്ടം അകന്നുനിന്നു. 1500 മീറ്ററിൽ ചിത്ര ഏഴാമതായപ്പോൾ 20 കിലോമീറ്റർ നടത്തത്തിൽ ഇർഫാൻ ഒമ്പതാമനായി. പുരുഷന്മാരുടെ 400 മീറ്ററിൽ കേരളത്തിന്റെ റിൻസ് ജോസഫ് (47.25) നാലാമതായി ഫിനിഷ് ചെയ്തു.
100 മീറ്റർ ഹർഡ്ൽസിൽ ആന്ധ്രയുടെ മിന്നും താരം ജ്യോതി യാരാജി സ്വർണം നേടി.നീന്തൽക്കുളത്തിൽനിന്ന് മറ്റൊരു സ്വർണവും കേരളത്തെ തേടിയെത്തി. വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിൽ ബംഗളൂരു സ്വദേശിയും പാതി മലയാളിയുമായ ഹര്‍ഷിത ജയറാമാണ് റെക്കോഡോടെ (രണ്ടു മിനിറ്റ് 40.62 സെക്കൻഡ്) സ്വർണം മുങ്ങിയെടുത്തത്. തമിഴ്നാടിന്റെ എസ്. ലക്ഷ്യ സ്ഥാപിച്ച രണ്ടു മിനിറ്റ് 42.62 സെക്കൻഡ് എന്ന റെക്കോഡ് തകര്‍ത്തു. ബംഗളൂരുവിൽ റെയില്‍വേ ഉദ്യോഗസ്ഥയായ ഹര്‍ഷിതയുടെ മാതാവ് പാലക്കാട് സ്വദേശിയാണ്. ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കര്‍ണാടകക്കായി മത്സരിച്ച ഹര്‍ഷിത മൂന്നാമതായിരുന്നു. അതിനാൽ ദേശീയ ഗെയിംസിനുള്ള കര്‍ണാടക ടീമിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല.
ഇതോടെ ഇവർ കേരളത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ബംഗളൂരുവിൽ മലയാളിയായ ജയരാജിന് കീഴിലാണ് പരിശീലനം. കർണാടകക്കായി മത്സരിച്ച എ.കെ. ലിനീഷ്യ, എസ്. ലക്ഷ്യ എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് തള്ളിയുള്ള ഇവരുടെ സുവർണനേട്ടം മധുരപ്രതികാരവുമാ
മത്സരിക്കാൻ എത്തിയപ്പോൾ ഫെഡറേഷൻ പുറത്ത്
പനാജി: ദേശീയ ഗെയിംസിൽ ഇത്തവണ ആദ്യമായി ഉൾപ്പെടുത്തിയ സ്ക്വേ മാർഷൽ ആർട്ടിൽ ‘അട്ടിമറി’. കേരളം അടക്കം 22 സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യമുള്ള അംഗീകൃത ഫെഡറേഷൻ ഗെയിംസിൽനിന്ന് പുറത്ത്. ഇതോടെ ടിക്കറ്റടക്കം ബുക്ക് ചെയ്ത കേരള താരങ്ങളുടെയടക്കം യാത്ര അനിശ്ചിതത്വത്തിൽ. സ്ക്വേ മാർഷൽ ആർട്ടുമായി ബന്ധപ്പെട്ട് സ്ക്വേ ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്ക്വേ മാർഷൽ ആർട്ട് ഫെഡറേഷൻ എന്നിങ്ങനെ രണ്ട് സംഘടനകളാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ സ്ക്വേ മാർഷൽ ആർട്ട് ഫെഡറേഷനാണ് കേന്ദ്ര അംഗീകാരമുള്ളത്. ദേശീയ ചാമ്പ്യൻഷിപ്പിലെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇവർ ഗെയിംസിനായി താരങ്ങളുടെ പട്ടിക ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നൽകി. ഇതനുസരിച്ച് 22 സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ എൻട്രിയും നൽകി.
കേരളത്തിൽനിന്ന് ഒമ്പതു പേർക്കാണ് സെലക്ഷൻ ലഭിച്ചത്. ഇവർക്കും മൂന്ന് ഒഫീഷ്യൽസിനും ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ അനുമതി നൽകി. കായിക താരങ്ങൾക്ക് കിറ്റ്, യൂനിഫോം, ട്രെയിൻ ടിക്കറ്റ് എന്നിവക്കുള്ള തുകയും നൽകി. 15 ദിവസമായി ക്യാമ്പും നടന്നുവരുകയാണ്. നവംബർ രണ്ടിന് ഗോവയിലേക്ക് എത്താനുള്ള ടിക്കറ്റും തയാറാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഇവരുടെ എൻട്രി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാകുകയായിരുന്നു. സ്ക്വേ ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകിയ എൻട്രിയാണ് ഒളിമ്പിക്സ് അസോസിയേഷൻ അംഗീകരിച്ചത്. ഇതോടെ മാർഷൽ ആർട്ട് ഫെഡറേഷന്റെ കീഴിലുള്ളവർക്ക് ഗെയിംസ് നഷ്ടമാകുന്ന സ്ഥിതിയാണ്.
സ്ക്വേ മാർഷൽ ആർട്ട് ഫെഡറേഷനെ കേന്ദ്രസർക്കാർ നേരത്തേ പുറത്താക്കിയിരുന്നതാണെന്നും ഇവരുടെ എൻട്രി സ്വീകരിച്ചത് അനീതിയാണെന്നും മാർഷൽ ആർട്ട് ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു. ഇവർ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് പി.ടി. ഉഷയെ നേരിൽ കണ്ട് പരാതി നൽകി. എന്നാൽ, നടപടിയൊന്നുമായിട്ടില്ല.
ഫുട്ബാളിൽ ഇന്ന് കിക്കോഫ്; കേരളത്തിന് ആദ്യ മത്സരം മഹാരാഷ്ട്രയുമായി
പനാജി: മെഡൽ പ്രതീക്ഷകളുമായി ദേശീയ ഗെയിംസ് ഗ്രൂപ് പോരാട്ടത്തിലെ ആദ്യ മത്സരത്തിന് കേരള ഫുട്ബാൾ ടീം ചൊവ്വാഴ്ചയിറങ്ങും. രാവിലെ ഒമ്പതിന് ഫട്ടോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഹാരാഷ്ട്രയുമായാണ് മലയാളി സംഘത്തിന്റെ മത്സരം. മഹാരാഷ്ട്ര, മേഘാലയ, മണിപ്പൂർ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് ബിയിലാണ് കേരളം. ഇരു ഗ്രൂപ്പുകളായി നടക്കുന്ന പ്രാഥമിക മത്സരത്തിൽനിന്ന് ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
സന്തോഷ് ട്രോഫി ഫുട്ബാൾ പ്രാഥമിക റൗണ്ട് കളിച്ച ടീമിൽനിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഗെയിംസിനായി കേരളം ഗോവയിലെത്തിയിരിക്കുന്നത്. സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽ കളിച്ച നിഷാദ്, റാഷിദ്, ജൂനൈൻ എന്നിവരെ മാറ്റിയപ്പോൾ മുന്നേറ്റ താരം സുഹൈൽ ടീമിലെത്തി. സന്തോഷ് ട്രോഫിയിൽ 22 അംഗ സംഘമായിരുന്നെങ്കിൽ ദേശീയ ഗെയിംസിൽ 20 അംഗ ടീമാണ്. പ്രതിരോധ താരം ജി. സഞ്ജുവാണ് ക്യാപ്റ്റൻ. ടീം തിങ്കളാഴ്ച രാവിലെ പരിശീലനം നടത്തി. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. പി.കെ. അസീസ് സഹപരിശീലകനും ഡോ. പി.എം. സുധീർകുമാർ മാനേജറുമാണ്.
കേരള ടീം: കെ. മുഹമ്മദ് അസ്ഹർ, സിദ്ധാർഥ് രാജീവൻ (ഗോൾ കീപ്പർമാർ), ജി. സഞ്ജു, ആർ. ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ.
സുജിത്, കെ.പി. ശരത്, ബെൽജിം ബോസ്റ്റർ (പ്രതിരോധം), നിജോ ഗിൽബർട്ട്, വി. അർജുൻ, ജി. ജിതിൻ, അക്ബർ സിദ്ദീഖ്, റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദുറഹീം (മധ്യനിര). ഇ. സജീഷ്, മുഹമ്മദ് ആഷിഖ്, ബി. നരേഷ്, സുഹൈൽ (മുന്നേറ്റനിര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.