പ്രതാപം നഷ്ടപ്പെട്ട് നാഗമ്പടം നെഹ്റു സ്റ്റേഡിയം; ആളും ആരവവും ഒഴിഞ്ഞ് കളിക്കളം
text_fieldsട്രാക്കിന് ചുറ്റും മുട്ടോളം വളർന്ന പുല്ലും ചെടികളും പൊട്ടിത്തകർന്ന ഗാലറി, മഴ പെയ്താൽ മിനിഡാം... കോടികൾ മുടക്കി രാജ്യാന്തര നിലവാരത്തിൽ നിർമിച്ച നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ നിലവിലെ അവസ്ഥയാണിത്. സമൂഹമാധ്യമങ്ങളിൽ ആകാശപ്പാതക്ക് ശേഷം ട്രോളന്മാർ ഏറ്റെടുക്കുന്ന മറ്റൊരു വിഷയമാണ് നാഗമ്പടം സ്റ്റേഡിയത്തിന്റെ ദുരവസ്ഥ. ഒരു സ്റ്റേഡിയം എങ്ങനെയാകരുത് എന്നതിന്റെ ഉദാഹരണമായി സ്റ്റേഡിയത്തെ ചൂണ്ടിക്കാട്ടാം.
പ്രഭാത വ്യായാമങ്ങൾക്കും വിവിധ കായികമത്സരങ്ങളുടെ പരിശീലനത്തിനുമായി കുട്ടികളും മുതിർന്നവരും ആശ്രയിക്കുന്ന സ്റ്റേഡിയമാണ് അധികൃതരുടെ അനാസ്ഥയിൽ നാശോന്മുഖമാകുന്നത്. ട്രെയിൻ, ബസ് യാത്രാസൗകര്യം ഇത്രയുമുള്ള സ്റ്റേഡിയം അപൂർവമാണ്. കേരളത്തിലെ പ്രധാന പാതയായ എം.സി റോഡ്, കോട്ടയം റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപമാണ് സ്റ്റേഡിയം. സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിൽ തിളങ്ങിയ പലതാരങ്ങളും പന്തുരുട്ടി ബാലപാഠം കുറിച്ചത് ഈ സ്റ്റേഡിയത്തിൽ നിന്നുമാണെന്നത് പ്രതാപകാലത്തിന്റെ ഓർമകളാണ്.
ഒരുകാലത്ത് കായികമേളകൾക്ക് തുടർച്ചയായി വേദിയായിരുന്ന സ്റ്റേഡിയത്തിൽ വ്യായാമത്തിനുപോലും ആളുകൾക്ക് എത്താൻ സാധിക്കുന്നില്ല. സ്റ്റേഡിയത്തിലെ ട്രാക്കിൽ വളർന്ന പുല്ല് വെട്ടിമാറ്റുകയോ സമീപത്തെ ഓട ശുചീകരിക്കുകയോ ചെയ്യുന്നില്ല. സാമൂഹികവിരുദ്ധരുടെ കേന്ദ്രമായിട്ടും ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല.
ഒമ്പത് ഏക്കർ സ്റ്റേഡിയത്തിൽ ആറര എക്കറോളമാണ് സ്റ്റേഡിയത്തിന്റെ ഉൾവശം. മഴപെയ്താൽ വെള്ളക്കെട്ടാവുന്നത് ഈ ഭാഗമാണ്. മീനച്ചിലാറിലെ ജലനിരപ്പിൽനിന്ന് മൂന്നടി താഴ്ചയിലാണ് സ്റ്റേഡിയം. അതിനാൽ വെള്ളം ഒഴുകിപ്പോകാൻ താമസം നേരിടുന്നുണ്ട്. അടുത്തിടെയുണ്ടായ കനത്തമഴയെ തുടർന്ന് ഇക്കൊല്ലവും മുടങ്ങാതെ സ്റ്റേഡിയം ജലസംഭരണിയായി. സ്റ്റേഡിയം ജലാശയമായതോടെ ചൂണ്ടയിടാൻപോലും അനേകം പേർ ഇവിടെ എത്തിയിരുന്നു. സ്റ്റേഡിയത്തിലുണ്ടായ വെള്ളക്കെട്ടിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വിവിധ ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
ഗാലറിയുടെ സ്ലാബുകൾ മിക്കതും തകർന്ന നിലയിലാണ്. ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ് കോൺക്രീറ്റ് ഭാഗങ്ങൾ. സ്റ്റേഡിയത്തിന്റെ മുന്നിലെ ക്രിക്കറ്റ് പ്രാക്ടീസ് നെറ്റിന്റെയും അവസ്ഥ പരിതാപകരമാണ്. വള്ളിപ്പടർപ്പുകൾ മൂടി നെറ്റുകൾ കീറിപ്പറിഞ്ഞാണ് കിടക്കുന്നത്. ഒരു ഫുട്ബാൾ സ്റ്റേഡിയം, 400 മീറ്റർ ട്രാക്ക്, ഗാലറി, ക്രിക്കറ്റ് നെറ്റ്സ്, ബാസ്കറ്റ് ബാൾ സ്റ്റേഡിയം എന്നിവയാണ് നഗരസഭയുടെ അനാസ്ഥമൂലം നശിക്കുന്നത്. സ്റ്റേഡിയത്തിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളും പ്രവർത്തനരഹിതമാണ്.
കേന്ദ്രസർക്കാറിന്റെ സഹായത്തോടെ 110 കോടിയുടെ വികസനപദ്ധതികളാണ് നഗരസഭ കാലങ്ങളായി സ്വപ്നം കാണുന്നത്. നാഗമ്പടം നെഹ്റു സ്റ്റേഡിയം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം മാതൃകയിൽ നവീകരിക്കും എന്നായിരുന്നു സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, പ്രഖ്യാപനമല്ലാതെ മറ്റൊന്നും നടന്നില്ല. നഗരത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് നാഗമ്പടം സ്റ്റേഡിയം. പരിപാലനത്തിന്റെ ഭാഗമായി ട്രാക്കിലെ കാടുവെട്ടിത്തളിക്കുന്ന ജോലികൾ ഇടക്കിടെ നടത്തുന്നുണ്ടെങ്കിലും സ്റ്റേഡിയത്തെ പൂർണമായി പരിപാലിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് നഗരഹൃദയത്തിലെ നെഹ്റു സ്റ്റേഡിയത്തിന്റെ പരിതാപ അവസ്ഥ. നിരവധി ഫണ്ടുകൾ ഉപയോഗിച്ച് സ്റ്റേഡിയം നവീകരിക്കാം എന്നിരിക്കെ നഗരസഭ ഒന്നിനും മുൻകൈ എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
നാഗമ്പടം സ്റ്റേഡിയത്തിന്റെ ഗാലറിക്ക് താഴെയുള്ള കടമുറികൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ് കെട്ടിടങ്ങൾ. പുതുക്കിപ്പണിയുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് അത് നിലച്ചു. കടമുറികളുടെ ശോച്യാവസ്ഥയെ സംബന്ധിച്ച് ഉടമകൾ നഗരസഭ അധികൃതർക്ക് പരാതിനൽകിയെങ്കിലും അനുകൂല നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത്തവണയും കനത്തമഴയിൽ സ്റ്റേഡിയത്തിൽ വെള്ളം നിറഞ്ഞതോടെ കടകളിലും നാശം സംഭവിച്ചിരുന്നു.
വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളില്ലാത്തതിനാൽ സ്റ്റേഡിയത്തിന്റെ സമീപമുള്ള ഓടകൾ പൊട്ടി ഒലിച്ചിറങ്ങുന്ന വെള്ളവും കടകളിലേക്ക് കയറിയിരുന്നു. വാടക നൽകാൻ ഒരു ഗഡു മുടക്കം വന്നാൽ കടപൂട്ടാൻ ധിറുതികാണിക്കുന്ന അധികാരികൾക്ക് കടമുറികളുടെ പുനർനിർമാണമെന്ന ആവശ്യവുമായെത്തുന്ന ഉടമകളോട് ‘നടത്തി തരാം’ എന്ന നയമാണെന്ന് വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.