ദേശീയ ഓപൺ മീറ്റ്: ട്രിപ്പ്ളിൽ മലയാളി ‘ഡബ്ൾ’
text_fieldsബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ട്രിപ്പ്ൾ ജംപിൽ പൊന്നും വെള്ളിയുമണിഞ്ഞ് മലയാളി താരങ്ങൾ. സർവിസസിനായി തിരുവനന്തപുരം സ്വദേശി എ.ബി. അരുണും പാലക്കാട് പറളി സ്വദേശി കാർത്തിക് ഉണ്ണികൃഷ്ണനുമാണ് നേട്ടംകൊയ്തത്. 16.46 മീറ്റർ ചാടി കരിയർ ബെസ്റ്റ് കുറിച്ചാണ് അരുൺ സ്വർണമണിഞ്ഞത്.
കൊച്ചി സതേൺ നേവൽ കമാൻഡിലുള്ള 23കാരനായ അരുൺ കഴിഞ്ഞ ആറുമാസമായി എച്ച്. ശങ്കറിന് കീഴിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. കഴിഞ്ഞ വർഷം ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിന് സർവിസസിൽനിന്ന് എൻട്രി ലഭിക്കാത്തതിനാൽ കേരളത്തിനായി ഇറങ്ങിയിരുന്നു. അരുൺ നേടിയ വെള്ളിമെഡലോടെയായിരുന്നു കേരളം അക്കൗണ്ട് തുറന്നത്. വരുന്ന ദേശീയ ഗെയിംസിൽ അരുൺ സർവിസസിനായി ഇറങ്ങുമെന്ന് പരിശീലകൻ പറഞ്ഞു.
ബംഗളൂരു ജാലഹള്ളി എയർഫോഴ്സിൽ സേവനമനുഷ്ഠിക്കുന്ന 31കാരനായ കാർത്തിക് ഉണ്ണികൃഷ്ണൻ 16.15 മീറ്റർ ചാടിയാണ് വെള്ളി നേടിയത്. 2022ൽ ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 17.10 മീറ്റർ കടന്നതാണ് കാർത്തികിന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. 2019 മുതൽ എയർഫോഴ്സിലെ മലയാളി കോച്ച് ഹരികൃഷ്ണന് കീഴിൽ പരിശീലിക്കുന്ന കാർത്തിക് 10 മാസമായി റഷ്യൻ കോച്ചായ ഡെന്നിസ് കപ്പൂസ്റ്റിന് കീഴിലാണുള്ളത്.
ശ്രീകണ്ഠീരവ സറ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ തമിഴ്നാടിന്റെ മുഹമ്മദ് സലാഹുദ്ദീനാണ് ട്രിപ്പിളിൽ വെങ്കലം. കേരളത്തിന്റെ ആകാശ് വർഗീസ് ഏഴാമതായി. സർവിസസിന്റെ മലയാളി താരങ്ങളായ എൽദോസ് പോളും അബദുല്ല അബൂബക്കറും മീറ്റിനെത്തിയിരുന്നില്ല. എൽദോസ് പരിക്കുമൂലവും അബ്ദുല്ല എഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള വിശ്രമത്തിനായും വിട്ടുനിന്നു.
പുരുഷന്മാരുടെ 200 മീറ്ററിൽ മീറ്റ് റെക്കോഡ് തിരുത്തിയ പ്രകടനത്തോടെ ഒഡിഷയുടെ അമിനേഷ് കുജൂർ സ്വർണം നേടി. 2021ൽ അംലാൻ ബൊർഗെയ്ൻ തീർത്ത 20.75 സെക്കൻഡ് എന്ന റെക്കോഡാണ് 20.74 ആയി അമിനേഷ് തിരുത്തിയത്. ഈയിനത്തിൽ വനിത വിഭാഗത്തിൽ പഞ്ചാബിന്റെ കമൽജീത് കൗർ സ്വർണം നേടി. മീറ്റിന് ഞായറാഴ്ച സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.