ലഡുവും ചിത്രങ്ങളും ബാക്കി; കായിക താരങ്ങൾ പെരുവഴിയിൽ
text_fieldsതിരുവനന്തപുരം: നാടിന് അഭിമാനമായ കായികതാരങ്ങളുടെ ജീവിതം പൊതുഭരണ വകുപ്പും സ്പോർട്സ് കൗൺസിലും പന്താടുന്നു. ഭരണം അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ വിവിധ വകുപ്പുകളിലെ കരാർ നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ 35ാമത് ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് അവഗണന മാത്രം.
ഗെയിംസ് ഇനങ്ങളിൽ വെങ്കല മെഡൽ നേടിയ 83 കായികതാരങ്ങൾക്ക് വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്ന് മാത്രമല്ല 2015-19 വരെയുള്ള സ്പോർട്സ് േക്വാട്ട നിയമനങ്ങളും ചുവപ്പ് നാടയിൽ കുരുങ്ങി. 83 പേർക്ക് ജോലി നൽകാൻ ന്യൂമററി തസ്തിക സൃഷ്ടിച്ച് 2019 ആഗസ്റ്റ് 26നാണ് സർക്കാർ ഉത്തരവിറക്കിയത്.
ഉത്തരവ് വിശ്വസിച്ച് സെക്രേട്ടറിയറ്റിലെത്തിയ കായികതാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കായിക മന്ത്രി ഇ.പി. ജയരാജനെയും നേരില്‍കണ്ട് നന്ദി അറിയിച്ച് ലഡു വിതരണം ചെയ്തിരുന്നു.
പ്രഖ്യാപനവും മധുരം പങ്കിട്ട ആഹ്ലാദത്തിെൻറ ചിത്രങ്ങളും മുഖ്യമന്ത്രിയുടെയും കായിക മന്ത്രിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇപ്പോഴുമുണ്ട്. എന്നാൽ ഉത്തരവിറങ്ങി 15 മാസം പിന്നിട്ടിട്ടും നിയമനം നൽകാനുള്ള ഫയൽ പൊതുഭരണവകുപ്പും ധനവകുപ്പും തട്ടിക്കളിക്കുകയാണ്. ഇതോടെ സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് താരങ്ങളും.
സ്പോർട്സ് കൗൺസിലിെൻറ അനാസ്ഥമൂലം 2015 മുതലുള്ള സ്പോർട്സ് േക്വാട്ട നിയമനങ്ങളും പെരുവഴിയിലാണ്. അപേക്ഷ ക്ഷണിച്ചതല്ലാതെ സർട്ടിഫിക്കറ്റ് പരിശോധനപോലും പൂർത്തിയാക്കാൻ കൗൺസിലിന് കഴിഞ്ഞിട്ടില്ല. വർഷം 50 നിയമനം എന്ന തോതിൽ അഞ്ച് വർഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്.
വ്യക്തിഗത ഇനങ്ങളിൽ 25 പേർക്കും ടീമിനങ്ങളിൽ 25 പേർക്കുമാണ് ഒരോവർഷവും ജോലി നൽകേണ്ടത്. നിയമനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് 2018ൽ തന്നെ കായികവകുപ്പ് സ്പോർട്സ് കൗൺസിലിന് നിർദേശം നൽകിയിരുന്നെങ്കിലും പ്രസിഡൻറും അംഗങ്ങളും തമ്മിലുള്ള അധികാര വടംവലിമൂലം നടപടി വൈകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.