ഉല്ലാസനഗരങ്ങൾക്ക് കളിയഴക്
text_fieldsഫത്തോഡ (ഗോവ): കായിക ഇന്ത്യയുടെ കാർണിവലിന് ഗോവയിൽ തിരിതെളിഞ്ഞു; ഇനി ഉല്ലാസനഗരങ്ങൾ ത്രസിപ്പിക്കുന്ന പോരാട്ടച്ചൂടിൽ. ദേശീയ ഗെയിംസിന്റെ 37ാം പതിപ്പിന് മഡ്ഗാവിലെ ഫത്തോഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രൗഡതുടക്കം. വർണവെളിച്ചങ്ങൾക്കൊപ്പം ആർത്തിരമ്പിയ ഗാലറികളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ ചാമ്പ്യൻമേളക്ക് തുടക്കമായത്. മോദി... മോദി വിളികൾ സ്റ്റേഡിയത്തിൽ നിറഞ്ഞുനിൽക്കെ, വ്യാഴാഴ്ച വൈകീട്ട് 6.30ന് പ്രത്യേകം ഒരുക്കിയ വാഹനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൈതാനം ചുറ്റി. തുടർന്ന് അദ്ദേഹം ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നിലവിലെ ജേതാക്കളായ സർവീസസ് മാർച്ച് പാസ്റ്റിൽ ആദ്യം അണിനിരന്നു. ഒരോ സംസ്ഥാനത്തുനിന്നും 18 താരങ്ങൾമാത്രമാണ് മാർച്ച് പാസ്റ്റിൽ നിരന്നത്. ട്രാക് സ്യൂട്ട് അണിഞ്ഞ് മാർച്ച് പാസ്റ്റിൽ നിരന്ന കേരളസംഘത്തെ നീന്തൽതാരം ഒളിമ്പ്യൻ സാജൻ പ്രകാശ് നയിച്ചു. ഗോവയുടെ ചരിത്രത്തിനൊപ്പം ഐക്യമെന്ന ആശയം മുൻനിർത്തി 600 കലാകാരന്മാർ അവതരിപ്പിച്ച അഞ്ചുമണിക്കൂർ നീണ്ട കലാപ്രകടനങ്ങളും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. കായികതാരങ്ങൾക്കൊപ്പം 12,000 കാണികൾ വർണവിസ്മയങ്ങൾ നിറച്ച ചടങ്ങിന് സാക്ഷിയായി. കാത്തിരുന്ന ഗെയിംസിന്റെ ആവേശം മുഴുവൻ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഗോവ ഇന്ത്യക്ക് മുന്നിൽ അവതരിപ്പിച്ച ഉദ്ഘാടനമണിക്കൂറുകൾ. കേരളീയ കലാരൂപങ്ങളടക്കമുള്ളവയും ചടങ്ങിൽ അവതരിപ്പിച്ചു. ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയായി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ എന്നിവർ പങ്കെടുത്തു. ഇനിയുള്ള രണ്ടാഴ്ച സഞ്ചാരനഗരങ്ങളെ കായികതാരങ്ങൾ തൊട്ടുണർത്തും. ഗോവയിലെ പനാജി, മപുസ, മഡ്ഗാവ്, പോണ്ട, വാസ്കോ എന്നീ നഗരങ്ങളിലായി 28 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഗോൾഫ്, സൈക്ലിങ് മത്സരങ്ങൾ ഡൽഹിയിലാണ്. വ്യാഴാഴ്ച മോഡേൺ പെന്റാത്ലൺ, ഫെൻസിങ് എന്നിവ നടന്നു. വനിത ഫുട്ബാളിന് വെള്ളിയാഴ്ച വാസ്കോയിൽ തുടക്കമാകും. നവംബർ ഒമ്പതിനാണ് മേളക്ക് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.