പൊന്നിൽ ചാടി നീന്തി തുഴഞ്ഞ്
text_fieldsദേശീയ ഗെയിംസിൽ കരയിലും വെള്ളത്തിലും ഒരുപോലെ മെഡലുകൾ കൊയ്ത് കേരള താരങ്ങൾ. ട്രാക്കിൽ നിരാശയുണ്ടായെങ്കിലും നീന്തലിലും റോവിങ്ങിലുമടക്കം നേട്ടമുണ്ടാക്കി. മൂന്ന് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമാണ് ഞായറാഴ്ച ലഭിച്ചത്. നീന്തലിൽ സജൻ പ്രകാശ് 100 മീ. ബട്ടർഫ്ലൈയിൽ ജേതാവായപ്പോൾ 200 മീ. ഫ്രീസ്റ്റൈലിൽ രണ്ടാമതെത്തി. ട്രിപ്ൾ ജംപിൽ എൻ.വി. ഷീനയും റോവിങ് കോക് ലെസ് ഫോർ ടീമുമാണ് മറ്റു സ്വർണനേട്ടക്കാർ. പുരുഷ ഹൈജംപിൽ ടി. ആരോമലും ജിംനാസ്റ്റിക്സിൽ ജെ.എസ്. ഹരികൃഷ്ണനും വെള്ളി സ്വന്തമാക്കി. ഫെൻസിങ്ങിൽ എം.എസ്. ഗ്രേഷ്മക്ക് വെങ്കലവും കിട്ടി. വനിത ബാസ്കറ്റ്ബാളിലും ടീം ബാഡ്മിന്റണിലും ഫൈനലിലെത്തിയ കേരളം മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, വനിതകളുടെ 4x400 റിലേ ടീമിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്.
നേട്ടമുണ്ടാക്കി തുഴച്ചിൽ പെൺകൊടികൾ
വനിതകളുടെ കോക് ലെസ് ഫോർസിൽ ഏഴ് മിനിറ്റ് 01.01 സെക്കൻഡിൽ വി.എസ്. മീനാക്ഷി, പി.ബി. അശ്വതി, കെ.ബി. വർഷ, റോസ് മരിയ ജോഷി എന്നിവരാണ് സ്വർണം സ്വന്തമാക്കിയത്. മീനാക്ഷിയും വർഷയും ആലപ്പുഴ കൈനകരി സ്വദേശികളാണ്. കണ്ണൂർ ഇരിട്ടിക്കാരിയാണ് അശ്വതി. കോട്ടയം പാലായാണ് റോസ് മരിയയുടെ നാട്. ഒഡിഷക്കാണ് വെള്ളി. വനിതകളുടെ കോക് ലെസ് പെയറിൽ ഒഡിഷക്കാണ് സ്വർണം. വെള്ളിയും നേടിയ കേരള ടീമിൽ എ. ആർച്ചയും അലീന ആന്റോയുമായിരുന്നു. കോക് ലെസ് എയ്റ്റിലും ക്വാർട്ടർ പുള്ളിലും തിങ്കളാഴ്ച കേരളത്തിന് മത്സരമുണ്ട്.
ആരോമലിന്റെ മുന്നിൽ ചാടി സർവിസസിന്റെ സർവേഷ്
ഹൈജംപിൽ നാല് പേരാണ് ദേശീയ ഗെയിംസ് റെക്കോഡ് മറികടന്നത്. 2015ൽ ജിതിൻ തോമസ് ചാടിയ 2.16 മീറ്ററായിരുന്നു നിലവിലെ റെക്കോഡ്. സർവിസസിന്റെ സർവേഷ് അനിൽ കുശാരെ 2.27 മീറ്ററുമായി തേജശ്വിൻ ശങ്കറിന്റെ പേരിലുള്ള ദേശീയ റെക്കോഡിന് (2.29) അരികിലാണ് പോരാട്ടം അവസാനിപ്പിച്ചത്. 2.19 മീറ്റർ ചാടി വെള്ളി നേടിയ കേരളത്തിന്റെ ടി. ആരോമൽ മൂന്നും നാലും സ്ഥാനക്കാരും ജിതിനെ പിന്നിലാക്കി.
ജിംനാസ്റ്റിക്സിൽ ഹരിശ്രീ
ഇത്തവണ ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ ആദ്യ മെഡലാണ് ജെ.എസ്. ഹരികൃഷ്ണൻ നേടിയത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ പോമ്മൽ ഹോഴ്സ് അപ്പാരറ്റസിലായിരുന്നു നേട്ടം. ആർ. രാജീവാണ് പരിശീലകൻ. ദേശീയ ഗെയിംസിൽ ആദ്യമായി വനിതകളുടെ വാൾട്ടിങ് ടേബ്ളിൽ കേരളം ഫൈനലിൽ പ്രവേശിച്ചു. മെഹറിൻ എസ്. സാജാണ് ഫൈനലിൽ കടന്നത്. ഒളിമ്പ്യന്മാരെ നേരിട്ട മെഹറിൻ ഏഴാം സ്ഥാനത്തെത്തി.
മൂന്നാം മെഡലിൽ ഫെൻസിങ്
ഫെൻസിങ്ങിൽ കഴിഞ്ഞ ദിവസം സ്വർണവും വെള്ളിയും നേടിയ കേരളത്തിന് ഇന്നലെ മൂന്നാമത്തെ മെഡലും ലഭിച്ചു. വുമൺ എപ്പേ വ്യക്തിഗത ഇനത്തിൽ എം.എസ്. ഗ്രേഷ്മ സെമി ഫൈനലിൽ പുറത്തായെങ്കിലും വെങ്കലം കിട്ടി. ഹരിയാനയുടെ കനിഷ്ക ഗട്ട് രിയോട് 6-15നാണ് ഗ്രേഷ്മ മുട്ടുമടക്കിയത്. നേരത്തേ മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-1 3ന് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.