ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് മീറ്റ്: വനിത റിലേയിൽ കേരളത്തിന് സ്വർണം; അബ്ദുല്ല, എൽദോസ് ഏഷ്യൻ ഗെയിംസിന്
text_fieldsഭുവനേശ്വർ: ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക് മീറ്റ് മൂന്നാം നാൾ കേരളത്തിന് സമ്മിശ്ര ദിനം. സ്വർണം പ്രതീക്ഷിച്ച ചില ഇനങ്ങളിൽ താഴേക്ക് പോയെങ്കിലും ട്രിപ്ൾ ജംപിൽ രണ്ടു പേർക്ക് ഏഷ്യൻ ഗെയിംസ് യോഗ്യത ലഭിച്ചു. വനിത 4x100 മീ. റിലേയിൽ കേരളം ഒന്നാമതെത്തി. ട്രിപ്ൾ ജംപിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണ ജേതാവായ എൽദോസ് പോളിന് വെങ്കലമാണ് കിട്ടിയത്.
തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലിന് പിന്നിൽ രണ്ടാം സ്ഥാനം നേടി കേരളത്തിന്റെ തന്നെ അബ്ദുല്ല അബൂബക്കർ. പ്രവീണും അബ്ദുല്ലയും എൽദോസും ഏഷ്യൻ ഗെയിംസ് ടിക്കറ്റെടുത്തു. പുരുഷന്മാരുടെ 110 മീറ്റർ ഹർഡ്ൽസിൽ കേരളത്തിന്റെ സചിൻ ബിനു വെള്ളിയും ഡെക്കാത്ത്ലണിൽ എസ്. ഗോകുൽ വെങ്കലവും സ്വന്തമാക്കി.വനിത 4x100 മീ. റിലേയിൽ എ.എസ്. സാന്ദ്ര, പി.ഡി. അഞ്ജലി, എ. ആരതി, എ.പി. ഷിൽബി എന്നിവരടങ്ങിയ സംഘം 46.35 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്. 44.50 സെക്കൻഡായിരുന്നു ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക്. ട്രിപ്ൾ ജംപിൽ പ്രവീൺ 17.07, അബ്ദുല്ല 16.88, എൽദോസ് 16.75 മീറ്ററാണ് ചാടിയത്. 16.60 മീറ്ററായിരുന്നു ഏഷ്യാഡ് യോഗ്യത മാർക്ക്. 110 മീറ്റർ ഹർഡ്ൽസിൽ സചിൻ 13.99 സെക്കൻഡിലാണ് വെള്ളി നേടിയത്. മഹാരാഷ്ട്രയുടെ തേജസ് അശോക് ശിർസെക്കാണ് (13.87) സ്വർണം.
ഡെക്കാത്ത്ലണിൽ ഒന്നാം സ്ഥാനക്കാരനും അന്താരാഷ്ട്ര ഹൈജംപറുമായ തേജശ്വിൻ ശങ്കറിന് ഏഷ്യൻ ഗെയിംസ് യോഗ്യത ലഭിച്ചു. വനിത പോൾവാൾട്ടിൽ 4.10 മീറ്റർ ചാടി ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക് തൊട്ട തമിഴ്നാടിന്റെ പവിത്ര വെങ്കടേഷ് മീറ്റ് റെക്കോഡും കുറിച്ച് സ്വർണം നേടി. പുരുഷ ഹൈജംപിൽ രണ്ടു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് യോഗ്യത ലഭിച്ചു. സ്വർണ ജേതാവ് മഹാരാഷ്ട്രയുടെ സർവേഷ് അനിൽ കുശാരയും വെള്ളി നേടിയ കർണാടകയുടെ ജെസെ സന്ദേശും യോഗ്യത മാർക്കായ 2.24 മീറ്ററിലാണ് അവസാനിപ്പിച്ചത്. വനിത 100 മീറ്റർ ഹർഡ്ൽസ് മത്സരം 12.92 സെക്കൻഡിൽ പൂർത്തിയാക്കിയ ആന്ധ്രപ്രദേശിന്റെ ജ്യോതി യാരാജി ഏഷ്യൻ ഗെയിംസ് യോഗ്യതയും മീറ്റ് റെക്കോഡും സ്വർണവും കൈക്കലാക്കി. വെള്ളി നേടിയ തമിഴ്നാടിന്റെ ആർ. നിത്യയും (13.48) വെങ്കല ജേത്രി തെലങ്കാനയുടെ അഗാസര നന്ദിനിയും (13.55) യോഗ്യത മാർക്കായ 13.63 മറികടന്ന് ഏഷ്യാഡ് ടിക്കറ്റെടുത്തിട്ടുണ്ട്.
ഹെപ്റ്റാത്ത്ലണിൽ യഥാക്രമം സ്വർണവും വെള്ളിയും സ്വന്തമാക്കിയ മധ്യപ്രദേശിന്റെ സ്വപ്ന ബർമനും തെലങ്കാനയുടെ അഗാസര നന്ദിനിയും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.