മേഘവേഗം കേരളം
text_fieldsഭോപാൽ: 66ാമത് ദേശീയ സ്കൂൾ ഗെയിംസിന്റെ ഭാഗമായ അത് ലറ്റിക്സ് മത്സരങ്ങളുടെ രണ്ടാം ദിനം നേട്ടമുണ്ടാക്കി കേരളം. ഒന്നാം നാൾ ഒരു മെഡൽപോലുമില്ലാതിരുന്ന കേരളത്തിന് ബുധനാഴ്ച മൂന്ന് വീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും ലഭിച്ചു. 42 പോയന്റുമായി ഒന്നാം സ്ഥാനത്താണിപ്പോൾ.
ബംഗാളിനും 42 പോയന്റുള്ളത് കേരളത്തിന് ശക്തമായ വെല്ലുവിളിയാണ്. ഹരിയാനയും (39) മഹാരാഷ്ട്രയുമാണ് (35) തുടർന്നുള്ള സ്ഥാനങ്ങളിൽ. പെൺകുട്ടികളുടെ 100 മീറ്ററിൽ എസ്. മേഘ, ആൺ 400 മീറ്ററിൽ പി. അഭിരാം, ആൺ 4x100 മീ. റിലേ ടീം എന്നിവരാണ് കേരളത്തിനായി സ്വർണ മെഡലുകൾ ഓടിയെടുത്തത്.
ആൺ ട്രിപ്ൾ ജംപിൽ മുഹമ്മദ് മുഹസ്സിനും പെൺ 400 മീറ്ററിൽ സാന്ദ്രമോൾ സാബുവിനും പെൺ 4x100 മീ. റിലേ ടീമിനും വെള്ളി ലഭിച്ചു. പെൺ പോൾവാൾട്ടിൽ എസ്. ആരതിയിലൂടെയാണ് ഇന്നലത്തെ ഏക മൂന്നാം സ്ഥാനം. അണ്ടർ 19 (സീനിയർ) വിഭാഗത്തിൽ മാത്രമാണ് ഇത്തവണ മത്സരങ്ങൾ.
സുവർണാഭിരാം
100 മീറ്റർ ഓട്ടം 12.22 സെക്കൻഡിൽ പൂർത്തിയാക്കിയാണ് പാലക്കാട് പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ മേഘ മീറ്റിലെ വേഗമേറിയ പെൺകുട്ടിയായത്. ഡൽഹിയുടെ ഋതു ബൻഗാരി (12.50) വെള്ളിയും ഗുജറാത്തിന്റെ വജ കാജൽ (12.56) വെങ്കലവും നേടി. കേരളത്തിന്റെ വി. നേഹയും ഫൈനലിലുണ്ടായിരുന്നെങ്കിലും ഏഴാമതായി. മഹാരാഷ്ട്രയുടെ റാവുത്ത് ഹാർഷാണ് (10.85) ആൺകുട്ടികളിൽ ഫാസ്റ്റസ്റ്റ്.
കേരള താരം സി.വി. അനുരാഗ് ആറാമതായി. ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ 49.03 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അഭിരാം ഒന്നാമനായത്. പാലക്കാട് മാത്തൂർ സി.എഫ്.ഡി വി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ്. ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ 42.45 സെക്കൻഡിൽ ഓടിയെത്തിയാണ് കേരളത്തിന്റെ സ്വർണനേട്ടം. രാജസ്ഥാന് വെള്ളിയും ബംഗാളിന് വെങ്കലവും ലഭിച്ചു. പെൺകുട്ടികളിൽ ബംഗാളിന് (49.51) പിറകിൽ രണ്ടാമതെത്തി കേരളം (49.68).
ടൈബ്രേക്കറിൽ നഷ്ടം
ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ ടൈ ബ്രേക്കറിലാണ് മുഹമ്മദ് മുഹസ്സിന് (14.49 മീ.) സ്വർണം നഷ്ടപ്പെട്ടത്. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് വിദ്യാർഥിയായ മുഹസ്സിൻ രണ്ടാമനായപ്പോൾ ഇതേ ദൂരം ചാടിയ ബംഗാളിന്റെ അരിത്ര സർദാർ സ്വർണം നേടി. ഈ ഇനത്തിൽ മത്സരിച്ച കേരള താരം സി.പി. അഭിജിത് ആറാമനായി. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടം 57.83 സെക്കൻഡിൽ പൂർത്തിയാക്കി കോട്ടയം പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസിലെ സാന്ദ്ര മോൾ വെള്ളി സ്വന്തമാക്കിയപ്പോൾ മഹാരാഷ്ട്രയുടെ ശ്രാവണി സാംഗ്ലേക്ക് (56.79) സ്വർണം ലഭിച്ചു.
കേരളത്തിന്റെ സി.എസ്. കൃഷ്ണപ്രിയ ഏഴാമതായി. ഡിസ്കസ് ത്രോയിലും ഷോട്ട്പുട്ടിലും കേരള താരങ്ങൾ ഇറങ്ങിയെങ്കിലും ആദ്യ പത്തിൽപോലും എത്തിയില്ല. പെൺ പോൾവാൾട്ടിൽ മധ്യപ്രദേശുകാരായ നിതിക അകാരെക്കും (3.60 മീ.) ഭവ്യ ശർമക്കും (3.40) പിറകിൽ മൂന്നാമതെത്തി എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ആരതി (2.60). രണ്ടാം ദിനം 13 ഫൈനലുകൾ നടന്നു. മൂന്നാം നാൾ 12 ഇനങ്ങളിലെകൂടി മെഡൽ ജേതാക്കളെ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.