ഗുഡ് ബൈ ഗോവ
text_fieldsപനാജി (ഗോവ): ഉത്തരഖണ്ഡിന് ആതിഥേയത്വത്തിന്റെ കൊടിയടയാളം കൈമാറി ദേശീയ ഗെയിംസിന് ഗോവൻമണ്ണിൽ കൊടിയിറക്കം. ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ ഗെയിംസിന് ഔദ്യോഗികസമാപനം കുറിച്ച ചടങ്ങിൽ, ഇന്ത്യയുടെ കായിക കിരീടം മഹാരാഷ്ട്ര ഏറ്റുവാങ്ങി.
80 സ്വര്‍ണവും 69 വെള്ളിയും 79 വെങ്കലവുമുള്‍പ്പെടെ 228 മെഡലുകളുമായാണ് ദേശീയ ഗെയിംസ് ഓവറോൾ കിരീടം മഹാരാഷ്ട്ര സ്വന്തമാക്കിയത്. ഗുജറാത്തിൽ രണ്ടാംസ്ഥാനക്കാരായിരുന്ന മഹാരാഷ്ട്ര ഇത്തവണ സ്വർണനേട്ടം ഇരട്ടിയിലധികം വർധിപ്പിച്ചാണ് ഒന്നാംസ്ഥാനത്തെത്തിയത്. നിലവിലെ ജേതാക്കളായ സർവിസസ് രണ്ടാമതായി. ഹരിയാനയാണ് മൂന്നാംസ്ഥാനത്ത്. 36 സ്വര്‍ണവും 24 വെള്ളിയും 27 വെങ്കലവുമടക്കം മൊത്തം 87 മെഡലുകളോടെ കേരളം അഞ്ചാമതാണ്.
കഴിഞ്ഞവർഷം ആറാംസ്ഥാനത്തായിരുന്നു കേരളം, ഇത്തവണ മെഡലുകളുടെ എണ്ണവും വർധിപ്പിച്ചു. 13 സ്വര്‍ണവും ആറ് വെള്ളിയും 14 വെങ്കലവുമാണ് ഗോവയിൽ അധികമായി സ്വന്തമാക്കിയത്. 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവുമായിരുന്നു ഗുജറാത്തിൽ കേരളത്തിന്റെ മെഡൽ ശേഖരത്തിൽ.
ദേശീയ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ കളരിപ്പയറ്റിലെ കൂട്ടസുവർണനേട്ടമാണ് കേരളത്തെ മെഡൽപട്ടികയിൽ ആദ്യ അഞ്ചിലെത്തിച്ചത്. അങ്കത്തട്ടിൽനിന്ന് 19 സ്വര്‍ണമാണ് കേരളം നേടിയത്. ഇതിനുപുറമേ, നീന്തലിൽനിന്നാണ് കൂടുതൽ മെഡൽ പിറവി. നീന്തൽകുളത്തിൽനിന്ന് മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടിയ സജൻ പ്രകാശാണ് കേരളത്തിനായി കൂടുതൽ മെഡൽ നേടിയ താരം.
ഗെയിംസിന്റെ സമാപനദിവസമായ വ്യാഴാഴ്ച ഒരു മെഡലാണ് കേരളം സ്വന്തമാക്കിയത്. വനിതകളുടെ ബീച്ച് ഹാന്ബോളില് മലയാളിസംഘം വെള്ളി നേടി. ഫൈനലില്‍ ഹരിയാനയോട് പരാജയപ്പെടുകയായിരുന്നു. കർണാടകയുടെ ശ്രീഹരി നടരാജാണ് ഗോവ ഗെയിംസിലെ മികച്ച പുരുഷ അത്ലറ്റ്. മഹരാഷ്ട്രയുടെ ജിംനാസ്റ്റിക് താരം സംയുക്ത പ്രസേന്, ഒഡിഷ ജിംനാസ്റ്റിക് താരം പ്രണതി നായക് എന്നിവരാണ് മികച്ച വനിത അത്ലറ്റുകള്.
അടുത്തവര്‍ഷത്തെ ദേശീയ ഗെയിംസ് ഉത്തരഖണ്ഡില്‍ നടക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും സമാപനചടങ്ങിൽ നടന്നു. ഗോവയില്‍ താഴ്ത്തിയ ഗെയിംസ് പതാക ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ ഉത്തരഖണ്ഡ് കായിക മന്ത്രി രേഖ ആര്യക്ക് കൈമാറി. ഗോവ ഗവർണർ പി.എസ്. ശ്രീധരന് പിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.