നിഹാലിന്‍റെ ഒളിമ്പ്യാഡോണം
text_fieldsതൃശൂർ: കമ്പ്യൂട്ടർ ചെസ്ബോർഡിലെ കരുക്കളുടെ ഉത്രാടപ്പാച്ചിലിൽ നേടിയ ലോകവിജയത്തിെൻറ ആഹ്ലാദത്തിരയിലായിരുന്നു കൗമാരതാരം നിഹാൽ സരിെൻറ തൃശൂരിലെ പൂത്തോളിലെ വീട്. ഞായറാഴ്ചയായിരുന്നു ലോകത്തെമ്പാടുമുള്ള ചെസ് പ്രേമികൾ കാത്തിരുന്ന ഒളിമ്പ്യാഡിൽ ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കളായത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാക്കിയ സുപ്രധാന മത്സരത്തിെൻറ കലാശപ്പോരാട്ടത്തിൽ സർവർ തകരാർ വില്ലനായതോടെ കിരീടം പങ്കിട്ടെടുക്കുകയായിരുന്നു.
''15 മിനിറ്റ്, അഞ്ച് സെക്കൻഡാണ് കളി. ആദ്യറൗണ്ട് 3-3ൽ അവസാനിച്ചശേഷം രണ്ടാം റൗണ്ട് നിർണായകമായിരുന്നു. വൈകീട്ട് അഞ്ചരയോടെ എെൻറ മുറിയിൽ കയറി കളി തുടങ്ങി. രണ്ടാംറൗണ്ടിൽ പ്രഗ്നാനന്ദയെ മാറ്റി ഞാനായിരുന്നു ആന്ദ്രേ എസിപെൻകോവുമായി ഏറ്റുമുട്ടിയത്. സമനിലക്കുള്ള സാധ്യത കണ്ടിരുന്നു.
കളി അവസാനിക്കാൻ 27 സെക്കൻഡ് ബാക്കിയുള്ളപ്പോഴാണ് സർവർ തകരാർ വന്നത്. എെൻറ കളികൾ െറക്കോഡ് ആവുന്നില്ല. എന്തുചെയ്യാം. ഒടുവിൽ സമയം തീർന്നു. ഈ സമയം പലരും ലോഗ്ഔട്ട് ആയിപ്പോയി. നാഗ്പുരിലിരുന്ന് ദിവ്യ ദേശ്മുഖിനും ഇതേ അനുഭവമുണ്ടായി. വിജയിക്കുന്ന ഘട്ടത്തിലായിരുന്നു ദിവ്യക്കും ഈ അനുഭവമുണ്ടായത്'' - നിഹാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
ആദ്യം റഷ്യയെ വിജയികളായി പ്രഖ്യാപിച്ചു. ഇന്ത്യ അപ്പീൽ നൽകി. ഒരു മണിക്കൂർ നീണ്ട ചർച്ചകൾക്കും വിലയിരുത്തലിനുമൊടുവിലായിരുന്നു 'ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കളെന്ന' ഫിഡേയുടെ ഔദ്യോഗിക തീരുമാനമെത്തുന്നത്. ''വിജയപ്രഖ്യാപനത്തിൽ നിഹാൽ വളരെ സന്തുഷ്ടനായിരുന്നു. 10 ദിവസമായി ഏറെ പ്രയത്നത്തിലായിരുന്നു അവൻ'' -നിഹാലിെൻറ പിതാവ് സരിൻ പറഞ്ഞു.
ഒളിമ്പ്യാഡിെൻറ ഇന്ത്യൻ സംഘത്തിൽ നിഹാലിെൻറ പങ്ക് നിർണായകമായിരുന്നു. കളിച്ച ഏഴു കളികളിൽ ഒന്നിലും പരാജയപ്പെട്ടില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുമൊക്കെ ഇന്ത്യൻ ടീമിനെ ട്വിറ്ററിൽ അഭിനന്ദിച്ചിരുന്നു. തിരുവോണം പിതാവ് സരിനും മാതാവ് ഡോ. ഷിജിനും സഹോദരി നേഹക്കുമൊപ്പം വീട്ടിൽ വീട്ടിൽതന്നെ ആഘോഷിച്ചു. വ്യാഴാഴ്ച ആരംഭിക്കുന്ന 'ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻഷിപ്' നുള്ള ഒരുക്കത്തിലാണ് നിഹാൽ.
ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ ആറാംവയസ്സിലാണ് കേരള അണ്ടർ സെവൻ ചാമ്പ്യൻഷിപ് നേടിയതും അന്താരാഷ്ട്ര ഫിഡേ റേറ്റിങ് താരമായതും. ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തിയ മൂന്നാമത്തെ മലയാളി. വേൾഡ് യൂത്ത് ചെസ്, വേൾഡ് യൂത്ത് ബ്ലിറ്റ്സ്, ഏഷ്യൻ ബ്ലിറ്റ്സ്-റാപിഡ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി കിരീടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.