കേരളം കടന്നോടി; കന്നട, തമിഴ് മക്കളും
text_fields36ാമത് ദേശീയ ഗെയിംസിൽ കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും പിറകോട്ടോടിയ ക്ഷീണത്തിലാണ് കേരളം. താരതമ്യേന കായികക്ഷമത കൂടുതൽ ആവശ്യമായ ഇനങ്ങളിൽ ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കാലങ്ങളായി മേധാവിത്വം പുലർത്തിവരുന്നുണ്ട്. എന്നാൽ, ഏറെ മെഡൽ വാരാറുള്ള അത്ലറ്റിക്സിലടക്കം നിറംമങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.
2015ലെ സ്വർണത്തിന്റെയത്ര ആകെ മെഡൽപോലുമില്ലാതെ
2015ൽ കേരളം ആതിഥേയരായിരുന്നു. 54 സ്വർണം, 48 വെള്ളി, 60 വെങ്കലമടക്കം 162 മെഡലുമായി അന്ന് രണ്ടാം സ്ഥാനത്തായിരുന്നു. 159 മെഡലുകളുണ്ടായിരുന്ന സർവിസസ് സ്വർണം കൂടുതലായത് കൊണ്ടാണ് ജേതാക്കളായത്. ഇത്തവണ പക്ഷേ, കേരളത്തിന് ആകെ ലഭിച്ചത് 54 മെഡൽ. കഴിഞ്ഞ തവണ സ്വർണം മാത്രം 54 ഉണ്ടായിരുന്നത് ഇക്കുറി 23ലേക്ക് താഴ്ന്നു. അന്ന് അത്ലറ്റിക്സിൽ 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവും നേടിയിടത്തു നിന്ന് വെറും മൂന്ന് സ്വർണത്തിലേക്കും ആറ് വെള്ളിയിലേക്കും രണ്ടേരണ്ട് വെങ്കലത്തിലേക്കും വീണു. ആതിഥ്യമരുളിയപ്പോൾ ട്രാക്കിലും ഫീൽഡിലുമായി 34 മെഡലുകളുണ്ടായിരുന്നത് 11ലേക്ക് താഴ്ന്നു. ഇപ്രാവശ്യം അത്ലറ്റിക്സിന് പുറത്ത് ലഭിച്ച 20 സ്വർണമാണ് കേരളത്തിന്റെ മാനംകാത്തത്. ഇതിൽ അഞ്ചും നീന്തൽ താരം സജൻ പ്രകാശിന്റെ വകയായിരുന്നു. കനോയിങ്-കയാക്കിങ് (4), ജൂഡോ (2), വോളിബാൾ (2), സ്കേറ്റിങ് (2) എന്നിവയാണ് കേരളത്തിന് ഒന്നിലധികം മെഡലുകൾ നൽകിയ മറ്റിനങ്ങൾ. തുഴച്ചിൽ, സൈക്ലിങ് ഉൾപ്പെടെയുള്ളതിലെല്ലാം 2015ൽ ആതിഥേയരുടെ കൊയ്ത്തായിരുന്നു.
മേധാവിത്വം തുടർന്ന് സർവിസസ്
ഓരോ സംസ്ഥാനങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്ന മികവുറ്റ താരങ്ങളുമായി ഗെയിംസിനെത്തുന്ന സർവിസസിന്റെ പ്രകടനം അപ്രതീക്ഷിതമല്ല. എന്നാൽ കഴിഞ്ഞ 91 സ്വർണമുണ്ടായിരുന്നത് പട്ടാളക്കാർക്ക് ഇത്തവണ 61 ആയി ചുരുങ്ങി. മൊത്തം മെഡൽ എണ്ണത്തിലും കുറവ് വന്നു. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ മുന്നേറ്റമായിരുന്നു ശ്രദ്ധേയം. 2015ൽ എട്ട് സ്വർണവുമായി ആദ്യ പത്തിൽ പോലുമില്ലാതിരുന്ന കർണാടക 27 എണ്ണവുമായി മെഡൽപട്ടികയിൽ നാലാം സ്ഥാനത്തേക്ക് കുതിച്ചു. ഇതിൽ 20ഓളവും കിട്ടിയത് നീന്തലിലാണ്. നീന്തൽ താരങ്ങളായ ഹഷിക രാമചന്ദ്രനും ശ്രീഹരി നടരാജും റിലേയിലടക്കം ആറ് വീതം സ്വർണം നേടി. കേരളത്തിന് നീന്തൽ റിലേയിൽ മെഡലില്ല. തമിഴ്നാട് 25 സ്വർണവുമായി കേരളത്തെയും കടന്ന് അഞ്ചാമതെത്തി. അത്ലറ്റിക്സിലടക്കം ഇത്തവണ കാര്യമായ നേട്ടമുണ്ടാക്കാൻ തമിഴ്നാടിന് കഴിഞ്ഞു.
കേരളം കടന്നോടി
7000ത്തിലധികം താരങ്ങൾക്ക് പുറമെ ഒഫീഷ്യൽസും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 12000ത്തോളം പേർ പങ്കെടുത്ത ദേശീയ ഗെയിംസ് കുറ്റമറ്റ രീതിയിൽ നടത്താൻ ഗുജറാത്തിന് കഴിഞ്ഞു. പതിവിൽ നിന്ന് വിപരീതമായി ഗെയിംസ് വില്ലേജ് നിർമിക്കാതെ ഹോട്ടലുകളിലാണ് താമസസൗകര്യമൊരുക്കിയത്. ഭൗതിക സൗകര്യങ്ങളും മികവ് പുലർത്തി. 2036ലെ ഒളിമ്പിക്സ് ഇന്ത്യയിലെത്തിച്ച് അഹ്മദാബാദ് പ്രധാനകേന്ദ്രമാക്കി നടത്താനുള്ള ശ്രമത്തിലേക്കുള്ള തുടക്കമായാണ് കേന്ദ്ര കായിക മന്ത്രാലയവും സംസ്ഥാന സർക്കാറും ഒളിമ്പിക് അസോസിയേഷനും ഇത്തവണത്തെ ദേശീയ ഗെയിംസിനെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.