ദേശീയ ഗെയിംസ്: സുവർണ നേട്ടവുമായി അഭിജിത്, പത്തനംതിട്ടക്ക് അഭിമാനം
text_fieldsപത്തനംതിട്ട: ദേശീയ ഗെയിംസിൽ സുവർണ നേട്ടവുമായി പത്തനംതിട്ടക്ക് അഭിമാനമായി അഭിജിത്. പ്രമാടം അഭിനന്ദനം വീട്ടിൽ ബിജുരാജിന്റെ മകനാണ് ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിൽ റോളർ സ്കേറ്റിങ്ങിൽ മത്സരിച്ച് കേരളത്തിനുവേണ്ടി ആദ്യ സ്വർണം നേടിയ അഭിജിത് അമൽരാജ്. ബിജുരാജും റോളർ സ്കേറ്റിങ് താരമാണ്. ഒക്ടോബർ 24ന് അർജന്റീനയിൽ നടക്കുന്ന ലോക സീനിയർ ചാമ്പ്യൻഷിപ്പിനുള്ള തയാറെടുപ്പിനിടെയാണ് സുവർണനേട്ടം. റോളർ സ്കേറ്റിങ്ങിൽ നിലവിലെ ലോക ജൂനിയർ ചാമ്പ്യനാണ് അഭിജിത്. 21കാരനായ അഭിജിത് അമൽരാജ് 2019 മുതൽ തുടർച്ചയായി ലോക റോളർ സ്കേറ്റിങ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി.
2018ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടി. 2019ൽ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള സാധ്യത പട്ടികയിലും ഇത്തവണ അഭിജിത് അമൽരാജുണ്ട്. പിതാവ് നൽകുന്ന പരിശീലനത്തിന് പുറമേ ലോക ചാമ്പ്യൻഷിപ്പിനായി ഇറ്റലിയിലും പരിശീലനത്തിന് പോകാറുണ്ട്. 12വർഷം ലോക ചാമ്പ്യനായ ലുക്ക ഡി അലിസേരയാണ് ഇറ്റലിയിൽ പരിശീലിപ്പിക്കുന്നത്. ബിജുരാജിന്റെ ഭാര്യ എസ്.എസ്. സുജയും റോളർ സ്കേറ്റിങ് പരിശീലകയാണ്. അഭിജിത്തിനെ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് സുജയും സ്കേറ്റിങ് പരിശീലിക്കുന്നത്. ഇരുവരും ചേർന്ന് നാഷനൽ സ്പോർട്സ് വില്ലേജ് എന്നപേരിൽ റോളർ സ്കേറ്റിങ് പരിശീലന കേന്ദ്രവും നടത്തുന്നു. ആലുവ എം.ഇ.എസ് കോളജിൽ ബി.കോം രണ്ടാംവർഷ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.